ഡബ്ലിൻ: പുതിയ പോസ്റ്റ് കോഡ് സംവിധാനം രാജ്യത്ത് നിലവിൽവന്നു. ഇനി മുതൽ രാജ്യത്തെ 2.2 മില്യൺ വീടുകളും ബിസിനസ് സ്ഥാപനങ്ങളും ഏഴു ഡിജിറ്റ് പോസ്റ്റ് കോഡിൽ ആയിരിക്കും തിരിച്ചറിയുക. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ പോസ്റ്റ് കോഡ് വീട്ടുടമകൾക്ക് Eircode അയച്ചു കൊടുക്കും. Eircode.ie എന്ന വെബ് സൈറ്റ് പരിശോധിച്ചാലും കോഡുകൾ ലഭ്യമാണ്.

മുമ്പ് രാജ്യത്തുണ്ടായിരുന്ന വിലാസങ്ങളിൽ 35 ശതമാനവും ആവർത്തിക്കുന്നവ ആയിരുന്നതിനാൽ യഥാർഥ ഉടമയെ കണ്ടെത്തുക ഏറെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പുതിയ കോഡ് സംവിധാനം നിലവിൽ വന്നതോടെ എല്ലാ മേൽവിലാസക്കാരനേയും തിരിച്ചറിയാൽ എളുപ്പം കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. വിലാസത്തിലുള്ള ആൾ എവിടെ താമസിക്കുന്നുവെന്ന് കൃത്യമായി മനസിലാക്കാൻ സഹായിക്കുന്ന വിധത്തിലാണ് കോഡിങ് രീതി. ഏഴ് അക്കങ്ങളാണ് ഒരു കോഡിൽ. ആദ്യത്തെ മൂന്നക്കങ്ങൾ സ്ഥലത്തേയും അവസാന നാലക്കങ്ങൾ കെട്ടിടത്തേയും സൂചിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് അക്കങ്ങൾ റൗട്ടിങ് കീയെന്നും അവസാനത്തെ നാലക്കങ്ങൾ യുണീക്ക് ഐഡന്റിഫയർ എന്നുമാണ് അറിയപ്പെടുന്നത്. അക്കങ്ങളും അക്ഷരങ്ങളും ഉൾപ്പെടുന്നതാണ് പുതിയ കോഡ്. എന്നാൽ തൊട്ടടുത്ത  കെട്ടിടങ്ങളുടെ അവസാനത്തെ നാല് അക്കങ്ങൾ തമ്മിൽ യാതൊരു സാമ്യവും കാണില്ല.

ഒരു ദശാബ്ദക്കാലത്തിനു മുമ്പ് അവതരിപ്പിച്ച കോഡിങ് സംവിധാനമാണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്. ഡബ്ലിൻ കോഡ് ആരംഭിക്കുന്നത് D എന്ന അക്ഷരത്തിലാണ്.  ഡബ്ലിൻ 1 D01 ആകും. കോർക്ക് സിറ്റി T എന്ന അക്ഷരത്തിലും ഗാൽവേ H എന്ന അക്ഷരത്തിലുമായിരിക്കും തുടങ്ങുക.