തിരുവനന്തപുരം: സൈബർ ആക്രമണം തടയാൻ കോൺഗ്രസിനുമുണ്ട് ഇത്തവണ സംവിധാനം. കേരളത്തിലെ കോൺഗ്രസ് പരാജയപ്പെട്ടിടത്ത് പ്രവർത്തകരുടെ കൂട്ടായ്മ നേടുന്ന വിജയമാണ് ഇത്. ആഴക്കടലിലെ അഴിമതിയിലും മറ്റും സൈബർ സഖാക്കളുടെ പ്രചരണത്തെ മറികടക്കാൻ കോൺഗ്രസിന് സഹായകമായത് ഈ കൂട്ടായ്മയുടെ ഇടപെടലാണ്. സിപിഎമ്മിനും ബിജെപിക്കും മേൽകൈയുള്ള സൈബർ രാഷ്ട്രീയ പോർമുഖത്ത് പതിനഞ്ച് പേരുടെ 'ഒറ്റയാൻ' പോരാട്ടം. അതാണ് കോൺഗ്രസ് സൈബർ ടീം . അതിവിപുലമായ സൈബർ ഇടത്തിലെ കോൺഗ്രസിന്റെ അനൗദ്യോഗിക ജിഹ്വയാകുകയാണ് ഗ്രൂപ്പില്ലാത്ത ഈ പ്രവർത്തകരുടെ കൂട്ടായ്മ..

താഴേ തട്ടിൽ പാർട്ടി സംവിധാനവും പോഷക സംഘടനകളും പാർട്ടി ഓഫീസുകളും അസംഖ്യം കമ്മിറ്റികളും ലക്ഷക്കണക്കിന് പ്രവർത്തകരും ഉണ്ടെങ്കിലും കോൺഗ്രസിന്റെ മാധ്യമ വിഭാഗം അന്നും ഇന്നും പഴി കേൾക്കുകയാണ്. തെരഞ്ഞെടപ്പാകുമ്പോൾ തട്ടികൂട്ടുന്ന സൈബർ ഗ്രൂപ്പുകൾ ഒട്ടും ഫലം ഉണ്ടാക്കുന്നില്ലെന്ന് മാത്രമല്ല അകാല ചരമം അടയുകയുമാണ് പതിവ്. പാർട്ടി ചാനലിന്റെയും പത്രത്തിന്റേയും സ്ഥിതി മറ്റൊന്നല്ല.

സൈബർ ഇടത്തിലെ പ്രചാരണത്തിന്റെ പ്രാധാന്യം ഇന്നും കെപിസിസി നേതൃത്വത്തിന് മനസിലാകുന്നില്ലെന്നതാണ് സത്യം. ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റിക്കും കാൽ നൂറ്റാണ്ടായി ഭരണമില്ലാത്ത ഗുജറാത്ത് പിസിസിക്ക് പോലും ശക്തമായ മാധ്യമ വിഭാഗം ഉള്ളപ്പോഴാണ് കേരളത്തിലെ കോൺഗ്രസുകാർ ഇവിടെ നോക്കുകുത്തികളാകുന്നത്. മുഖ്യഎതിരാളികളായ സിപിഎമ്മും ബിജെപിയും ഈ മേഖല പ്രൊഫഷണൽ സംവിധാനത്തിലൂടെ ഫലപ്രദമായി ഉപയോഗിക്കുമ്പോഴാണ് സൈബർ ഇടത്തിൽ കോൺഗ്രസുകാർ മേടിച്ചു കൂട്ടുന്നത്. എന്നാൽ ഇന്ന് ഇത് പഴങ്കഥയാക്കുകയാണ് കോൺഗ്രസ് സൈബർ ടീം.

കെപിസിസിയുടെ ലേബലില്ലാതെ കട്ട പാർട്ടിക്കാരായ പതിനഞ്ച് പേർ ചേർന്ന് ഉണ്ടാക്കിയ സൈബർ പട. നാല് വർഷം മുൻപ് കുവൈത്ത് പ്രവാസിയായ ടോണി മല്ലപ്പള്ളി തുടങ്ങി വെച്ച സംരംഭം. കേരളത്തിലെയും ഗൾഫിലേയും മറ്റ് വിദേശ രാജ്യങ്ങളിലേയും കോൺഗ്രസുകാരായ പതിനഞ്ച് സുഹൃത്തുകളെയും കൂടെ കൂട്ടി. ഇന്ന് ഇവർക്ക് മുഴവൻ സമയം സജീവമായ രണ്ട് ഫേസ് ബുക്ക് പേജ്,, പതിനേഴ് മറ്റ് പേജുകൾ, നൂറ്റി ഇരുപത്തി അഞ്ച് വാട്‌സ് ആപ് കൂട്ടായ്മകൾ,, ഒരു ഇൻസ്റ്റാഗ്രാം പേജ്,, ഒരോ ടെലഗ്രാം പേജും യൂട്യൂബ് ചാനലും. എല്ലാത്തിലും കൂടിയുള്ള പാർട്ടി പ്രചരണം പ്രത്യക്ഷത്തിൽ പത്ത് ലക്ഷം പേരിലേക്ക് നേരിട്ട് എത്തുമെന്ന് കോൺഗ്രസ് സൈബർ ടീം പറയുന്നു. കെപിസിസിയുടെ ഔദ്യോഗിക ഗ്രൂപ്പുകൾത്ത് പോലും എത്തിപ്പിടിക്കാനാകാത്ത നേട്ടം.

ടോണിക്കൊപ്പം അനൂപ് മേലേതിൽ, മനു പവിത്രൻ,, ജിഷ , ചെൽസൺ, ഡോൺ, റാഫി എന്നിവരാണ് സംഘത്തിന് ചുക്കാൻ പിടിക്കുന്നത്. സൈബർ ടീമിൽ എട്ട് വനിതകൾ ഉണ്ട്. എഴുപത്കാരൻ മുതൽ കെഎസ് യുക്കാർ വരെയുള്ള ടീം ലൈനപ്പ്. ഒപ്പം കേരളത്തിൽ അടുത്തിടെ രൂപീകരിച്ച പാർട്ടി ബുദ്ധി ജീവി വാട്‌സ് അപ്പ് കൂട്ടായ്മയുടെ ആശയപരമായ പിന്തുണയും. എല്ലാവരും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ. തിരക്കുള്ള ഇവരുടെ ജോലി ഷെഡ്യൂൾ കഴിഞ്ഞാണ് പാർട്ടി പ്രവർത്തനം. ഫേസ് ബുക്ക് പേജ് നോക്കാനും ട്രോൾ കാർഡുകളും മറ്റ് പോസ്റ്ററുകളും ഉണ്ടാക്കാൻ ഒരു വിഭാഗം. പോസ്റ്റിടാൻ മറ്റൊരു വിഭാഗം. വാട്‌സ് ആപ് ചുമതല മറ്റുള്ളവർക്ക്.

സിപിഎം പോരാളി ഷാജിയെ സൃഷ്ടിച്ച് പാർട്ടിയെ വെല്ലുവിളിച്ചപ്പോൾ ഇവരും വിട്ടു കൊടുത്തില്ല, പോരാളി വാസുവിനെ ഇറക്കി തിരിച്ചടി തുടങ്ങി. ഇന്ന് പല്ലിന് പല്ലും കണ്ണിന് കണ്ണുമായി ഷാജിക്ക് വെല്ലുവിളിയായി വാസു കളത്തിലുണ്ട്. എല്ലാ മാസവും ഫേസ് ബുക്ക് ലൈവുകൾ ജയ് ഹിന്ദ് ടിവിയുമായി സഹകരിച്ച് പാർട്ടി പരിപാടികളുടെ ഫേസ് ബുക്ക് ലൈവ് ,, പാർട്ടി അനുകൂല വാർത്താ ക്ലിപ്പുകളുടെ പ്രചരണം ... എല്ലാം ഒരു പ്രൊഫഷണൽ സെറ്റപ്പിലാണ് പോകുന്നത്. നിശ്ചിത ഇടവേളകളിൽ സൂമിൽ അംഗങ്ങൾ യോഗം ചേരും . ഭാവി പരിപാടികളും കാംപയിൻ ആശയങ്ങളും ചർച്ച ചെയ്ത് രൂപരേഖ തയ്യാറാക്കും.

ചില ഉന്നത നേതാക്കളുടെ പിന്തുണയും സംഘത്തിനുണ്ട്. എല്ലാം സൈബർ ഗ്രൂപ്പുകൾക്കും ഉള്ളപോലെ അപകീർത്തി കേസുകളും കുറവല്ല. എല്ലാ എതിർപ്പുകൾക്കിടയിലും കോൺഗ്രസ് സൈബർ ടീം തിരക്കിലാണ്. അടുത്ത വരുന്ന തെരഞ്ഞെടുപ്പിന് പ്രചരണ രംഗത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ് ഇവർ.