ഡറാഡൂൺ: രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന ഉത്തരഖണ്ഡിൽ കോൺഗ്രസ്- ബിജെപി പോര് മുറുകുന്നു. കോൺഗ്രസ് എംഎൽഎമാരെ കുതിരക്കച്ചവടം നടത്തി പുറത്തുചാടിക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന ആരോപണം ശക്തമായതിനിടെ അമിത്ഷായെ കുതിരക്കച്ചവടക്കാരനായി ചിത്രീകരിച്ചുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് പുതിയ വിവാദത്തിന് വഴിവച്ചു.

ഒരു ബാഗ് നിറയെ കാശുമായി എത്തി എംഎൽഎമാരെ വിലയ്ക്കു വാങ്ങുന്ന ആളായി ചിത്രീകരിച്ചാണ് അമിത് ഷായുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ബിജെപി കോൺഗ്രസിനെതിരെ രംഗത്തെത്തി. തരംതാണ രാഷ്ട്രീയം കളിക്കുകയാണ് കോൺഗ്രസെന്ന് അവർ കുറ്റപ്പെടുത്തി. ശനിയാഴ്‌ച്ചയാണ് ഡെറാഡൂണിൽ ഇത്തരമൊരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

മൂന്ന് എംഎൽഎമാരെ കൂടി വിലയ്ക്കു വാങ്ങണം, അതിനുള്ള ശ്രമത്തിലാണെന്നാ പോസ്റ്ററിലെ വാചകം. ഒമ്പത് എംഎൽഎമാരെ ആടുകളായി ചിത്രീകരിച്ചു കൊണ്ടുമാണ് പോസ്റ്റർ. വിജയം ബഹുഗുണ, സുബോധ് ഉണ്യാൽ, ഷൈല റാണി റാവത്ത്, കൺവാർ പ്രണവ് സിങ് ചാമ്പ്യൻ, അമൃത റാവത്ത്, ഉമേഷ് ശർമ എന്നീ എംഎൽഎമാരെ അമിത് ഷാ വിലയ്ക്കെടുത്തു എന്ന വിധത്തിലാണ് പോസ്റ്റർ.

ഡെറാഡുണിലെ നഗരഹൃദയത്തിൽ തന്നെ ഇത്തരമൊരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടതോടെ രണ്ട് പാർട്ടികളും തമ്മിൽ വാക് യുദ്ധം ആരംഭിച്ചു. കോൺഗ്രസിന് പോസ്റ്ററുമായി യാതൊരു ബന്ധമില്ലെങ്കിലും സാധാരണക്കാർക്ക് അറിയാവുന്ന കാര്യമാണ് പോസ്റ്ററിൽ പറയുന്നതെന്നും സംസ്ഥാന കോൺഗ്രസ് അധ്യ്ഷൻ കിഷോർ ഉപാധ്യായ പറഞ്ഞു. അതേസമയം പോസ്റ്ററിന് പിന്നിൽ കോൺഗ്രസ് ആണെന്നും ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്തതു കൊണ്ടാണ് ഇത്തരം തരംതാണ പ്രചരണം നടത്തുന്നതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.