- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൻഷൻ വിതരണത്തിന് എത്തിയത് സിപിഎം പ്രവർത്തകരോ എന്ന് ചോദ്യം; നാട്ടിൽ പെൻഷൻ കൊടുക്കാൻ കോൺഗ്രസുകാരെ നിയമിച്ചിട്ടില്ലല്ലോ എന്ന് വീട്ടുകാർ; പെൻഷൻകാർ വന്നപ്പോൾ ഉദ്യോഗസ്ഥരും ഇവിടെയെത്തി; മാറ്റാൻ പറഞ്ഞിട്ടും പൊലീസ് ഇടപെട്ടില്ല;കായംകുളത്ത് തപാൽ വോട്ടിനൊപ്പം പെൻഷൻ വിതരണം ചെയ്ത സംഭവത്തിൽ പ്രതികരിച്ച് കുടുംബം
കായംകുളം: ആലപ്പുഴ കായംകുളത്ത് തപാൽ വോട്ടിനൊപ്പം പെൻഷൻ വിതരണം ചെയ്ത സംഭവത്തിൽ പ്രതികരിച്ച് വോട്ടറായ കമലാക്ഷിയമ്മയുടെ കുടുംബം. പോസ്റ്റ്ൽ വോട്ട് ചെയ്യുന്ന അതേ സമയത്ത് തന്നെയാണ് കമലാക്ഷിയമ്മയ്ക്ക് പെൻഷനും എത്തിച്ചുനൽകിയത്. ഇത് ഇവിടെ നടക്കില്ലെന്ന് പറഞ്ഞപ്പോൾ ഉദ്യോഗസ്ഥർക്ക് ഒപ്പമെത്തിയ പൊലീസുകാർ പ്രതികരിച്ചില്ലെന്നും കുടുംബം പറയുന്നു.
'ഇന്നലെ രണ്ടരയോടെയാണ് പോസ്റ്റൽ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ എത്തിയത്. അമ്മ കുളിക്കുകയായിരുന്നു. അങ്ങനെയാണെങ്കിൽ തൊട്ടടുത്ത രണ്ട് വീടുകളിൽ കൂടി കയറി തിരിച്ചുവരാമെന്ന് അവർ പറഞ്ഞ് തിരിച്ചുപോയി. ഇതിന്റെ പിന്നാലെയാണ് പെൻഷൻകാർ വീട്ടിൽ വന്നത്. ഒരാളെ ഉണ്ടായിരുന്നു. പെൻഷൻകാർ വന്നപ്പോൾ ഉദ്യോഗസ്ഥരും ഇവിടെയെത്തി. രണ്ട് പേരും രണ്ടിടത്തായി നിന്നു. ഇത് ഇവിടെ നടക്കില്ലായെന്ന് അപ്പോൾ തന്നെ പറഞ്ഞു. പൊലീസുകാരോട് ഇവരെ മാറ്റണമെന്ന് പറഞ്ഞപ്പോഴും ഇടപെട്ടിട്ടില്ല .' കുടുംബം പറയുന്നു.
സിപിഎം പ്രവർത്തകരാണോ പെൻഷൻ വിതരണത്തിന് എത്തിയത് എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് നാട്ടിൽ പെൻഷൻ കൊടുക്കാൻ കോൺഗ്രസുകാരെ നിയമിച്ചിട്ടില്ലല്ലോ എന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം. സംഭവത്തിൽ അടിയന്തിരമായി റിപ്പോർട്ട് നൽകാൻ വരണാധികാരിക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. യുഡിഎഫിന്റെ പരാതിയിലാണ് കളക്ടറുടെ നടപടി. കായംകുളം മണ്ഡലത്തിലെ 77-ാം ബൂത്തിലായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം കണ്ണൂരിലും തപാൽവോട്ട് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണം ഉയർന്നിരുന്നു. യുഡിഎഫിന്റെ പോളിങ് ഏജന്റുമാരെ അറിയിക്കാതെ ഉദ്യോഗസ്ഥരും ബിഎൽഒയും ഉൾപ്പെടുന്നവർ തപാൽ വോട്ടിങ് നടത്തുന്നതായാണ് പരാതി. പേരാവൂർ മണ്ഡലത്തിലെ മുണ്ടയാപറമ്പിൽ ഇത്തരത്തിൽ തപാൽ വോട്ട് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ തടയുകയുണ്ടായി.
ഇതിന് പുറമേ എൻപത് വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനിടെയാണ് കായംകുളത്തെ സംഭവം. കോൺഗ്രസ് സ്ഥാനാർത്ഥികളായ കെ മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയ് എന്നിവരാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്.80 വയസിന് മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടിൽ തിരിമറി നടക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് കോൺഗ്രസ് ഹരജി നൽകിയത്. ഹരജി കോടതി ഇന്ന് പരിഗണിക്കും.
മറുനാടന് മലയാളി ബ്യൂറോ