തിരുവനന്തപുരം: എങ്ങനേയും ഭരണ തുടർച്ചയാണ് സിപിഎം ലക്ഷ്യം. അതിന് വേണ്ടി സിപിഎം എന്തും ചെയ്യുമെന്നാണ് മറു പക്ഷത്തിന്റെ സംശയം. തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കായുള്ള തപാൽ വോട്ടിന്റെ മറവിൽ വ്യാപകമായി നടന്ന കള്ളവോട്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് അവർ. യുഡിഎഫും ബിജെപിയും ഇതുസംബന്ധിച്ചു തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്‌പെഷൽ വോട്ട് എന്ന പേരിൽ കോവിഡ് രോഗികൾക്കും ക്വാറന്റീനിൽ കഴിയുന്നവർക്കുമായിരുന്നു തപാൽ വോട്ട്. നിയമസഭാ തിരഞ്ഞെടുപ്പിലിത് 80നു മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കും കോവിഡ് ബാധിതർക്കും പ്രാഥമിക സമ്പർക്കപ്പട്ടികയിൽപെട്ടവർക്കുമാണ് അനുവദിച്ചിട്ടുള്ളത്. 80 കഴിഞ്ഞ 6.21 ലക്ഷം പേരും ഭിന്നശേഷിക്കാരായ 1.33 ലക്ഷവുമാണ് വോട്ടർപട്ടികയിലുള്ളത്. അതായത് പത്ത് ലക്ഷത്തിൽ ഏറെ തപാൽ വോട്ടുകൾ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലേയും ഫലത്തെ സ്വാധീനിക്കാൻ ഇത്രയം പേരിലൂടെ കഴിയും. അതുകൊണ്ട് തന്നെ അട്ടിമറി പേടിയുടെ സംശയത്തിലാണ് കോൺഗ്രസും ബിജെപിയും.

ഇതിനു പുറമേ പട്ടികയിലെ കൂടുതൽ ഭിന്നശേഷിക്കാരെ കണ്ടെത്തി തരംതിരിക്കൽ തുടരുകയാണ്. ഈ ക്യാംപെയ്ൻ പൂർത്തിയാകുമ്പോൾ ആകെ ഭിന്നശേഷിക്കാർ 3.80 ലക്ഷമായെങ്കിലും ഉയരുമെന്നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കുകൂട്ടൽ. ഇതോടെ തപാൽ വോട്ടിന് അർഹരാകുന്ന ആകെ വോട്ടർമാർ 10.01 ലക്ഷമാകും. ഇതിനു പുറമേയാണ് കോവിഡ് ബാധിതരും സമ്പർക്കപ്പട്ടികയിലുള്ളവരും. ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ നേരിയ വോട്ടുവ്യത്യാസത്തിനു തോൽവി സംഭവിക്കാം. ഇവിടെ തപാൽ വോട്ടുകൾ നിർണായകമാകുമെന്നാണു രാഷ്ട്രീയപാർട്ടികളുടെ വിലയിരുത്തൽ.

അട്ടിമറി സാധ്യത കണക്കിലെടുത്ത് എല്ലാ ബൂത്തുകളിലും തപാൽ വോട്ടിങ് നിരീക്ഷിക്കാൻ രാഷ്ട്രീയപാർട്ടികൾ പ്രത്യേക സമിതികളെ നിയോഗിച്ചിട്ടുണ്ട്. തപാൽ വോട്ടിനുള്ള ഫോം 12ഡി ബൂത്ത് ലെവൽ ഓഫിസർമാർ വീട്ടിലെത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇവ സമർപ്പിക്കേണ്ട അവസാന തീയതി 17 ആണ്. ഫോം നിരസിച്ചാൽ നേരിട്ടു ബൂത്തിലെത്തി വോട്ടു ചെയ്യാം. കോവിഡ് രോഗികൾക്കും സമ്പർക്കക്കാർക്കും വൈകിട്ട് 6 മുതൽ 7 വരെ മാത്രമേ ബൂത്തിലെത്താനാകൂ.

തദ്ദേശ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടിന്റെ പേരിൽ കള്ളവോട്ട് നടന്നെങ്കിൽ അതു കാരണമാക്കി നിയമസഭാ തിരഞ്ഞെടുപ്പിന്റെ തപാൽ വോട്ടിനെ സംശയിക്കേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടപടിക്രമമല്ല നിയമസഭാ തിരഞ്ഞെടുപ്പിന്റേത്. കള്ളവോട്ടിനുള്ള നേരിയ സാധ്യത പോലും തപാൽ വോട്ടിനില്ല. സംശയമുള്ളവർ തപാൽ വോട്ട് നിരസിച്ച് നേരിട്ടു ബൂത്തിലെത്തിയാൽ മതിയെന്നും ടിക്കാറാം മീണ പറയുന്നു.

പോസ്റ്റൽ വോട്ട് കുറ്റമറ്റതാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് ഇലക്ട്രൽ ഓഫീസർക്ക് കത്ത് നൽകിയിരുന്നു. പോസ്റ്റൽ വോട്ട് ഇടുന്ന ബാലറ്റ് പെട്ടികൾ സീൽ ചെയ്തതിനു ശേഷം മാത്രമേ ബാലറ്റുകൾ നിക്ഷേപിക്കാവൂ എന്ന് പ്രതിപക്ഷനേതാവ് അവശ്യപ്പെട്ടു.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ സീൽഡ് ബാലറ്റ് പെട്ടികൾ അല്ലാത്തതിനാൽ ഇടതുപക്ഷ അനുകൂല ഉദ്യോഗസ്ഥരെ കൊണ്ട് അനുകൂലമല്ലാത്ത ബാലറ്റുകൾ നശിപ്പിച്ചു കളഞ്ഞതുമായി ബന്ധപ്പെട്ട് ധാരാളം പരാതികൾ ലഭിച്ചിരുന്നു.