പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഒടിയന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മഞ്ജു വാര്യറുടെയും പ്രകാശ് രാജിന്റെയും ലുക്കുകളാണ് പോസ്റ്ററിൽ. മുടിയും താടിയും നീട്ടി വളർത്തിയ ലുക്കിൽ മോഹൻലാലും പോസ്റ്ററിലുണ്ട്. തന്റെ ഒഫീഷ്യൽ പേജിലൂടെ മോഹൻലാലാണ് പോസ്റ്റർ പുറത്തു വിട്ടത്.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ ട്രെയ്ലർ പുറത്തിറങ്ങിയിരുന്നു. വലിയ വരവേൽപ്പായിരുന്നു ട്രെയ്ലറിന് ലഭിച്ചത്.മോഹൻലാൽ ചിത്രത്തിൽ ഒടിയനായെത്തുമ്പോൾ പ്രകാശ് രാജ് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യർ പ്രഭയായെത്തുന്നു.ഒടിയന്റെ യൗവനം മുതൽ 60 വയസ് വരെയുള്ള കഥാപാത്രത്തെ മോഹൻലാൽ തന്നെയാണ് അവതരിപ്പിക്കുന്നത്.

പീറ്റർ ഹെയ്നാണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്. പുലി മുരുകന് ശേഷം മോഹൻലാൽ ചിത്രത്തിൽ വീണ്ടും കൊറിയോഗ്രഫി ചെയ്തിരിക്കുകയാണ് പീറ്റർ ഹെയ്ൻ. വിക്രം വേദയുടെ പശ്ചാത്തലസംഗീതം നിർവ്വഹിച്ച സാം സി എസ്സാണ് ചിത്രത്തിന്റെയും പശ്ചാത്തലസംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവും മാധ്യമ പ്രവർത്തകനുമായ ഹരി കൃഷ്ണൻ തിരക്കഥയൊരുക്കുന്നു. ഷാജി കുമാറാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലും വാരണാസ്സിയിലുമായാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ബിഗ് റിലീസായിട്ടാണ് ഒടിയൻ തിയേറ്ററുകളിലേക്ക് എത്തുന്നത്. നരേൻ, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ 14 ന് ചിത്രം തിയറ്ററുകളിലെത്തും