കൊച്ചി: പോത്തീസിന്റെ കലൂരിലുള്ള നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണത് നിർമ്മാണത്തിലെ അപാകത മൂലം. അശാസ്ത്രീയ നിർമ്മാണമാണ് ദുരന്തമുണ്ടാക്കിയത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. അതേ സമയം കെട്ടിടയുടമകൾ പറയുന്നത് വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി മണ്ണ് ഒലിച്ചു പോടതിനെ തുടർന്നാണ് അപകടം സംഭവിച്ചത് എന്നാണ്. ഇത് രക്ഷപ്പെടാനുള്ള തന്ത്രമെന്നാണ് വിലയിരുത്തൽ. ഇതിനെ പിന്തുണയ്ക്കാൻ ചില ഉദ്യോഗസ്ഥരും താൽപ്പര്യം കാട്ടുന്നുണ്ട്. പോത്തീസിനെതിരെ അശാസ്ത്രീയ നിർമ്മാണത്തിന് നടപടി ഉണ്ടാകാതിരിക്കാനാണ് ഇതെന്നാണ് സൂചന.

ഒരു സുരക്ഷാ മാനദണ്ഡവുമില്ലെതെയാണ് കെട്ടിട നിർമ്മാണം നടന്നത്. നേരത്തെ സൂചന കിട്ടിയതു കൊണ്ട് മാത്രമാണ് തൊഴിലാളികൾക്ക് രക്ഷപ്പെടാനായത്. അല്ലെങ്കിൽ നിരവധി പേരുടെ ജീവനെടുക്കുന്ന അപകടമായി കൊച്ചിയിലെ ദുരന്തം മാറിയേനേ. കൊച്ചി മെട്രോ അടക്കമുള്ളവയുടെ പ്രവർത്തനം തന്നെ തടസ്സപ്പെടുത്തുന്ന രീതിയിലാണ് അപകടം മാറിയത്. ഇത് മൂലം മെട്രോയ്ക്ക് വൻ നഷ്ടവും ഉണ്ടാകും. ഇത് പോത്തീസിൽ നിന്ന് ഈടാക്കണമെന്ന ആവശ്യം ശക്തമാണ്. വാഹന ഗതാഗതത്തേയും അപകടം താറുമാറാക്കി.