മുണ്ടക്കയം: പൊട്ടംകുളം മാത്യു സ്‌കറിയ എന്ന രാജുച്ചായൻ നാട്ടുകാർക്ക് നന്മയുടെ ആൾരൂപമായിരുന്നു. സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരീപുത്രന്റെ വെടിയേറ്റ് മരിച്ച മാത്യു, നാട്ടിലെ വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആളുകൾക്ക് വീട് നിർമ്മിക്കാൻ രണ്ടേക്കർ പത്ത് സെന്റ് സ്ഥലമാണ് അദ്ദേഹം പഞ്ചായത്തിന് സൗജന്യമായി വിട്ടുനൽകിയത്.

കൂട്ടിക്കൽക്കാരുടെ എല്ലാ പ്രശ്‌നങ്ങൾക്കും ഒരു മധ്യസ്ഥനായിരുന്നു രാജുച്ചായൻ. പ്രളയത്തിൽ കൂട്ടിക്കൽ ഗ്രാമം വിറങ്ങലിച്ചപ്പോൾ സഹായഹസ്തവുമായി മാത്യു സ്‌കറിയ രക്ഷാപ്രവർത്തന രംഗത്ത് സജീവമായിരുന്നു. അതിന് ശേഷമാണ് മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വച്ചു നൽകുവാനായി രണ്ട് ഏക്കർ 19 സെന്റ് സ്ഥലമാണ് അദ്ദേഹം സൗജന്യമായി വിട്ടുനൽകിയത്.

രണ്ടുമാസം മുന്പ് കൂട്ടിക്കലിൽ നടന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖാന്തിരം കൂട്ടിക്കൽ പഞ്ചായത്തിനു വസ്തുവിന്റെ രേഖകൾ കൈമാറിയിരുന്നു. സഹോദരീ മക്കളുടെ പ്രശ്‌നങ്ങളിൽ പരിഹാരം കാണാൻ കാഞ്ഞിരപ്പള്ളിക്കുപോയ മാത്യൂസ് സ്‌കറിയ സഹോദരീ പുത്രന്റെ വെടിയേറ്റാണു മരിച്ചത്. പ്ലാന്ററായ മാത്യു സ്‌കറിയ തന്റെ തോട്ടത്തിലെ ജീവനക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികളെ സഹായിക്കുന്ന വ്യക്തിയായിരുന്നു.

രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരോടും സൗഹൃപൂർവം പെരുമാറുന്ന വ്യക്തിത്വം. പാലാ രൂപത പാസ്റ്ററൽ കൗൺസിലംഗം, പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനിയറിങ് കോളജ് ഡയറക്ടർ ബോർഡ് അംഗം, കൂട്ടിക്കൽ സെന്റ് ജോർജ് പള്ളി കമ്മിറ്റി അംഗം, കൈക്കാരൻ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു പോന്നിരുന്നു.

പ്രളയത്തിൽ പെട്ടവർക്കായി കൂട്ടിക്കൽ ചപ്പാത്തിന് സമീപമുള്ള വിലപിടിപ്പുള്ള ഭൂമിയാണ് വിട്ടുനൽകിയത്. ഇവിടെ ആറ് കുടുംബങ്ങൾക്ക് വീടുവെച്ച് നൽകണമെന്ന് അദ്ദേഹം അധികൃതരോട് പറഞ്ഞിരുന്നു. ആധാരം കൈമാറുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കും മുമ്പേ രാജുച്ചായൻ വിടപറഞ്ഞു.

സഹോദരിയുടെ മക്കളുടെ സ്വത്തുതർക്കം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ കാഞ്ഞിരപ്പള്ളിക്ക് പോയ മാത്യൂസ് സ്‌കറിയ, സഹോദരീ പുത്രൻ കരിമ്പനാൽ രഞ്ജു കുര്യന്റെ വെടിയേറ്റാണ് മരിച്ചത്. ഭാര്യ: ആനി. മക്കൾ: രേണു, അഞ്ചു, അന്നു, നീതു. മരുമക്കൾ: മാത്തൻ ചാക്കോള, മാത്യു കുരുവിനാക്കുന്നേൽ, സൻജു ആനത്താനം, ഔസേപ്പ് പുളിക്കൽ.