പാരീസ്: ആറു ദിവസം ബാത്ത് ടബ്ബിൽ വീണു കിടന്ന വയോധികയ്ക്ക് അവസാനം പോസ്റ്റുമാൻ തുണയായി. എൺപതു വയസിനു മേൽ പ്രായമുള്ള സ്ത്രീയെയാണ് ബാത്ത് ടബ്ബിൽ നിന്ന് ആറാം ദിവസം പോസ്റ്റ്മാൻ ഇടപെട്ടതിനെത്തുടർന്ന് രക്ഷിക്കാനായത്.
തെക്കൻ ഫ്രാൻസിൽ ഒറ്റയ്ക്കു താമസിക്കുന്ന ഹ്യൂഗറ്റെ എന്ന വയോധിക ടോയ്‌ലറ്റിൽ പോകവേയാണ് ബാത്ത് ടബ്ബിലേക്ക് വഴുതി വീഴുന്നത്. എന്നാൽ ബാത്ത് ടബ്ബിൽ വീണു പോയ വയോധികയ്ക്ക് എഴുന്നേൽക്കാൻ സാധിക്കുകയോ എമർജൻസി വിളിക്കാനോ സാധിച്ചില്ല. അവിടെ തന്നെ ആറു ദിവസം കഴിയാനായിരുന്നു ഇവരുടെ വിധി. ബാത്ത് ടബ്ബിലെ ടാപ്പിൽ നിന്നുള്ള വെള്ളം കുടിച്ച് ഇവർ ഈ ദിവസങ്ങൾ കഴിഞ്ഞു.

അതേസമയം ഈ ദിവസങ്ങളിൽ പോസ്റ്റുമായി എത്തിയ പോസ്റ്റുമാനാണ് വയോധികയുടെ വീടിന്റെ അവസ്ഥയിൽ സംശയം പ്രകടിപ്പിച്ചത്. കത്ത് നൽകാൻ ബെൽ അടിച്ചെങ്കിലും ആരേയും കാണാഞ്ഞതിനെ തുടർന്ന് ലെറ്റർ ബോക്‌സിൽ കത്ത് നിക്ഷേപിച്ച് ഇയാൾ മടങ്ങുകയായിരുന്നു. എന്നാൽ മുൻ വാതിലും ജനാല ഷട്ടറുമെല്ലാം മലക്കെ തുറന്നു കിടന്നത് തന്നിൽ സംശയം ജനിപ്പിച്ചെന്ന് പോസ്റ്റുമാൻ വിൽവെറ്റെ വില്ലൂദ് വ്യക്തമാക്കുന്നു.

എന്നാൽ ഇതുകാര്യമാക്കാതെ സ്ഥലം വിട്ട ഇയാൾ പിന്നീട് മൂന്നു ദിവസത്തിനു ശേഷം കൂടുതൽ കത്തുകളായി എത്തിയപ്പോൾ സംശയം ബലപ്പെടുകയായിരുന്നു. വാതിലും ജനാല ഷട്ടറുകളുമെല്ലാം തുറന്നു തന്നെ കിടക്കുകയും ലെറ്റർ ബോക്‌സിൽ കത്തുകൾ കൂടിക്കിടക്കുന്നതും കണ്ടപ്പോൾ പ്രശ്‌നമുണ്ടെന്ന് തന്നെ ഇയാൾ ഉറപ്പിച്ചു. ഉടൻ തന്നെ ടൗൺ ഹാളിൽ എത്തി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ടൗൺ മേയർ ഉടൻ തന്നെ അന്വേഷണത്തിന് ഉത്തരവിടുകയും അധികൃതർ വീടിനുള്ളിൽ പ്രവേശിച്ച് വയോധികയെ കണ്ടെത്തുകയുമായിരുന്നു.

ബാത്ത് ടബ്ബിൽ അകപ്പെട്ട ഹ്യൂഗറ്റെ ക്ഷീണിതയെങ്കിലും ബോധം നശിച്ചിട്ടില്ലായിരുന്നു. തന്നെ രക്ഷിക്കാൻ എത്തിയവരോട് ഹ്യൂഗറ്റെ ആദ്യം ആവശ്യപ്പെട്ടത് മധുരമിട്ട ഒരു ഗ്ലാസ് പാൽ ആയിരുന്നു. ഈ സംഭവത്തോടെ താൻ ഒരു പാഠം പഠിച്ചുവെന്നും എവിടെപ്പോയാലും എമർജൻസി കോളർ കൂടെക്കരുതണമെന്നത് ഇത് ഓർമിപ്പിച്ചുവെന്നും ചെറു ചിരിയോടെ ഹ്യൂഗറ്റെ പറയുന്നു. അതേസമയം തന്റെ പ്രവർത്തിയിൽ അങ്ങേയറ്റം അഭിമാനം തോന്നുന്നതായും പോസ്റ്റ്മാൻ വില്ലൂദ് വ്യക്തമാക്കി. അല്ലെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്നാണ് വില്ലൂദ് ചോദിക്കുന്നത്.