തിരുവനന്തപുരം: പ്രായപൂർത്തിയാകും മുമ്പ് പീഡനത്തിന് ഇരയായി തീരുന്ന പെൺകുട്ടികൾക്ക് പിന്നീട് എന്താണ് സംഭവിക്കുന്നത്? പ്രതികളെ അറസ്റ്റു ചെയ്യുന്നത് വരെയുള്ള കാര്യങ്ങൾ മാധ്യമ വാർത്തകളിൽ നിറഞ്ഞു നിൽക്കും. എന്നാൽ, അതിന് ശേഷം എന്തു സംഭവിക്കുമെന്ന കാര്യം പലപ്പോഴും ആർക്കും പിടികിട്ടാത്ത കാര്യമായി നിലനിൽക്കുകയും ചെയ്യും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിർഭയ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് പതിവ്. ഇതോടെ എല്ലാം സുരക്ഷിതമായെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ, സത്യാവസ്ഥ അതല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

കുട്ടികളുടെ അവകാശവും സംരക്ഷണവും ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ചൈൽഡ് വെൽഫയർ കമ്മിറ്റി പലപ്പോഴും പീഡകർക്ക് ഒത്താശ ചെയ്യുന്ന വിധത്തിൽ ഇടപെടൽ നടത്തുന്നു എന്നത് ഞെട്ടിക്കുന്ന സംഭവമാണ്. സർക്കാർ നിയന്ത്രണത്തിലുള്ള ഇത്തരം കമ്മിറ്റികളെ സ്വാധീനിച്ചാൽ കേസിൽ നിന്നും ഊരിപ്പോകാമെന്ന പഴുത് പീഡകരും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇരയെ കൊണ്ട് മൊഴി തിരുത്തിക്കുന്ന സംഭവങ്ങൾ അടക്കം യഥേഷ്ടം നടക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. ഇടുക്കിയിലെ ഉന്നതൻ അടക്കം നിരവധി പേർ പീഡിപ്പിച്ച പതിനേഴുകാരിയായ പെൺകുട്ടിയെ സ്വാധീനിച്ച് കേസ് ഒതുക്കാനുള്ള നീക്കം ഒടുവിൽ പുറത്തായി.

ഉന്നതരെ രക്ഷിക്കാൻ വേണ്ടി അരയും തലയും മുറുക്കി നിരവധി പേർ രംഗത്തിറങ്ങിയതിന്റെ ഭാഗമായി പെൺകുട്ടിയെ യാതൊരു വിധ സുരക്ഷയുമില്ലാതെ മാതാപിതാക്കൾക്കൊപ്പം വിട്ടിരിക്കയാണ് ചൈൽഡ് വൈൽഫെയർ കമ്മിറ്റി. കമ്മിറ്റിയിലെ അംഗങ്ങളെ സ്വാധീനിക്കാൻ വേണ്ടി ഉന്നതർ തന്നെ ഇടപെട്ടു എന്നാണ് മറുനാടന് ലഭിച്ച വിവരം. ഇടുക്കിയെ പീഡന കേസിൽ ഇരയാക്കപ്പെട്ട പെൺകുട്ടിയെ പാർപ്പിച്ചത് തിരുവനന്തപുരം നിർഭയ കേന്ദ്രത്തിലായിരുന്നു. ഇവിടെ പ്ലസ്ടുവിന് പഠിക്കുകയാണ് പെൺകുട്ടി. കുമളിയിലെ പോക്സോ കേസിൽ ഇരയായ വ്യക്തിയാണ് പെൺകുട്ടി.

ഈമാസം ആദ്യം കുട്ടിയുടെ പിതാവ് മൂത്ത മകളുടെ കല്യാണമാണെന്നും അതിനായി ഏഴു ദിവസം കുട്ടിയെ ഒപ്പം വിടണമെന്നും കാണിച്ച് തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ പരിഗണിച്ച കമ്മിറ്റി വിവിധ ഘടകങ്ങളാണ് പരിശോധിച്ചത്. പെൺകുട്ടിയെ കൊണ്ടുനടന്ന് പലർക്കായി കാഴ്‌ച്ചവെച്ചത് കുട്ടിയുടെ അമ്മ തന്നെയായിരുന്നു. കേസിലെ പ്രതികൂടിയായ അമ്മ കൂടി താമസിക്കുന്ന വീട്ടിലേക്ക് പെൺകുട്ടിയെ വിട്ടു നൽകുന്നത് സുരക്ഷിതമല്ലെന്ന റിപ്പോർട്ടുണ്ടായിയിരുന്നു. എന്നിട്ടും ഈ വിഷയത്തിൽ മറ്റ് മെമ്പർമാരുടെ എതിർപ്പ് മറികടന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഫാദർ ജോയി ജെയിംസ് കുട്ടിയെ അച്ഛനൊപ്പം വിടാൻ സമ്മതം അറിയിക്കുകയായിരുന്നു. ഇതിന് വേണ്ടി കടുത്ത സമ്മർദ്ദവും അദ്ദേഹം ചെലുത്തി.

ചേച്ചിയുടെ വിവാഹത്തിനും മനസ്സമ്മതത്തിനുമായി രണ്ട് ദിവസം അനുവദിക്കാമെന്ന് തീരുമാനത്തിൽ സിഡബ്ല്യുസി എത്തി. എന്നാൽ, ഈ തീരുമാനത്തെ മറികടക്കാൻ വേണ്ടിയുടെ ഇടപെടലാണ് ഫാദർ നടത്തിയതെന്നാണ് ആക്ഷേപം. ഏഴ് ദിവസം തനിക്ക് വീട്ടിൽ പോകേണ്ടെന്നും വിവാഹത്തിന് മാത്രം പോയാൽ മതിയെന്ന് പെൺകുട്ടിയും സമ്മതം അറിയിച്ചു. എന്നാൽ, കുട്ടിയുടെ അച്ഛൻ വീണ്ടും പിടിവാശിയുമായി രംഗത്തെത്തി. ഫാദർ. ജോയി ജെയിംസിന്റെ അനുമതിയുണ്ടെന്നും മകളെ തനിക്ക് കൊണ്ടുപോകണമെന്നും പറഞ്ഞ് നിർഭയ കേന്ദ്രത്തിലെത്തി പിതാവ് ബഹളം വെക്കുകയും ചെയ്തു.

ഇതിനിടെ ബാലാവകാശ കമ്മീഷൻ മെമ്പർ കൂടിയായ കന്യാസ്ത്രീ സിസ്റ്റർ ബിജി ജോസ് വിഷയത്തിൽ ഇടപെട്ട് പെൺകുട്ടിയെ സമീപിച്ചും സമ്മർദ്ദം ചെലുത്തി. വീട്ടുകാർക്കൊപ്പം പോകാതിരുന്നാൽ നിനക്ക് തന്നെയാണ് പ്രശ്‌നമെന്നു പറഞ്ഞ് പെൺകുട്ടിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയായിരുന്നു കന്യാസ്ത്രീ ചെയ്തത്. പെൺകുട്ടിയെ അയക്കുന്നതിലെ സുരക്ഷാ പ്രശ്‌നങ്ങൾ കന്യാസ്ത്രീ മുമ്പാകെ ഡിബ്ല്യുസി അംഗങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴും അതൊന്നും നിങ്ങൾ നോക്കേണ്ടെന്ന് പറഞ്ഞ്  അവരോട് കയർക്കുകയാണ് സിസ്റ്റർ ബിജി ചെയ്തത്.
ഇടുക്കി ഡിബ്ല്യുസിയിലെ മുൻ മെമ്പർ കൂടിയാണ് ബാലാവകാശ കമ്മീഷൻ മെമ്പറായ സിസ്റ്റർ ബിജി ജോസ്. ഇടുക്കിയിലെ ഒരു ഉന്നതനായ രാഷ്ട്രീയ നേതാവിനോട് അടുപ്പമുള്ള വ്യക്തിയുടെ ഇടപെടലും വിഷയത്തിൽ ഉണ്ടായി. ഇതോടെ ഡിബ്ല്യുസി മെമ്പർമാർക്കും കുട്ടിയെ മനസ്സില്ല മനസോടെ പിതാവിനൊപ്പം പറഞ്ഞയക്കേണ്ടി വന്നു. ഇതിന് പിന്നിൽ കടുത്ത സമ്മർദ്ദം ചെലുത്തിയത് ഡിബ്ല്യുസി ജില്ലാ ചെയർമാൻ ഫാ. ജോയി ജെയിംസായിരുന്നു. ഈ ഇടപെടൽ സംശയസ്പദമാണ് താനും.

ഇടുക്കിയിലെ ഉന്നതനാണ് പീഡന കേസിലെ ഒന്നാം പ്രതി. മറ്റ് പ്രമുഖരും കേസിൽ പെട്ടിട്ടുണ്ട്. ഈ കേസ് ഒതുക്കാൻ വൻ സമ്മർദ്ദമാണ് നിലവിലുള്ളത്. പെൺകുട്ടിയുടെ മാതാപിതാക്കൾ അറിഞ്ഞു കൊണ്ടായിരുന്നു പീഡനം നടന്നതും. ഇതിനിടെയാണ് യാതൊരു സുരക്ഷയുമില്ലാതെ പെൺകുട്ടിയെ വീട്ടിലേക്ക് പറഞ്ഞയകക്കേണ്ടി വന്നത്. മദ്യപാനശീലമുള്ള പിതാവ് ഇന്നസെ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ വന്ന വേളയിലും മദ്യപിച്ചിരുന്നു. പെൺകുട്ടി ഏഴ് ദിവസം സുരക്ഷിതമായിരിക്കുമോ എന്ന ആശങ്കയും ശക്തമാണ്.

ഇടുക്കിയിലെ ഉന്നതരെ രക്ഷിക്കാൻ വേണ്ടി ഭരണതലത്തിൽ നിന്നുള്ള സമ്മർദ്ദമെന്നാണ് കേസിൽ വ്യക്തമാകുന്നത്. ഇടുക്കിയിലെ വൻ ലോബി തന്നെ ഈ കേസുമായി ബന്ധപ്പെട്ട ഇടപെടൽ നടത്തുന്നുണ്ട്. ഇരയെ നിശബ്ദയാക്കി രക്ഷപെടുത്താൻ വേണ്ടിയുള്ള ഇടപെടലിനാണ് വികാരിയും കന്യാസ്ത്രീയും അടക്കമുള്ളവർ ചൂട്ടുപിടിക്കുന്നത്. ഇത് ഉന്നത ഇടപെടൽ വ്യക്തമാക്കുന്നതാണ് താനും. ഇതിന് മുമ്പും പെൺകുട്ടിയെ അച്ഛന്റെ പരാതി പരിഗണിച്ച് കൂടെ വിട്ടിരുന്നു.

അന്ന് ഇടുക്കി ചൈൽഡ് വെൽഫയർ കമ്മിറ്റിയാണ് പെൺകുട്ടിയെ വിട്ടു നൽകാൻ ഉത്തരവിട്ടത്. ഈ കേസിലെ പ്രതികളിലൊരാളായ അമ്മ കൂടി താമസിക്കുന്ന വീട്ടിലേക്ക് പെൺകുട്ടിയെ വിട്ടു നൽകിയ സി ഡബ്ലുയു സിയുടെ നടപടി ജില്ലാ കലക്ടർ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. പെൺകുട്ടി തന്നെ ചൈൽഡ് ലൈനിൽ വിളിച്ച സഹായം അഭ്യർത്ഥിച്ചതോടെ തിരുവനന്തപുരത്തെ നിർഭയ ഹോമിലേക്ക് മാറ്റുകയായിരുന്നു.

കേസിലെ പ്രതികളിലൊരാളായ അമ്മ കൂടി താമസിക്കുന്ന വീട്ടിലേക്ക് പെൺകുട്ടിയെ വിട്ടു നൽകിയ സിഡബ്ല്യുസിയുടെ നടപടി ജില്ലാ കലക്ടർ ഇടപെട്ടാണ് റദ്ദാക്കിയതും. ഇത്തരം ഒരനുഭവം നിലനിൽക്കേ തന്നെയാണ് ഇപ്പോൾ ഏഴ് ദിവസത്തേക്ക് പെൺകുട്ടി സുരക്ഷിതമല്ലാത്ത വീട്ടിലേക്ക് തന്നെ പറഞ്ഞയച്ചിരിക്കുന്നത്. കേസിന്റെ വിചാരണ വേളയിൽ കുട്ടി സുരക്ഷിതയല്ലെന്ന് നിർഭയ കോടതിയെ അറിയിച്ചതോടെയാണ് പെൺകുട്ടിയെ നിർഭയ ഹോമിൽ എത്തിച്ചിരുന്നത്. പെൺകുട്ടിയുടെ സഹോദരിയും നിർഭയ കേന്ദ്രത്തിലെ അന്തേവാസിയായിരുന്നെങ്കിലും പിന്നീട് വീട്ടുകാർ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.