- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോത്തൻകോട്ടെ വില്ലന്മാർ ഒളിവിൽ കഴിഞ്ഞത് കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫൈസലിനേയും സംഘത്തേയും പൊക്കി പൊലീസ്; വിശദ ചോദ്യം ചെയ്യലിന് പൊലീസ്; പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം കുടുങ്ങുമ്പോൾ
കൊല്ലം: പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം പൊലീസ് പിടിയിൽ. ഫൈസൽ അടക്കം നാലുപേരെയാണ് പൊലീസ് പിടികൂടിയത്. കരുനാഗപ്പള്ളയിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. മാസങ്ങൾക്കു മുമ്പ് പള്ളിപ്പുറത്ത് ജൂവലറി ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണം കവർന്നതുൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണ് ഫൈസൽ
ഞായറാഴ്ച പുലർച്ചെയാണ് കരുനാഗപ്പള്ളി പൊലീസ് ലോഡ്ജിലെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇവരെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് ഇവരെ തിരുവനന്തപുരത്തേക്ക് തിരിച്ചു. പ്രതികൾ ഒളിവിൽ കഴിയുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്.
കഴിഞ്ഞ ദിവസമാണ് കാർ യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. വെഞ്ഞാറമൂട് വയ്യേറ്റ് ഇടവിളാകത്ത് വീട്ടിൽ ഷെയ്ക്ക് മുഹമ്മദ് (46) എന്ന ഷാ, ഷായുടെ മകൾ എന്നിവർക്കു നേരേയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി 8.30-ന് പോത്തൻകോട് ജങ്ഷനു സമീപമായിരുന്നു സംഭവം.
നാലംഗ സംഘം സഞ്ചരിച്ച കാറിനെതിരേ ഷായുടെ കാർ വന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച ശേഷം നാലംഗ സംഘം കാറിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശ്രീകാര്യം ഭാഗത്തുനിന്നും ഷായും മകളും സഞ്ചരിച്ച കാർ ഇവരുടെ കാറിനടുത്ത് എത്തിയത്. കാറിന് റോഡ് മുറിച്ചു കടക്കാൻ ഷാ സഞ്ചരിച്ച കാർ പിറകോട്ടെടുക്കാൻ പറഞ്ഞെങ്കിലും പുറകെ മറ്റു വാഹനങ്ങളുള്ളതിനാൽ കഴിഞ്ഞില്ല.
കാർ പുറകോട്ടെടുക്കാത്തതിൽ പ്രകോപിതരായ ഗുണ്ടാ സംഘം ആദ്യം ഷായെ ആക്രമിക്കുകയായിരുന്നു. വാപ്പയെ അടിക്കരുതെന്ന് മകൾ കരഞ്ഞു പറഞ്ഞെങ്കിലും അവർ മർദിക്കുകയായിരുന്നെന്നു പെൺകുട്ടി പറയുന്നു. തുടർന്ന് പെൺകുട്ടിക്കു നേരേയായി ആക്രമണം. കാറിൽ പെൺകുട്ടിയിരുന്ന വശത്ത് വന്ന് അസഭ്യം പറയുകയും തോളിലും മുടിയിലും പിടിച്ചതായും പരാതിയിൽ പറയുന്നു.
ഇതേ സംഘം ഇതേ ദിവസം ഏതാനും യുവാക്കളെയും ആക്രമിച്ചിരുന്നു. പോത്തൻകോടുള്ള ബാറിന് മുന്നിലെത്തി പ്രശ്‌നങ്ങളുണ്ടാക്കിയ സംഘം യുവാവിന്റെ തലയിൽ ബിയർകുപ്പികൊണ്ട് അടിച്ചു. നാല് ബിയർ കുപ്പി തലയിൽ അടിച്ചുപൊട്ടിച്ച് അതിക്രൂരമായാണ് ഗുണ്ടാ സംഘം യുവാവിനെ ആക്രമിച്ചത്. ഇതിനുശേഷം നെഞ്ചിന് താഴെ കുപ്പി കുത്തിയിറക്കുകയും ചെയ്തു.
പരിക്കേറ്റ യുവാവിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കേളേജിൽ ചികിത്സയിലാണ്.
മറുനാടന് മലയാളി ബ്യൂറോ