ഡബ്ലിൻ: അൻ പോസ്റ്റ് ജൂലൈ മുതൽ പോസ്‌റ്റേജ് ഫീസ് വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. അൻ പോസ്റ്റ് നഷ്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് പോസ്റ്റൽ ചാർജ് ഉൾപ്പെടെ വിവിധ പോസ്റ്റൽ സർവീസുകളുടെ നിരക്ക് വർധിപ്പിക്കാൻ തീരുമാനമായത്.

ഡൊമസ്റ്റിക് ലെറ്ററുകളുടെ ചാർജ് 68 സെന്റ് മുതൽ 70 സെന്റ് വരെ വർധിക്കുമെന്നും അതേസമയം ഇന്റർനാഷണൽ ലെറ്ററുകൾക്കുള്ള നിരക്ക് ഒരു യൂറോ മുതൽ 1.05 യൂറോ വരെയായിരിക്കും വർധിക്കുകയെന്നും അൻ പോസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം കമ്പനിക്ക് മൊത്തം 38 മില്യൺ യൂറോയുടെ നഷ്ടമാണ് ഉണ്ടായതെന്ന് പറയപ്പെടുന്നു.

അൻ പോസ്റ്റ് നിരക്കുകൾ വർധിപ്പിക്കുകയാണെങ്കിലും 15 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അയർലണ്ടിലെതാണ് കുറഞ്ഞ നിരക്കെന്നാണ് പറയപ്പെടുന്നത്. ബ്രിട്ടൺ, ബെൽജിയം, ജർമനി, നെതർലാൻഡ്‌സ് എന്നിവിടങ്ങളിലെല്ലാം തന്നെ അയർലണ്ടിലെതിനെക്കാൾ കൂടിയ നിരക്കാണുള്ളത്. യൂറോപ്യൻ യൂണിയനിൽ ഡൊമസ്റ്റിക് നിരക്ക് ശരാശരി 77 സെന്റ് എന്നതാണ് കണക്ക്.

അതേസമയം ബിസിനസുകാർക്ക് നിരവധി ഡിസ്‌ക്കൗണ്ട് ഓപ്ഷനുകൾ ലഭ്യമാണെന്നും അൻ പോസ്റ്റ് അറിയിച്ചിട്ടുണ്ട്.