മിത ഭാരം എങ്ങനെയൊക്കെയാണ് ദുരിതമായി മാറുന്നതെന്ന് കാണിക്കാൻ ഇതിലും നല്ലൊരു മാർഗമില്ല. അമിതവണ്ണമുള്ള സ്ത്രീയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നത് ലൈവായി കാണിച്ചുകൊണ്ട് ബിബിസി അതിന്റെ എല്ലാ ദുരിതങ്ങളും വെളിപ്പെടുത്തുകയാണ്. ഒബിസിറ്റി-ദ പോസ്റ്റുമോർട്ടം എന്ന ഡോക്യുമെന്ററി സെപ്റ്റംബർ 13-ന് ബിബിസി ത്രീയിൽ സംപ്രേഷണം ചെയ്യും.

അമിത വണ്ണമുണ്ടായിരുന്ന സ്ത്രീയുടെ തൊലി, ഹൃദയം, കരൾ, ശ്വാസകോശം, വൃക്കകൾ എന്നിവ പരിശോധിക്കുന്നതാണ് ചിത്രീകരിച്ചിട്ടുള്ളത്. കാലിഫോർണിയയിലെ ലോങ് ബീച്ച് ഐലൻഡിൽനിന്നുള്ള സ്ത്രീ ഹൃദ്രോഗത്തെത്തുടർന്നാണ് മരിച്ചത്. ഇവർക്ക് 60 വയസ്സിനടുത്ത് പ്രായമുണ്ടായിരുന്നു.

വെണ്ണയുടെ നിറത്തിലുള്ള പല ലേയറുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയ മാംസമായിരുന്നു അവരുടെ ദേഹത്തുണ്ടായിരുന്നത്. അത് മുറിക്കുന്നതിന് പതിവിലേറെ ശ്രമം വേണ്ടിവന്നതായി ക്വീൻ മേരി സർവകലാശാലയിലെ പാതോളജി വിഭാഗം ടെക്‌നിക്കൽ ക്യൂറേറ്റർ കാർല വലന്റൈൻ പറഞ്ഞു.

കൊഴുപ്പിന്റെ ശേഖരം ശരീരത്തിനുണ്ടാക്കിയിരുന്ന അപകടങ്ങളെന്തൊക്കെയാണെന്ന് മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് പാതോളജിസ്റ്റ് ജൈൽസ് യിയോ പറഞ്ഞു. അയഞ്ഞ തൊലിക്കുതാഴെയായുള്ള കൊഴുപ്പ് ശേഖരം നീക്കിയശേഷം അവർ സ്ത്രീയുടെ ആന്തരീകാവയവങ്ങൾ പുറത്തെടുത്തു.

അമിതവണ്ണമുള്ള ഒരാളുടെ ഹൃദയം എത്രത്തോളം ദുർബലമായിരിക്കുമെന്ന് സൂചിപ്പിക്കുന്നതായിരുന്നു ഈ സ്ത്രീയുടെ ഹൃദയം. 449 ഗ്രാം ഭാരമുള്ള ഹൃദയമായിരുന്നു സ്ത്രീയുടേത്. അയഞ്ഞ നിലയിലായിരുന്നു അതിന്റെ പേശികൾ. ഉയർന്ന രക്തസമ്മർദത്തെത്തുടർന്ന് ഹൃദയാഘാതമുണ്ടായ നിലയിലായിരുന്നു അതുണ്ടായിരുന്നത്.


സ്ത്രീയുടെ ശരീരത്തിലേക്ക് രക്തം പമ്പ് ചെയ്യാനുള്ള ശേഷി ഈ ഹൃദയത്തിനുണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. സ്ത്രീയുടെ കരളും ആകെ തകർന്ന നിലയിലായിരുന്നു. സാധാരണ കരൾ വളരെ മൃദുവാണെങ്കിൽ ഒരു മാംസപിണ്ഡത്തെപ്പോലെ കടുപ്പമേറിയതായിരുന്നു ഈ സ്ത്രീയുടെ കരൾ.