ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വച്ച് അയർലണ്ടിൽ മദ്യത്തിനും ഉരുളക്കിഴങ്ങിനും വൻ വിലയാണെന്ന് യൂറോപ്യൻ യൂണിയൻ സ്റ്റാറ്റിസ്റ്റിക്‌സ് ഏജൻസി. മദ്യത്തിന് ഏറ്റവും കൂടുതൽ വില നൽകേണ്ടത് അയർലണ്ടിലാണ്. ഉരുളക്കിഴങ്ങിന്റെ വിലയിൽ യൂറോപ്പിൽ രണ്ടാം സ്ഥാനത്താണ് അയർലണ്ട്. മുട്ട, പാൽ, ചീസ് എന്നിവയുടെ വിലയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്തും.

യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി അയർലണ്ടിലെ റീട്ടെയ്‌ലർമാർ ഉയർന്ന മാർജിൻ എടുക്കുന്നതാണ് വില വർധനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഉരുളക്കിഴങ്ങിന്റെ ഉത്പാദത്തിൽ 30 ശതമാനം ഇടിവു വന്നതും കിഴങ്ങിന്റെ വില വർധനയ്ക്ക് മറ്റൊരു കാരണമാണ്. യുകെയിൽ നിന്ന് ഉരുളക്കിഴങ്ങ് ഇറക്കുമതി ചെയ്യുന്നതും വില വർധനയ്ക്ക് കാരണമാകുന്നുണ്ട്.

യൂറോപ്യൻ യൂണിയനിൽ ആഹാരപദാർഥങ്ങളുടേയും നോൺ ആൾക്കഹോളിക് ഡ്രിങ്ക്‌സിന്റെയും വിലയുടെ കാര്യത്തിൽ അയർലണ്ടിന് നാലാം സ്ഥാനമാണെന്ന് കഴിഞ്ഞ വർഷം യൂറോസ്റ്റാറ്റ് കണക്കെടുപ്പിൽ തെളിഞ്ഞിരുന്നു. യൂറോപ്യൻ ശരാശരിയെക്കാൾ 119 ശതമാനം കൂടുതലാണ് ഇവിടെ ഇവയുടെ വില. ഇക്കാര്യത്തിൽ ഡെന്മാർക്ക്, സ്വീഡൻ, ഓസ്ട്രിയ എന്നിവയാണ് അയർലണ്ടിനെക്കാൾ മുന്നിട്ടുനിൽക്കുന്നത്.

ആൽക്കഹോളിന്റെ കാര്യത്തിൽ യൂറോപ്യൻ യൂണിയൻ ശരാശരിയെക്കാൾ 175 ശതമാനം വിലക്കൂടുതലാണ് അയർലണ്ടിൽ. പുകയില ഉത്പന്നങ്ങൾക്കും ഇവിടെ വിലക്കൂടുതൽ തന്നെ. പഴങ്ങൾ, പച്ചക്കറികൾ, ഉരുളക്കിഴങ്ങ് എന്നിവയ്ക്ക് റിപ്പബ്ലിക്കിൽ ഇയു ശരാശരിയെക്കാൾ 135 ശതമാനമാണ് വിലക്കൂടുതലുള്ളത്. സ്വീഡനാണ് ഇക്കാര്യത്തിൽ അയർലണ്ടിനെക്കാൾ മുന്നിൽ. മിൽക്ക്, ചീസ്, മുട്ട എന്നിവയുടെ വിലയിൽ സൈപ്രസ്, ഗ്രീസ് എന്നിവയ്ക്കു പിന്നിലാണ് അയർലണ്ടിന്റെ സ്ഥാനം.