പത്തനംതിട്ട: മകളെ പീഡിപ്പിച്ചെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തി മൊഴി കൊടുത്ത മാതാവ് വിചാരണാ വേളയിൽ കൂറുമാറി പ്രതിഭാഗത്ത് ചേർന്നു. മകൾക്ക് മാനസികരോഗമാണെന്ന് മൊഴി നൽകി. രണ്ടാനച്ഛനും രണ്ടു ഡോക്ടർമാരും ഇരയെ സംരക്ഷിച്ച ബാലികാസദനത്തിന്റെ സെക്രട്ടറിയും പ്രതിക്ക് വേണ്ടി കോടതിയിൽ ഹാജരായി.

എന്നാൽ, ഇരയുടെ മാതാവിന്റെയും രണ്ടാനച്ഛന്റെയും ഭൂതകാലം ചികഞ്ഞ് രേഖകൾ സമർപ്പിച്ച പ്രോസിക്യൂഷൻ അന്തിമ വിജയം നേടി. പ്രതിക്ക് മൂന്നുവർഷം കഠിനതടവും കുളനട ഉള്ളന്നൂർ പള്ളി വടക്കേതിൽ മത്തായി ഉണ്ണൂണ്ണിയുടെമകൻ ബാബു മാത്യു (65)വിനെയാണ് പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എൻ ഹരികുമാർ മൂന്നുവർഷം കഠിനതടവിനും അയ്യായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം രണ്ടുമാസത്തെ കഠിനതടവും അനുഭവിക്കണം. പിഴയായി ഈടാക്കുന്ന തുക ഇരയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.

പന്തളം എൻഎസ്എസ് സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിച്ചിരുന്ന പതിമൂന്നുകാരിയെയാണ് പ്രതി പീഡിപ്പിച്ചത്. 2014 ലാണ് കേസിന് ആസ്പദമായ സംഭവം. സ്‌കൂൾ വിട്ട് വീട്ടിലേക്ക് തിരികെ പോകുന്ന സമയം വിദ്യാർത്ഥിനിയെ പൊതുസ്ഥലത്തും സമീപത്തെ ഫ്രൂട്ട്സ് കടയിലും വച്ച് ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പന്തളം എസ്.ഐ ശശികുമാർ രജിസ്റ്റർ ചെയ്ത കേസ്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അന്ന്, മാതാവ് കുട്ടിയേയും കൂട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുകയായിരുന്നു. പിതാവ് മരിച്ചു പോയ പെൺകുട്ടിയും സഹോദരിമാരും അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് താമസിച്ചിരുന്നത്.

സ്‌കൂൾ വിട്ടുവരുന്ന സമയത്ത് തിരികെ പോകാൻ ബസു കൂലിക്ക് പണം ഇല്ലാതിരുന്ന പെൺകുട്ടി, വഴിയിൽ വച്ച് കണ്ട ബാബുവിനോട് പത്തു രൂപ ചോദിച്ചിരുന്നു. തരാമെന്ന് പറഞ്ഞ് സ്നേഹം നടിച്ച് കുട്ടിയെ സമീപത്തെ ഫ്രൂട്ട്സ് കടയിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് അവിടെ വച്ച് സ്വകാര്യഭാഗങ്ങളിൽ പിടിക്കുകയായിരുന്നു. ഫ്രൂട്ട്സ് കട ഉടമയും ഭാര്യയും പ്രതിയുടെയും കുട്ടിയുടെയും സാന്നിധ്യം കോടതിയിൽ സ്ഥിരീകരിച്ചു. പെൺകുട്ടിയെ തിരിച്ചറിയുകയും ചെയ്തു. ജീവിക്കാനുള്ള പ്രയാസം കാരണം തന്റെ പെൺമക്കളെ മാതാവ് നേരത്തേ തന്നെ അനാഥാലയത്തിലാക്കിയിരുന്നു.

വിചാരണ സമയത്ത് പെൺകുട്ടിയുടെ മാതാവും രണ്ടാനച്ഛനും കൂറുമാറി. മകൾക്ക് മാനസിക രോഗമാണെന്നും ചികിത്സയിലായിരുന്നുവെന്നും മാതാവ് പ്രതിഭാഗം സാക്ഷിയായി കോടതി മുമ്പാകെ മൊഴി നൽകി. ഇര ഒരു പ്രത്യേക സ്വഭാവക്കാരിയാണെന്ന് സ്ഥാപിക്കുന്നതിനായി കുട്ടി താമസിച്ചിരുന്ന ബാലികാസദനത്തിലെ സെക്രട്ടറിയും പ്രതിഭാഗം സാക്ഷിയാക്കി വിസ്്തരിച്ചിരുന്നു. പെൺകുട്ടിയെ മാനസികം രോഗത്തിന് ചികിൽസിച്ചവർ എന്ന് അവകാശപ്പെട്ട് രണ്ട് ഡോക്ടർമാരും മൊഴി നൽകാനെത്തിയിരുന്നു. മാതാപിതാക്കളുടെ സ്നേഹവാൽസല്യത്തിൽ ജീവിക്കുന്നതിന് അവസരം കിട്ടാത്ത ഇത്തരം കുട്ടികളാണ് പീഡനത്തിന് കൂടുതലും ഇരയാകുന്നതെന്നും അവരുടെ സ്വഭാവത്തിൽ വ്യത്യാസം വരാമെന്നും പ്രതിഭാഗം ഡോക്ടർമാർ മൊഴി നൽകി.

എന്നാൽ അമ്മയും രണ്ടാനച്ഛനും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും മറ്റും നൂറനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളാണെന്നും റിമാൻഡിൽ ജയിലിൽ കഴിഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു. പന്തളം എസ്.ഐയായിരുന്ന അയൂബ്ഖാൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികളായി ഒമ്പതു പേരെയും പ്രതിഭാഗം സാക്ഷികളായി മൂന്നുപേരെയും വിസ്തരിച്ചു.

ഇരയായ സ്വന്തം മകൾക്കെതിരേ മൊഴി നൽകിയ മാതാവിന്റേത് ഹീനപ്രവർത്തിയാണെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ഹൻസലാഹ് മുഹമ്മദ് ഹാജരായി.