തിരുവനന്തപുരം: പോത്തൻകോട് കല്ലൂർ സുധീഷ് വധക്കേസിലെ മുഖ്യ പ്രതികൾ പിടിയിൽ. ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മുട്ടായി ശ്യാം എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ് മുട്ടായി ശ്യാം. കേസിലെ പ്രധാന പ്രതിയായ ഒട്ടകം രാജേഷിനെ പിടികൂടാനായില്ല.

കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് 2.30നാണ് വധശ്രമക്കേസിൽ പ്രതിയായ സുധീഷ് ഒളിവിൽ താമസിച്ച പോത്തൻകോട് കല്ലൂർ പാണൻവിള കോളനിയിൽവെച്ച് 11 അംഗ അക്രമിസംഘം വീട് വളഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലക്ക് ഉപയോഗിച്ച ആയുധങ്ങൾ വെഞ്ഞാറമൂട് മൂളയാറിന്റെ പരിസരത്തു നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.

കൊലക്കേസ് പങ്കാളികളായ 11 അംഗ സംഘത്തിലെ എട്ട് പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഓട്ടോ ഡ്രൈവർ കണിയാപുരം പള്ളിപ്പുറം മണക്കാട്ടുവിളാകം തെക്കേവിള പണയിൽ വീട്ടിൽ രഞ്ജിത്ത് (28), ചിറയിൻകീഴ് ശാസ്തവട്ടം കോളനി സീന ഭവനിൽ ബ്ലോക്ക് നമ്പർ 35ൽ നന്ദീശൻ (നന്ദീഷ് -22), വെയിലൂർ ശാസ്തവട്ടം സുധീഷ് ഭവനിൽ നിതീഷ് (മാെട്ട -24 ), കോരാണി ആലപ്പുറം കുന്ന് വടക്കുംകര വീട്ടിൽ ഷിബിൻ (24), തോന്നയ്ക്കൽ കുഴിത്തോപ്പ് വീട്ടിൽ ജിഷ്ണു (കട്ട ഉണ്ണി -22), കോരാണി വൈ.എം.എ ജങ്ഷൻ വിഷ്ണുഭവനിൽ സൂരജ് (വിഷ്ണു -23), ചെമ്പൂര് കുളക്കോട് പുത്തൻവീട്ടിൽ സച്ചിൻ (24), കുടവൂർ കട്ടിയാട് കല്ലുവെട്ടാൻകുഴി വീട്ടിൽ അരുൺ (ഡമ്മി -23), പിരപ്പൻകോട് തൈക്കാട് മുളക്കുന്ന് ലക്ഷംവീട്ടിൽ ശ്രീനാഥ് (നന്ദു -21) എന്നിവരാണ് പിടിയിലായത്. സൂരജ് ഖോഖോ ദേശീയതാരമാണ്.

പട്ടാപ്പകൽ വീട്ടിൽ കയറിയ ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ ഗുണ്ടാസംഘം ആദ്യം നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമികളെ കണ്ട് സുധീഷ് സമീപത്തെ ബന്ധുവീട്ടിൽ ഓടിക്കയറി. വീടിന്റെ വാതിലും ജനലും തകർത്ത് അകത്തുകയറിയ സംഘം അവിടെയുണ്ടായിരുന്ന കുട്ടികൾക്ക് മുന്നിലിട്ട് സുധീഷിനെ ദേഹമാസകലം വാളും മഴുവും കൊണ്ട് വെട്ടി.

ഇടതുകാൽ വെട്ടിയെടുത്ത് ബൈക്കിൽ അരകിലോമീറ്റർ അകലെ കല്ലൂർ മൃഗാശുപത്രി ജങ്ഷനിലെത്തി ആഹ്ലാദ പ്രകടനം നടത്തി. തുടർന്ന് റോഡിൽ വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെട്ടു. ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയതിനാൽ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങിയില്ല.

ഗുണ്ടാപ്പകയാണ് കൊലപാതക കാരണമെന്നാണ് നിഗമനം. മംഗലപുരം, ആറ്റിങ്ങൽ സ്റ്റേഷനുകളിൽ വധശ്രമം, അടിപിടി കേസുകളിൽ പ്രതിയാണ് സുധീഷ്. ആറ്റിങ്ങൽ മങ്ങാട്ടുമൂലയിൽ ഈ മാസം ആറിന് സുധീഷിന്റെ സംഘം വീട് ആക്രമിച്ച് രണ്ടുപേരെ വെട്ടിയിരുന്നു. അഞ്ചംഗസംഘം നടത്തിയ ആക്രമണത്തിൽ നാലുപേർ ജയിലിലാണ്. കല്ലൂർ പാണൻവിളയിലെ അമ്മയുടെ കുടുംബവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു സുധീഷ്.

കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് വെട്ടിയതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സുധീഷ് പൊലീസിന് മൊഴി നൽകിയിരുന്നു.