കൊച്ചി: കൊച്ചി നഗരപ്രദേശത്തെ നാല്പതു ലക്ഷത്തോളം പേർ കുടിവെള്ളത്തിനടക്കം ആശ്രയിക്കുന്ന നദിയാണ് പെരിയാർ. ആലുവാ ഭാഗത്തെ വ്യവസായ സ്ഥാപനങ്ങൾ പുറന്തള്ളുന്ന മാലിന്യങ്ങൾകൊണ്ട് നദി വിഷലിപ്തമായിട്ട് വർഷങ്ങളായി. കേന്ദ്ര മലിനീകരണ നിയന്തരണ ബോർഡ് അടക്കം മുന്നറിയിപ്പു നല്കിയിട്ടും നദിയിലെ മാലിന്യം കുറയക്കുന്ന കാര്യത്തിൽ വേണ്ട ശ്രദ്ധയും പരിഗണനയും അധികാരികളുടെ ഭാഗത്തുനിന്നും സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും ലഭിക്കുന്നില്ല.

മാരകമായ രാസകീടനാശിനികളും ഖനലോഹങ്ങളും നദിയിൽ കലർന്നിരിക്കുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ലോകവ്യാപകമായി കുടിവെള്ളത്തിനു നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പോയിട്ട് ഇന്ത്യൻ മാനദണ്ഡങ്ങൾ അനുസരിച്ചുപോലും പെരിയാർ ശുദ്ധമല്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയത്.

പെരിയാറിനെ വിഷമുക്തമാക്കാനുള്ള ഒരു ഒറ്റയാൾ പോരാട്ടമാണ് ഇതിനിടെ ശ്രദ്ധേയമായിരിക്കുന്നത്. കൊച്ചി ഇൻഫോപാർക്കിലെ ജീവനക്കാരനായ ഷൈൻ എന്ന യുവാവ് ഒറ്റയ്ക്കാണ് ഈ പോരാട്ടം നടത്തുന്നത്. 'രാസാവശിഷ്ടങ്ങൾ തള്ളി ജലാശയങ്ങളെ മലിനമാക്കുന്ന കമ്പനികൾ അടച്ചപൂട്ടുക' എന്നെഴുതിയിരിക്കുന്ന പോസ്റ്റർ സ്വന്തം കാറിന്റെ പിന്നിൽ ഒട്ടിച്ചാണ് ഷൈന്റെ പോരാട്ടം. ജിനേഷ് ടി എന്നയാളാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ ഷെയർചെയ്ത് ലോകത്തെ അറിയിച്ചത്.

കൊച്ചിയിലെ ഓഫിൽ പോകുന്നവഴിക്കാണ് ഷൈന്റെ കാർ ശ്രദ്ധയിൽപ്പെട്ടതെന്ന് ജിനേഷ് പറയുന്നു. ഷൈനെ പിന്തുടർന്ന ജിനേഷ് കാർ നിർത്താൻ അഭ്യർത്ഥിച്ചു. ഒരു ഫോട്ടോ എടുത്തോട്ടെയെന്നും ചോദിച്ചു. തന്റെ ഫോട്ടോ എടുക്കേണ്ടെന്നും പോസ്റ്ററിന്റെ ഫോട്ടോ എടുത്ത് പരമാധവി ഷെയർ ചെയ്ത് സന്ദേശം പ്രചരിപ്പിക്കണമെന്നുമായിരുന്നു മറുപടി. എന്നാൽ നിങ്ങൾക്കും പ്രാധാന്യമുണ്ടെന്നു പറഞ്ഞ് ഷൈന്റെ ഫോട്ടോയും ജിനേഷ് എടുത്തു.

പരിസ്ഥിതിനാശവുമായി ബന്ധപ്പെട്ട ചർച്ചകളിൽ അഭിപ്രായം പറഞ്ഞ് കയ്യൊഴിയുന്ന മലയാളികളുടെ മനോഭാവം മാറ്റണമെന്നും ഷൈന്റെ വിവരം ഷെയർ ചെയ്ത് ജിനേഷ് ഫേസ്‌ബുക്കിൽ കുറിക്കുന്നു. ഷൈൻ അത്തരത്തിലൊരു വ്യക്തിയല്ല. പരിസ്ഥിതി സംരക്ഷണം തന്റെ ഉത്തരവാദിത്വമാണെന്നു തിരിച്ചറിയുകയും തന്നാൽ ആകുന്നവിധം അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു ഷൈനെന്നും ജിനേഷ് കൂട്ടിച്ചേർക്കുന്നു.