കൊല്ലം: കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥിനും എൻസിപി നേതാവും മന്ത്രിയുമായ എ.കെ ശശീന്ദ്രനും എതിരെ പോസ്റ്റർ. വിഷ്ണുനാഥിനെതിരേ കൊല്ലത്തും ശശീന്ദ്രനെതിരേ എലത്തൂരുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്ററിലെ ആവശ്യം. ജില്ലാ കമ്മിറ്റി ഓഫീസ്, ഡി.സി.സി ഓഫീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.

കൊല്ലത്ത് വിഷ്ണുനാഥ് മത്സരിക്കുമെന്ന വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ കൊല്ലത്ത് നിന്ന് പോയ സാധ്യതാ പട്ടികയിൽ വിഷ്ണുനാഥിന്റെ പേരില്ല. പകരം ബിന്ദു കൃഷ്ണയുടെ പേര് മാത്രമാണുള്ളത്. അതിനാൽ തന്നെ ഗ്രൂപ്പ് തർക്കങ്ങളാണ് ഇത്തരം ഒരു പോസ്റ്ററിന് പിന്നിലെന്നാണ് സൂചന.

പാർട്ടിയെ തകർത്തയാളെ ഒഴിവാക്കണമെന്നാണ് ചെങ്ങന്നൂരിൽ പതിച്ച പോസ്റ്ററിലെ ആവശ്യം. ബിന്ദു കൃഷ്ണയാണ് കൊല്ലത്ത് അനുയോജ്യ സ്ഥാനാർത്ഥിയെന്നും പോസ്റ്റർ പറയുന്നു.

കോൺഗ്രസിന്റെ കോട്ടയായ ചെങ്ങന്നൂരിൽ പാർട്ടിയുടെ അടിവേരുമാന്തിയ ആളാണ് പി.സി വിഷ്ണുനാഥ് . ആ വിഷ്ണുനാഥിനെ കൊല്ലത്ത് മത്സരിപ്പിക്കാൻ ഇറക്കരുതെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.

എലത്തൂരിന് പുറമെ പാവങ്ങാടും എ.കെ ശശീന്ദ്രനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. പുതുമുഖത്തെ വേണം, കറപുളരാത്ത കരങ്ങൾ വേണം എലത്തൂരിൽ എന്നാണ് പോസ്റ്ററിലെ ആവശ്യം. കോഴിക്കോട് സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിന് വേണ്ടി എൻ.സിപിയുടെ ജില്ലാഘടകം ചേർന്നപ്പോൾ യോഗം കയ്യാങ്കളിയിലാണ് അവസാനിച്ചത്. ഇതിന്റെ ബാക്കി പത്രമാണ് പോസ്റ്ററുകളെന്നാണ് റിപ്പോർട്ടുകൾ. എൽ.ഡി.എഫ് വരണമെങ്കിൽ ശശീന്ദ്രൻ മാറണമെന്നും പോസ്റ്ററിൽ പറയുന്നു.