- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിലും പോസ്റ്റ്മോർട്ടത്തിന് തീരുമാനം ; കാത്തിരിപ്പ് കുറയും അവയവ ദാനത്തിന് ഗുണം ചെയ്യും; കൂടുതൽ സംവിധാനങ്ങൾ വേണമെന്ന് വിദഗ്ദ്ധർ
കോഴിക്കോട് : രാത്രിയിലും പോസ്റ്റ്മോർട്ടം നടത്താനുള്ള പുതിയ ഉത്തരവിനെ സ്വാഗതം ചെയ്ത് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ. നിലവിൽ വൈകീട്ട് നാലുവരെയാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.ഇത് കഴിഞ്ഞെത്തുന്നവ അടുത്ത ദിവസത്തേക്കായി മോർച്ചറിയിൽ സൂക്ഷിക്കും. അതിനാൽ, മാനസികമായി തകർന്ന അവസ്ഥയിൽ മോർച്ചറി പോലുള്ളിടത്ത് ബന്ധുക്കൾ മൃതദേഹത്തിനായി കാത്തിരിക്കുകയാണ് പതിവ്. മാത്രമല്ല അവയവ ദാനം പോലുള്ളവയ്ക്കും നിലവിലെ വ്യവസ്ഥ തിരിച്ചടിയാണ്.
ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനത്തെ ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുന്നത്.രാത്രിയിലും പോസ്റ്റ്മോർട്ടം തുടർന്നാൽ ആശുപത്രികളിൽ മൃതദേഹത്തിനായുള്ള ബന്ധുക്കളുടെ കാത്തിരിപ്പും മോർച്ചറിയിലെ തിരക്കും കുറയും. അവയവ ദാന ഉദ്യമങ്ങൾക്കും ഇത് അനുകൂല സാഹചര്യമുണ്ടാക്കും.ആത്മഹത്യ, കൊലപാതകം തുടങ്ങി കൂടുതൽ വ്യക്തത വേണ്ടിവരുന്ന കേസുകളിൽ പകൽ തന്നെ പോസ്റ്റുമോർട്ടം നടത്താനാണ് ഉത്തരവ്.എന്നാൽ ഉത്തരവ് നടപ്പാക്കണമെങ്കിൽ സർക്കാർ ആശുപത്രികളിൽ സുസജ്ജമായ സംവിധാനങ്ങൾ അനിവാര്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പുതിയ ഉത്തരവ് നടപ്പാകണമെങ്കിൽ കൂടുതൽ ജീവനക്കാരും അടിസ്ഥാന സൗകര്യവും വികസിപ്പിക്കണമെന്ന് പ്രമുഖ ഫോറൻസിക് സർജൻ ഡോ. ഷെർലി വാസു പറഞ്ഞു. നല്ല വെളിച്ചത്തിനുള്ള സംവിധാനം വേണം.രാത്രിയിൽ ജീവനക്കാർക്കാവശ്യമായ സുരക്ഷിതത്വവും സൗകര്യങ്ങളും വേണം. ഇതിനായി സൂപ്രണ്ടിനു കീഴിൽ സമിതി ഉണ്ടാക്കണം. പകൽ ചെയ്യുന്നത്ര കൃത്യത രാത്രിയിൽ ഉറപ്പാക്കാനാവില്ല. വലിയ തർക്ക സാധ്യതകളില്ലാത്ത കേസുകൾ രാത്രി ചെയ്യാം. എന്നാൽ, ഇത് പിന്നീട് സംശയത്തിനിടയാക്കരുത്. പൊലീസുൾപ്പെടെയാണ് ഇതു തീരുമാനിക്കേണ്ടത്. ഈ സാഹചര്യത്തിൽ മുഴുവൻ ശരീരവും സുരക്ഷിതമായി സ്കാൻ ചെയ്യുന്ന വെർച്വൽ ഓട്ടോപ്സി നടപ്പാക്കണമെന്നും അവർ പറഞ്ഞു.
'കൃത്യമായി നടപ്പാക്കാനായാൽ നല്ല തീരുമാനമാണിത്. അതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കേണ്ടതുണ്ട്. ഏതൊക്കെ കേസുകളാണ് രാത്രി ചെയ്യാവുന്നത് എന്നതിൽ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും വിദഗ്ദ്ധർ പറയുന്നു