ഴിഞ്ഞ കുറച്ച് മാസങ്ങളായി തീർത്തും അനിശ്ചിതത്വത്തിലായിരുന്ന ബ്രെക്സിറ്റ് ചർച്ചകൾക്ക് പൊടുന്നനെ പുത്തൻ ഉണർവുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ബ്രെക്സിറ്റ് വിഷയത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ ഉറച്ച് നിലപാടുകളെടുത്തതോടയാണ് യൂറോപ്യൻ യൂണിയൻ കടുംപിടിത്തങ്ങൾക്ക് അയവ് വരുത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് പത്ത് ദിവസത്തിനകം ബ്രെക്സിറ്റ് കരാറിലൊപ്പിടുമെന്നും സൂചനയുണ്ട്. ഇത്തരത്തിൽ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട ആശങ്കയുടെ കാർമേഘം ഒഴിഞ്ഞതോടെ പൗണ്ടിന്റെ മൂല്യം ഉയർന്നുവെന്നാണ് റിപ്പോർട്ട്.

ഐറിഷ് ബോർഡർ, മറ്റ് നിരവധി പ്രശ്നങ്ങൾ എന്നിവയിൽ ഇരു പക്ഷവും വിട്ട് വീഴ്ചകൾക്ക് തയ്യാറാവാത്തതിനെ തുടർന്നായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളായി ബ്രൈക്സിറ്റ് ചർച്ചകൾ വഴിമുട്ടിയിരുന്നത്. ബ്രെക്സിറ്റ് ഡീൽ വളരെ അടുത്തെത്തിയിരിക്കുന്നുവെന്നാണ് യൂുറോപ്യൻ യൂണിയന്റെ ചീഫ് നെഗോഷ്യേറ്ററായ മൈക്കൽ ബാർണിയറുടെ ടീം യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി നിർണായകമായ ബ്രെക്സിറ്റ് യോഗം നടക്കാനിരിക്കവെയാണ് ഈ വെളിപ്പെടുത്തലുണ്ടായിരിക്കുന്നതെന്നതും പ്രതീക്ഷ വർധിപ്പിക്കുന്നു.

നിർണാകമായ യൂറോപ്യൻ കൗൺസിൽ സമ്മിറ്റിന് മുമ്പ് വിവിധ യൂണിയൻ രാജ്യങ്ങളുടെ അംബാസിഡർമാർ തമ്മിൽ ചർച്ചകൾ നടന്നു വരുന്നുണ്ട്. ഇതിലൂടെ ബ്രെക്സിറ്റ് ചർച്ചയിൽ മറ്റ് 27 യൂണിയൻ രാജ്യങ്ങൾക്കും ബ്രെക്സിറ്റ് വിലപേശലിൽ പുതിയൊരു ദിശയാണ് ലഭിച്ചിരിക്കുന്നത്. ബ്രെക്സിറ്റിനായി തെരേസ തയ്യാറാക്കിയിരുന്ന ചെക്കേർസ് പ്ലാൻ സാൽസ്ബർഗിൽ ചേർന്ന അനൗദ്യോഗിക സമ്മിറ്റിൽ വച്ച് യൂണിയൻ നിഷ്‌കരുണം നിരസിച്ചതിനെ തുടർന്ന് യാതൊരു വിധത്തിലുമുള്ള ഡീലുമില്ലാതെ യുകെ വിട്ട് പോകേണ്ടി വരുമെന്ന അനിശ്ചിതത്വം വർധിച്ചിരുന്നു.

ഇതിനെ തുടർന്ന് ടോറി പാർട്ടിയിലും സർക്കാരിലും തെരേസക്ക് മേലുള്ള സമ്മർദം വർധിച്ച് വരുകയും ചെയ്തിരുന്നു. എങ്കിലും താൻ ഡീലൊന്നുമില്ലാതെ യൂണിയൻ വിട്ട് പോകുമെന്ന ധീരമായ നിലപാടായിരുന്നു തെരേസ പുലർത്തിയിരുന്നത്. ഇതിന് മുന്നിൽ യൂണിയൻ വഴങ്ങാൻ നിർബന്ധിതമാവുകയായിരുന്നുവെന്നാണ് പുതിയ സൂചന. ഒക്ടോബറിൽ നടക്കുന്ന സമ്മിറ്റിൽ വിത്ത്ഡ്രാവൽ കരാർ തയ്യാറാക്കുന്നതിനായിരിക്കും ഊന്നൽ നൽകുന്നത്. തുടർന്ന് നവംബറിൽ അടിയന്തിര ബ്രെക്സിറ്റ് സമ്മിറ്റിൽ വച്ച് ഭാവിയിലെ പങ്കാളിത്ത വ്യവസ്ഥയെക്കുറിച്ച് കരാറുകളുണ്ടാക്കുന്നതായിരിക്കും. എന്നാൽ ഐറിഷ് അതിർത്തിയുമായി ബന്ധപ്പെട്ടാണ് ഇരുപക്ഷവും ഇനിയും തീരുമാനത്തിലെത്താത്തത്. ഇതിനായി ഇരുപക്ഷവും മുന്നോട്ട് വച്ച നിർദേശങ്ങൾ പരസ്പരം തള്ളിക്കളഞ്ഞിരിക്കുന്നതിനാൽ പുതിയ നിർദേശങ്ങൾ ഇതിനായി മുന്നോട്ട് വയ്ക്കാനാണ് വെസ്റ്റ് മിൻസ്റ്ററും ബ്രസൽസും ഒരുങ്ങുന്നത്.

ബ്രെക്സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പെരുകിയപ്പോഴൊക്കെ പൗണ്ടിന്റെ മൂല്യം ഇടിഞ്ഞ് താണിരുന്നു. ബ്രെക്സിറ്റ് കരാർ പത്ത് ദിവസത്തിനകം ഒപ്പിടുമെന്ന പ്രതീക്ഷ ശക്തമായതോടെ പൗണ്ട് വില വീണ്ടും ഉയർന്നു. ഈ ആഴ്ച നടക്കുന്ന നിർണാകമായ ബ്രെക്സിറ്റ് ചർച്ചയിൽ അനിശ്ചിതത്വങ്ങൾ ഇല്ലാതാവുന്നതോടെ ഈ വർഷം അവസാനത്തോടെ പൗണ്ട് ശക്തമാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത്. പുതിയ സാഹചര്യത്തിൽ ബ്രെക്സിറ്റ് പ്രതീക്ഷ ശക്തമായതോടെ പൗണ്ട് വില യൂറോക്കെതിരെ മൂന്നര മാസത്തെ ഏറ്റവും ഉയർന്ന അവസ്ഥയിലാണ് ഇക്കഴിഞ്ഞ വീക്കെൻഡിലെത്തിയത്. ഈ വർഷം അവസാനത്തോടെ പൗണ്ട് ശക്തമായ അവസ്ഥയിലെത്തുമെന്ന് പ്രവചിച്ചിരിക്കുന്നത് ജെപി മോർഗനിലെയും ബാങ്ക് ഓഫ് അമേരിക്കയിലെയും സാമ്പത്തിക വിദഗ്ധരാണ്.

ബുധനാഴ്ച നടക്കുന്ന നിർണായക ചർച്ചയിൽ യൂറോപ്യൻ യൂണിയൻ അതിന്റെ അവസാന ബ്രെക്സിറ്റ് ഡ്രാഫ്റ്റ് പുറത്തിറക്കുന്നതിനെ തുടർന്നാണ് പൗണ്ട് ശക്തിപ്രാപിക്കുകയെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിശദീകരിക്കുന്നത്. ബ്രസൽസുമായി ചർച്ച നടത്തി ബ്രിട്ടീഷ് ജനതയുടെ ആഗ്രഹം നടപ്പിലാക്കുമെന്ന് തെരേസ കഴിഞ്ഞ ആഴ്ചത്തെ പാർട്ടി കോൺഫറൻസിൽ വച്ച് ഉറപ്പേകിയതിനെ തുടർന്നായിരുന്നു പൗണ്ടിന് സമീപകാലത്ത് ആദ്യത്തെ നേട്ടമുണ്ടായത്. നല്ലൊരു ഡീലിന് കളമൊരുങ്ങുന്നുവെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ജീൻ ക്ലൗഡ് ജങ്കർ സൂചന നൽകിയതിനെ തുടർന്ന് പൗണ്ടിന്റെയും വിപണിയുടെയും നില വീണ്ടും മെച്ചപ്പെട്ടിരുന്നു. തുടർന്ന് ഐറിഷ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തിയതും പൗണ്ടിന് ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു.