തൊടുപുഴ: അശ്ലീല ദൃശ്യങ്ങൾ കാട്ടി ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച നരാധമന് പത്തുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ആലപ്പുഴ നീലംപേരൂർ മുടിയിൽ വിശ്വനാഥനെ (55)യാണ് തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി.ജി.അനിൽ കുമാർ ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കഠിന തടവും കൂടി അനുഭവിക്കണം.

കേസിൽ ഒന്നാം പ്രതിയായിരുന്നു മറ്റൊരു ഉദ്യോഗസ്ഥനായ അലക്സാണ്ടറെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്്ഥർ പീഡനക്കേസിൽ പ്രതികളായ സംഭവം വലിയ വിവാദത്തിനു വഴി തെളിച്ചിരുന്നു. പ്രതികൾ പൈനാവിൽ ജോലി ചെയ്തിരുന്ന 2009 മുതൽ 2011 വരെയുള്ള കാലയളവിലായിരുന്നു പെൺകുട്ടി നിരന്തരം പീഡനത്തിനിരയായത്. അശ്ലീല വീഡിയോ കാണിച്ചായിരുന്നു പീഡനം. അശ്ലീല ചിത്രങ്ങൾ കാണിച്ച കുറ്റത്തിന് ഒരു വർഷം കഠിന തടവും 10,000 രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കിൽ രണ്ടു മാസം തടവും കോടതി വിധിച്ചു.

പീഡനം തുടർന്നതിനെതുടർന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ കുട്ടി ക്ലാസ് ടീച്ചറോട് വിവരം പറയുകയായിരുന്നു. തുടർന്ന് പെൺകുട്ടി മുത്തച്ഛനൊപ്പം ഇടുക്കി പൊലീസിൽ നേരിട്ടു ഹാജരായി മൊഴി നൽകിയതിനെ തുടർന്നാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതും അറസ്റ്റിലായതും. തൊടുപുഴ എഎസ്‌പി ആയിരുന്ന ആർ.നിശാന്തിനി ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

ജോലിയുടെ ആവശ്യത്തിനായി താമസിച്ചിരുന്ന ക്വാർട്ടേഴ്സിനു സമീപ വാസിയായ ബാലികയെ രണ്ടു വർഷത്തോളമായിരുന്നു ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. മിഠായിയും പലഹാരങ്ങളും നൽകി താമസ സ്ഥലത്തേക്ക് കൊണ്ടുവന്നിരുന്ന ഇയാൾ അശ്ലീല ചിത്രങ്ങൾ കാണിക്കുക പതിവായിരുന്നു. 2009 മുതൽ 2011 വരെയാണ് കുട്ടിയെ പീഡിപ്പിച്ചത്. വിശ്വനാഥന്റെ പീഡനം സഹിക്കാതായതോടെ കുട്ടി സ്‌കൂളിൽ അദ്ധ്യാപികയോട് കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.

തുടർന്ന് അവർ വേണ്ടപ്പെട്ടവരെ അറിയിക്കുകയായിരുന്നു. പരിശോധനയിലും കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. വിശ്വനാഥനോടൊപ്പം താമസിച്ചിരുന്ന ഒന്നാംപ്രതി അലക്സാണ്ടർ എന്നയാളും ബാലികയെ പീഡിപ്പിച്ചിരുന്നതായി തെളിഞ്ഞതിനാൽ മുൻപ് കോടതി ഇയാളെയും 10 വർഷം ശിക്ഷിച്ചിരുന്നു.