മുംബൈ: കഴിഞ്ഞ നവംബർ എട്ടിന് പ്രധാന മന്ത്രി പിൻവലിച്ച ആയിരം രൂപ നോട്ടുകളിൽ 99 ശതമാനവും റിസർവ്വ് ബാങ്കിൽ തിരിച്ചെത്തിയതായി റിപ്പോർട്ട്. നവംബർ എട്ടിന് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോൾ 6.86 ലക്ഷം കോടിയുടെ 1000 ത്തിന്റെ നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം നോട്ടും തിരിച്ചെത്തിയതായി റിസർവ് ബാങ്കിന്റെ റിപ്പോർട്ടുകളെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അതായത് 2017 മാർച്ച് അവസാനത്തെ കണക്ക് പ്രകാരം 6.86 ലക്ഷം കോടി ആയിരം രൂപയുടെ നോട്ട് വിപണിയിൽ ുണ്ടായിരുന്നെങ്കിൽ ഇപ്പോൾ വിപണിയിൽ ഉള്ളത് 8925 കോടി രൂപയുടെ 1000 ത്തിന്റെ നോട്ടുകൾ മാത്രമാണ്. ഈ വർഷം ഫെബ്രുവരിയിൽ ധനകാര്യ സഹമന്ത്രിയാണ് 6.86 ലക്ഷം കോടി ആയിരത്തിന്റെ നോട്ടുകൾ വിപണിയിൽ ഉള്ളതായി ലോക്സഭയിൽ പറഞ്ഞ കണക്കാണിത്. ഇതിൽ ഭൂരിഭാഗവും ഇപ്പോൾ റിസർവ് ബാങ്കിൽ എത്തിച്ചേർന്നിട്ടുണ്ട്. 99 ശതമാനം നോട്ടുകളും റിസർവ് ബാങ്കിൽ തിരിച്ചെത്തി എന്ന് പറയുമ്പോൾ കള്ളനോട്ടുകൾ എവിടെ എന്ന ചോദ്യത്തിന് മാത്രം ഇപ്പോഴും ഉത്തരമില്ല.

പിൻവലിച്ച നോട്ടുകളിൽ എത്ര ശതമാനം ബാങ്കുകളിൽ തിരിച്ചെത്തിയെന്ന് തുറന്നപറയാൻ സർക്കാരോ റിസർവ് ബാങ്കോ ഇതുവരെ തയാറായിട്ടില്ല. എന്നാൽ വിപണിയിൽ നിന്ന് പിൻവലിച്ച 1000 രൂപ നോട്ടുകളിൽ 99 ശതമാനവും തിരികെ ബാങ്കുകളിൽ എത്തിയതായി റിസർവ് ബാങ്കിന്റെ കണക്കുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

2017 മാർച്ച് അവസാനത്തെ കണക്ക് പ്രകാരം 8925 കോടി രൂപയുടെ 1000 ത്തിന്റെ നോട്ടുകൾ വിപണിയിൽ തന്നെ ശേഷിക്കുന്നുവെന്നാണ് ആർബിഐ വ്യക്തമാക്കിയത്. അതായത് റിസർവ് ബാങ്കിന് പുറത്തുള്ളത് 8925 കോടിയുടെ 1000 ത്തിന്റെ നോട്ടുകളാണുള്ളത്. ഇത് പൊതുജനത്തിന്റെ പക്കലോ, ബാങ്കുകളിലോ, ട്രഷറികളിലോ ഒക്കെ ശേഷിക്കുന്നുവെന്ന് വ്യക്തം.

ഈ കണക്കുകൾ ഒത്തു നോക്കിയാൽ ആർബിഐയിൽ തിരിച്ചെത്താത്ത 8925 കോടി രൂപ എന്നത് കേവലം 1.3 ശതമാനം മാത്രമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ 98.7 ശതമാനം 1000 ത്തിന്റെ നോട്ടുകളും ആർബിഐയിൽ തന്നെ തിരികെ എത്തിയിരിക്കുന്നു.

നോട്ട് നിരോധനത്തിന് ശേഷം തിരികെ എത്ര നോട്ടുകൾ എത്തി എന്ന ചോദ്യത്തിന് കേന്ദ്ര സർക്കാരും ആർബിഐയും ഇതുവരെയും കണക്കുകൾ പറയാൻ തയാറായിട്ടില്ല. തിട്ടപ്പെടുത്തി വരുന്നതേയുള്ളൂവെന്നാണ് ജൂണിൽ പറഞ്ഞത്.