കോതമംഗലം: കളക്ടർ പള്ളിയിലെ ബാങ്കുവിളി തടഞ്ഞു. പരാതിക്കാരനായ മൗലവിക്കെതിരെ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്ത്. പോത്താനിക്കാട് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കൂവള്ളൂർ കല്ലിരിക്കുംകണ്ടം ഭാഗത്ത് പ്രവർത്തിച്ച് വന്നിരുന്ന മണിക്കിണർ ജുമാമസ്ജീദീലെ ബാങ്കുവിളിച്ച് നമസ്‌കാരമാണ് കളക്ടർ നിരോധിച്ചിട്ടുള്ളത്. പ്രദേശവാസിയും സമീപത്തെ മദ്രസുടെ നടത്തിപ്പുകാരനുമായ പറമ്പിൽ സുലൈമാൻ മൗലവിയുടെ പരാതിയിലാണ് കളക്ടറുടെ ഉത്തരവ്. പോത്താനിക്കാട് പൊലീസ് ഇടപെട്ടാണ് ഉത്തരവ് നടപ്പിൽ വരുത്തിയിട്ടുള്ളത്.

മതപണ്ഡിതൻ എന്ന നിലയിൽ പൊതുസമൂഹത്തിൽ നിറഞ്ഞ് നിൽക്കുന്ന സുലൈമാൻ മൗലവി വിശ്വാസത്തിന്റെ ആണിക്കല്ല് എന്നുപറയാവുന്ന ബാങ്കുവിളിക്ക് തടസ്സം സൃഷ്ടിക്കാൻ ഒരുമ്പെട്ടിറങ്ങിയത് എന്തിന്റെ പേരിലായാലും പൊറുക്കാവുന്ന തെറ്റല്ലന്നാണ് പ്രദേശത്തെ തലമുതിർന്ന മതവിശ്വാസികളിൽ ഒട്ടുമിക്കവരുടെയും അഭിപ്രായം.

മൗലവി സമുദായത്തോട് കാണിച്ച വഞ്ചന എന്ന നിലയിലാണ് മണിക്കിണർ മഹല്ല് കമ്മറ്റി ഭാരവാഹികൾ സംഭവത്തെ വിലിരുത്തുന്നത്. പ്രദേശവാസികളായ വിശ്വാസികളിൽ ഭൂരിപക്ഷവും തങ്ങൾക്കൊപ്പമാണെന്നും ഇക്കൂട്ടർ വാദിക്കുന്നു. മഹല്ല് കമ്മറ്റി പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തുവരുന്ന മുഹമ്മദ് കെ എ ,അലി വെള്ളയ്ക്കാമറ്റം, അനസ് കുളത്തായി,ടി എച്ച് മുഹമ്മദ് എന്നിവർ മൗലവിയുടെ നടപടിയിലുള്ള പ്രതിഷേധം മറുനാടനുമായി പങ്കുവച്ചു.

ഈ ഹീനകൃത്യം ചെയ്ത മൗലവി സമുദായത്തിന്റെ വിരോധിയാണോ എന്നുപോലും തങ്ങൾ സംശയിക്കുന്നുണ്ടെന്നും ഇതര മതസ്ഥർ പോലും സമുദായത്തോട് ഏറെ സ്‌നേഹത്തോടെ കഴിയുന്ന പ്രദേശത്ത് മൗലവി ഇത്തരത്തിൽ പ്രവർത്തിച്ചതിന് പിന്നിൽ ഗൂഡ ലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നുമാണ് ഇവരുടെ പക്ഷം. മദ്രസുടെ പേരിൽ പഞ്ചായത്തിൽ നിന്നും അനുമതി വാങ്ങിയ കെട്ടിടത്തിൽ ആരാധനാലയം പ്രവർത്തിക്കുന്നത് അനധികൃതമായിട്ടാണെന്നും അതിനാൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നുമായിരുന്നു മൗലവിയുടെ പരാതിയുടെ ഉള്ളടക്കം.

രണ്ടുപതിറ്റാണ്ടോളമായി നിലനിന്നിരുന്ന പള്ളിയിലെ ബാങ്ക് വിളിച്ച് നമസ്‌കാരം തടഞ്ഞുകൊണ്ടുള്ള കളക്ടറുടെ അനുകൂല ഉത്തരവ് സമ്പാദിച്ച മൗലവിയുടെ നടപടി പ്രദേശത്തെ നിഷ്പക്ഷരായ വിശ്വാസികളിലും പ്രതിഷേധമുയർത്തിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. കളക്ടറിൽ നിന്നും ബാങ്ക് വിളി നിരോധിച്ചുകൊണ്ടുള്ള അനുകൂല ഉത്തരവ് നേടിയ സുലൈമാൻ മൗലവിക്ക് കല്ലിരിക്കുംകണ്ടം നിവാസികളുടെ അഭിനന്ദനങ്ങൾ എന്നപേരിൽ ആരുടെയും പേര് വയ്ക്കാതെ അടിച്ചിറക്കിയ നോട്ടീ്‌സ് പ്രദേശത്ത് പരക്കെ പ്രചരിച്ചിട്ടുണ്ട്. ഇത് സോഷ്യമീഡിയ വഴിയും പ്രദേശവാസികൾ പങ്കുവയ്ക്കുന്നുണ്ട്.

പ്രദേശത്ത സമുദായംഗങ്ങളെ ഇക്കാര്യം ബോദ്ധ്യപ്പെടുത്തുന്നതിനായുള്ള പ്രാചരണ പരിപാടികളും മഹല്ല് കമ്മറ്റി അവിഷ്‌കരിച്ച് നടപ്പാക്കിവരുന്നതായും അറിയുന്നു.