- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോത്തൻകോട് കെട്ടിട നിർമ്മാണ കരാറുകാരനെ മർദിച്ച സംഭവം: എട്ട് തൊഴിലാളികൾക്ക് പങ്കെന്ന് തൊഴിൽ വകുപ്പ് റിപ്പോർട്ട്; തൊഴിലാളി കാർഡ് സസ്പെന്റ് ചെയ്യും
തിരുവനന്തപുരം: പോത്തൻകോട് ചുമട്ടു തൊഴിലാളികൾ കെട്ടിട നിർമ്മാണ കരാറുകാരനെ മർദിച്ച സംഭവത്തിൽ തൊഴിലാളി കാർഡുള്ള എട്ട് പേർക്ക് പങ്കുണ്ടെന്ന് തൊഴിൽവകുപ്പ് റിപ്പോർട്ട്. ഇവരുടെ തൊഴിലാളി കാർഡ് സസ്പെന്റ് ചെയ്യാൻ ഡെപ്യൂട്ടി ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകിയതായി തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
വ്യാഴാഴ്ചയാണ് പോത്തൻകോട് വീട് നിർമ്മാണം നടത്തിക്കൊണ്ടിരിക്കെ ചുമട്ടുതൊഴിലാളികൾ സംഘടിതമായെത്തി പണി തടസപ്പെടുത്താൻ ശ്രമിച്ചത്. കരാറുകാരൻ മണികണ്ഠന് മർദനമേൽക്കുകയും ചെയ്തു. തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടെത്തി മർദിക്കുകയായിരുന്നു എന്ന് മണികണ്ഠൻ പൊലീസിൽ പരാതിയും നൽകി. തുടർന്നു സിഐടിയു, ഐഎൻടിയുസി യൂണിയനുകളിൽപ്പെട്ട അഞ്ച് തൊഴിലാളികളെ പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശ പ്രകാരം തൊഴിൽ വകുപ്പും വിഷയത്തിൽ ഇടപെട്ടു. തൊഴിലാളി കാർഡുള്ള എട്ടുപേർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് അസിസ്റ്റന്റ് ലേബർ ഓഫീസർ റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ ലേബർ കാർഡ് സസ്പെന്റ് ചെയ്യാൻ ജില്ലാ ലേബർ ഓഫീസർ ഡെപ്യൂട്ടി ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകി. നോക്കുകൂലി ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ നിലപാട് മുഖ്യമന്ത്രി പിണറായി വിജയനും ആവർത്തിച്ചു.
സംസ്ഥാനത്തെ ഒരു സംഘടിത തൊഴിലാളി യൂണിയനും നോക്കുകൂലിയെ അനുകൂലിക്കുന്നില്ല. അത് നേരത്തെ അവർ വ്യക്തമാക്കിയതാണ്. അത്തരം പ്രശ്നങ്ങളിൽ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ