- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാരിദ്ര്യരേഖ, അമേരിക്കയിലും ഭാരതത്തിലും
2001 സെപ്റ്റംബർ പതിനൊന്നാം തീയതി അൽഖൈ്വദയുടെ ആക്രമണങ്ങളിൽ മൂവായിരത്തോളം പേർ മരണമടയുകയും അതിന്റെ ഇരട്ടിയിലേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്ത് ദിവസങ്ങൾ മാത്രം കഴിഞ്ഞപ്പോൾ മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ് 'വാർ ഓൺ ടെറർ' തീവ്രവാദത്തിന്നെതിരെയുള്ള യുദ്ധം പ്രഖ്യാപിച്ചു. അൽഖൈ്വദയേയും അതുപോലുള്ള മറ്റു തീവ്രവാദിസംഘങ്ങള
2001 സെപ്റ്റംബർ പതിനൊന്നാം തീയതി അൽഖൈ്വദയുടെ ആക്രമണങ്ങളിൽ മൂവായിരത്തോളം പേർ മരണമടയുകയും അതിന്റെ ഇരട്ടിയിലേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്ത് ദിവസങ്ങൾ മാത്രം കഴിഞ്ഞപ്പോൾ മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ് 'വാർ ഓൺ ടെറർ' തീവ്രവാദത്തിന്നെതിരെയുള്ള യുദ്ധം പ്രഖ്യാപിച്ചു. അൽഖൈ്വദയേയും അതുപോലുള്ള മറ്റു തീവ്രവാദിസംഘങ്ങളേയും തുടച്ചുനീക്കുകയായിരുന്നു, തീവ്രവാദത്തിന്നെതിരേയുള്ള യുദ്ധത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. അഫ്ഘാനിസ്ഥാൻ, ഇറാക്ക്, യെമൻ, പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ, എന്നിവിടങ്ങളിൽ അമേരിക്ക നേതൃത്വം നൽകിയ യുദ്ധങ്ങളിൽ ബ്രിട്ടനും, നേറ്റോ സഖ്യത്തിലുള്ളതും ഇല്ലാത്തതുമായ മറ്റു പല രാഷ്ട്രങ്ങളും സഹകരിച്ചു.
ഈ ആക്രമണപ്രത്യാക്രമണ പരമ്പരകൾ ലോകത്തെ സാമ്പത്തികമായി പല ദശാബ്ദങ്ങൾ പുറകോട്ടു കൊണ്ടുപോയി. ലോകത്തു ദാരിദ്ര്യം വർദ്ധിച്ചു. ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തിൽ പട്ടിണി തുടച്ചുമാറ്റുകയെന്ന സ്വപ്നസദൃശമായ നേട്ടം ലോകത്തിന്റെ കൈയെത്തുംദൂരത്തെത്തിയതായിരുന്നു, പക്ഷേ സെപ്റ്റംബർ പതിനൊന്നോടെ വീണ്ടുമതു പിടിതരാതെ വഴുതിപ്പോയി. ഇംഗ്ലീഷിലെ ഒരു ചൊല്ലു കടമെടുത്താൽ, 'എ സ്ലിപ് ബിറ്റ്‌വീൻ ദ ലിപ് ആന്റ് ദ കപ്!'
അൻപതു വർഷം മുൻപ്, 1964 ജനുവരിയിൽ, അമേരിക്കയിൽത്തന്നെ മറ്റൊരു യുദ്ധപ്രഖ്യാപനവും നടന്നിരുന്നു: 'വാർ ഓൺ പോവർട്ടിന'. ദാരിദ്ര്യത്തിന്നെതിരേയുള്ള യുദ്ധം. പ്രസിഡന്റ് ലിന്റൻ ബി ജോൺസൺ ആയിരുന്നു, ചരിത്രപ്രാധാന്യമുള്ള ആ പ്രഖ്യാപനം നടത്തിയത്. അന്ന് ജനതയുടെ പതിനേഴു ശതമാനത്തോളം ദരിദ്രരായിരുന്നു. 1963ൽ പ്രസിഡന്റ് ജോൺ എഫ് കെന്നഡി വധിക്കപ്പെട്ടപ്പോൾ അന്നു വൈസ് പ്രസിഡന്റായിരുന്ന ലിന്റൻ ജോൺസൺ പ്രസിഡന്റായിത്തീരുകയാണുണ്ടായത്.
കെന്നഡിയുടെ പകരക്കാരനായാണു വന്നതെങ്കിലും, ജോൺസൺ പട്ടിണി മാറ്റാനായി കുറേയേറെ കാര്യങ്ങൾ ചെയ്തു. ഫൂഡ് സ്റ്റാമ്പ് എന്നൊരു സേവനം അക്കൂട്ടത്തിൽ പെട്ടതായിരുന്നു. ഒരു ഡോളർ, അഞ്ചു ഡോളർ, പത്തു ഡോളർ എന്നീ തുകകൾക്കുള്ള കൂപ്പണുകൾ അഥവാ ഫൂഡ് സ്റ്റാമ്പുകൾ വരുമാനമില്ലാത്തവർക്കും താഴ്ന്ന വരുമാനക്കാർക്കും നൽകിപ്പോന്നു. ഇതേ വിഭാഗങ്ങളിൽപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യം എന്നിവയ്ക്കുള്ള വിലപ്പെട്ട സഹായം നൽകുന്ന 'ഹെഡ് സ്റ്റാർട്ട്‌ന' പദ്ധതിയും ദാരിദ്ര്യത്തിന്നെതിരെ ജോൺസൺ പ്രഖ്യാപിച്ച യുദ്ധത്തിന്റെ ഭാഗമായിരുന്നു. കോളേജ് വിദ്യാഭ്യാസത്തിനു സഹായകമായ 'വർക്ക്‌സ്റ്റഡിന' പ്രോഗ്രാം ഈ യുദ്ധത്തിൽ ജോൺസൺ പ്രയോഗിച്ച മറ്റൊരായുധമായിരുന്നു.
കോളേജുവിദ്യാർത്ഥികൾക്ക് പഠനത്തിനിടയിൽ ചെയ്യാവുന്ന ജോലി കോളേജുകൾ തന്നെ ശരിപ്പെടുത്തിക്കൊടുക്കുന്ന പദ്ധതിയായിരുന്നു, അത്. സ്വയം ജോലി ചെയ്തു സമ്പാദിച്ച പണംകൊണ്ടു പഠനച്ചെലവു നിർവ്വഹിച്ച് ഉന്നത വിദ്യാഭ്യാസം നേടാൻ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഈ പദ്ധതി സഹായിച്ചു. ഇവയ്ക്കു പുറമേയായിരുന്നു, മെഡിക്കെയർ, മെഡിക്കെയിഡ് എന്നീ പദ്ധതികൾ. ഇടയിലൊരിക്കൽ 23 ശതമാനം വരെ ഉയർന്നിരുന്ന ദാരിദ്ര്യം ജോൺസണിന്റെ ശ്രമഫലമായി 12 ശതമാനമായി കുറഞ്ഞു. പകുതിയിലേറെ കുറഞ്ഞു, എന്നർത്ഥം. മറ്റേതെങ്കിലും അമേരിക്കൻ പ്രസിഡന്റ് ദാരിദ്ര്യനിർമ്മാർജ്ജനത്തിന്ന് ഇത്രത്തോളം കഠിനശ്രമം നടത്തിയിട്ടുണ്ടോ എന്നു സംശയമാണ്.
ഇക്കഴിഞ്ഞ എട്ടാംതീയതി, പ്രസിഡന്റ് ജോൺസൺ ദാരിദ്ര്യത്തിന്നെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ട് അൻപതു വർഷം തികഞ്ഞു. അൻപതു വർഷം കൊണ്ട് അമേരിക്കയിൽ നിന്നു ദാരിദ്ര്യം തുടച്ചു നീക്കപ്പെട്ടുവോ? നമുക്കൊന്നു നോക്കാം. അമേരിക്കയിലെ ദാരിദ്ര്യനിരക്ക് കഴിഞ്ഞ മൂന്നു വർഷമായി 15 ശതമാനത്തിലാണ് നിലകൊണ്ടിരിക്കുന്നത്. അപ്പോൾ അമേരിക്കയിൽ ദാരിദ്ര്യം ഇപ്പോഴുമുണ്ടെന്നു മാത്രമല്ല, അല്പം കൂടുക പോലും ചെയ്തിട്ടുണ്ട്. 2007ലെ സാമ്പത്തികമാന്ദ്യത്തിനു മുൻപത് 12.5 ശതമാനത്തിലായിരുന്നു.
പ്രസിഡന്റ് ജോൺസന്റെ കാലഘട്ടത്തിൽത്തന്നെ ദാരിദ്ര്യനിരക്ക് 12 ശതമാനമായി താഴ്ന്നിരുന്നെ്നോർക്കണം. ഇപ്പോഴത് 15 ശതമാനത്തിലാണ് എന്നു പറയുമ്പോൾ, കഴിഞ്ഞ അൻപതു വർഷത്തിന്നിടയിൽ ദാരിദ്ര്യനിരക്ക് കാര്യമായി കുറഞ്ഞില്ലെന്നു മാത്രമല്ല, ഗണ്യമായി ഉയരുകയും ചെയ്തു. ഇതനുസരിച്ച് ഇന്ന് അഞ്ചുകോടി അമേരിക്കക്കാർ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. ആകെ ജനസംഖ്യ മുപ്പത്തൊന്നരക്കോടി. 2009ലെ സാമ്പത്തികമാന്ദ്യത്തിൽ നിന്നും രാഷ്ട്രത്തെ കരകയറ്റി എന്നാണ് ഒബാമയുടെ ഉപദേശകസംഘം അവകാശപ്പെടുന്നത്.
തൊഴിലില്ലായ്മ നാലു വർഷം മുൻപ് പത്തുശതമാനമായിരുന്നു. ഇപ്പോഴത് ഏഴു ശതമാനമായി കുറഞ്ഞിരിക്കുന്നു. തൊണ്ണൂറു ലക്ഷം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നു കരകയറ്റാൻ ഒബാമയുടെ നയപരിപാടികൾക്കു കഴിഞ്ഞെന്ന് അദ്ദേഹത്തിന്റെ ഉപദേശകസമിതി അവകാശപ്പെടുന്നു. മിനിമം വേതനം 7.25 ഡോളറിൽ നിന്ന് 10.10 ഡോളറായി ഉയർത്താനുള്ള നടപടികൾ വൈറ്റ് ഹെ#ൗസ് സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പുതുക്കിയ മിനിമം വേതനം നടപ്പിൽ വരുമ്പോൾ 68 ലക്ഷം തൊഴിലാളികളെക്കൂടി ദാരിദ്ര്യത്തിൽ നിന്നു കരകയറ്റാൻ സാധിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
ദരിദ്രരുടെ ശതമാനത്തിൽ വർദ്ധനവുണ്ടായിരിക്കയാണെങ്കിലും, ദാരിദ്ര്യത്തിന്നെതിരേയുള്ള യുദ്ധത്തിൽ വലിയൊരാവേശം അമേരിക്ക പ്രകടിപ്പിക്കുന്നതിന്റെ ചിഹ്നങ്ങളൊന്നും ദൃശ്യമല്ല. നേരേ മറിച്ച് ഇറാൻ, ഉത്തരകൊറിയ, സിറിയ, തുടങ്ങിയ പല രാജ്യങ്ങൾക്കെതിരേയും യുദ്ധം ചെയ്യുമെന്ന ഭീഷണി ഇടയ്‌ക്കെങ്കിലും അമേരിക്കയിൽ നിന്ന് ഉയർന്നു കേൾക്കാറുമുണ്ട്. അമേരിക്കയ്ക്ക് മനുഷ്യരുടെ ദാരിദ്ര്യം തുടച്ചുനീക്കുന്നതിനേക്കാൾ കൂടുതൽ താത്പര്യം, മനുഷ്യരെത്തന്നെ തുടച്ചു നീക്കാനാണോ!
ഭാരതത്തിന്റെ നിലയൊന്നു പരിശോധിക്കാം. ലോകത്തിലുള്ള ദരിദ്രരുടെ മൂന്നിലൊന്ന് ഭാരതത്തിൽ തന്നെയുണ്ട്. ഭാരതത്തിലെ ജനസംഖ്യയുടെ 32.7 ശതമാനം പ്രതിദിനം ഒന്നേകാൽ ഡോളർ എന്ന അന്തർദ്ദേശീയ ദാരിദ്ര്യരേഖയേക്കാൾ താഴെയാണെന്നു ലോകബാങ്ക് 2010ൽ കണ്ടെത്തിയിരുന്നു. ഒന്നേകാൽ ഡോളർ അന്ന് ഏകദേശം അൻപത്തഞ്ചു രൂപയ്ക്കു തുല്യമായിരുന്നു. ഒന്നേകാൽ ഡോളറിൽത്താഴെ മാത്രം പ്രതിദിന പ്രതിശീർഷ വരുമാനമുള്ളവർ 'കടുത്തന' ദാരിദ്ര്യത്തിലാണെ ന്നാണ് ലോകബാങ്കിന്റെ കാഴ്ചപ്പാട്. ഭാരതത്തിലെ ആകെ ജനസംഖ്യ 123 കോടിയാണെങ്കിൽ അതിൽ 40 കോടി ലോകബാങ്കിന്റെ ദൃഷ്ടിയിൽ 2010ൽ കടുത്ത ദാരിദ്ര്യത്തിലായിരുന്നു. തീർന്നില്ല. ആകെ ജനസംഖ്യയുടെ 68.7 ശതമാനത്തോളം പേർ പ്രതിദിനം രണ്ടു ഡോളറിലും കുറഞ്ഞ തുകകൊണ്ടാണു ജീവിച്ചു പോകുന്നതെന്നു കൂടി ലോകബാങ്ക് അന്നു കണക്കാക്കി.
രണ്ടു ഡോളർ അന്ന് തൊണ്ണൂറു രൂപയ്ക്കു തുല്യമായിരുന്നു. 2010നു ശേഷമുള്ള നാലു വർഷത്തിന്നിടയിൽ ഭാരതത്തിലെ ദാരിദ്ര്യം ഗണ്യമായി കുറയാൻ തക്ക ക്ഷേമപ്രവർത്തനങ്ങൾ നടന്നതായോ സാമ്പത്തികവളർച്ച കൈവരിച്ചതായോ കാണുന്നില്ല. എന്നിട്ടും, 2013 ജൂലായിൽ പ്ലാനിങ് കമ്മീഷൻ പുറത്തുവിട്ട 201112ലെ കണക്കുകളനുസരിച്ച് ഭാരതത്തിൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ 22 ശതമാനമായി കുറഞ്ഞെന്നു കാണിച്ചിട്ടുണ്ട്; അതായത് 27 കോടി. 2010നും 201112നുമിടയിൽ 13 കോടി ജനം ദാരിദ്ര്യരേഖയ്ക്കു മുകളിലായെന്നു പ്ലാനിങ് കമ്മീഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഈ കണക്കുകൾ യഥാർത്ഥമെങ്കിൽ കൈവരിച്ചിരിക്കുന്നതു വലുതായ പുരോഗതി തന്നെ.
ദാരിദ്ര്യനിർമ്മാർജ്ജനത്തിൽ കൈവന്നിരിക്കുന്നതായി പ്ലാനിങ് കമ്മീഷന്റെ കണക്കുകളിൽ നിന്നു തെളിയുന്ന പുരോഗതിയിൽ സന്തോഷം രേഖപ്പെടുത്താൻ വരട്ടെ. ദാരിദ്ര്യരേഖ വളരെ താഴ്‌ത്തി വച്ചുകൊണ്ടാണീ കണക്കുകളിലെത്തിയിരിക്കുന്നതെന്ന് ആരോപണമുണ്ട്. ആരോപണത്തിന്ന് ഉപോദ്ബലകമായ ഒരു വസ്തുത, ഗ്രാമങ്ങളിലുള്ളവർക്ക് 22.42 രൂപയും നഗരപ്രദേശങ്ങളിലുള്ള വർക്ക് 28.65 രൂപയും ദാരിദ്ര്യരേഖയായി (പ്രതിദിന പ്രതിശീർഷവരുമാനമായി) പ്ലാനിങ്കമ്മീഷൻ പുതുക്കി നിശ്ചയിച്ചിരിക്കുന്നതാണ്.
അന്തർദ്ദേശീയ സംഘടനകൾ നിശ്ചയിച്ചിരിക്കുന്ന ഒന്നേകാൽ ഡോളർ (കടുത്ത ദാരിദ്ര്യം: പ്രതിദിനം പ്രതിശീർഷ വരുമാനം 77 രൂപ), രണ്ടു ഡോളർ (ദാരിദ്ര്യം: 124 രൂപ) എന്നിവ തന്നെ പ്ലാനിങ് കമ്മീഷൻ സ്വീകരിച്ചിരുന്നെങ്കിൽ ഇതിലുമേറെപ്പേർ ദാരിദ്ര്യരേഖയ്ക്കു താഴെ വന്നേനേെ, നമ്മുടെ യഥാർത്ഥചിത്രം പുറത്തു വരികയും ചെയ്‌തേനെ. ദാരിദ്ര്യരേഖ താഴ്‌ത്തിയാൽ ദരിദ്രരുടെ സംഖ്യയിൽ കുറവു വരുമെന്നു തീർച്ച. പക്ഷേ അവരുടെ ജീവിതനിലവാരത്തിൽ ഉയർച്ചയുണ്ടാകുന്നില്ല. അതുകൊണ്ട് സംഖ്യയിൽ വന്നിരിക്കുന്ന അഥവാ വരുത്തിയിരിക്കുന്ന കുറവ് പുരോഗതിയായി കാണാൻ കഴിയില്ല. ജനതയുടെ ശരാശരി പ്രതിശീർഷ പ്രതിദിന വരുമാനത്തിലുണ്ടാകുന്ന വർദ്ധനവ് ജനതയുടെ ജീവിതനിലവാരത്തിലെ ഉയർച്ച മാത്രമായിരിക്കണം പുരോഗതിയുടെ മാനദണ്ഡം.
ഇനി അമേരിക്കയിലെ ദരിദ്രനും ഭാരതത്തിലെ ദരിദ്രനും തമ്മിലുള്ള വ്യത്യാസമൊന്നു പരിശോധിക്കാം. നാലംഗങ്ങളുള്ളൊരു കുടുംബത്തിന്ന് പ്രതിവർഷവരുമാനമായി 23492 ഡോളറാണ് അമേരിക്കയിൽ ദാരിദ്ര്യരേഖയായി 2012ൽ നിർവ്വചിക്കപ്പെട്ടത്. നാലുപേർക്ക് ആകെ 23492 ഡോളറെങ്കിൽ, ഒരാൾക്ക് 5873 ഡോളർ. ഇത് ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച് 3.64 ലക്ഷം രൂപയ്ക്കു തുല്യമാണ്. ഇതിനു സമാനമായ ഭാരതത്തിലെ ദാരിദ്ര്യരേഖ 2012ൽ പ്ലാനിങ് കമ്മീഷൻ അനുവർത്തിച്ച നയമനുസരിച്ച് എത്രയെന്നു നമുക്കൊന്നു കണക്കാക്കി നോക്കാം: നഗരപ്രദേശത്തെ പ്രതിദിന പ്രതിശീർഷ വരുമാനം 28.65 രൂപ. ഇത് 10457 രൂപയുടെ പ്രതിവർഷ പ്രതിശീർഷ വരുമാനത്തിനു തുല്യമാണ്. അമേരിക്കയിലെ ദാരിദ്ര്യരേഖയായ 3.64 ലക്ഷം രൂപ ഭാരതത്തിന്റേതായ 10457ന്റെ 34 ഇരട്ടിയാണ്.
മറ്റൊരു തരത്തിൽപ്പറഞ്ഞാൽ, അമേരിക്കയിലെ ദാരിദ്ര്യരേഖയുടെ മുപ്പത്തിനാലിൽ ഒരു ഭാഗം മാത്രമാണ് 2012ൽ ഭാരതത്തിൽ സ്വീകരിക്കപ്പെട്ട ദാരിദ്ര്യരേഖ. 3.64 ലക്ഷം രൂപ പ്രതിവർഷ പ്രതിശീർഷ വരുമാനമായി ലഭിക്കുന്നൊരു വ്യക്തി ഭാരതത്തിൽ സമ്പന്നനായി കണക്കാക്കപ്പെടുന്നു. എന്നാലമേരിക്കയിൽ അത്തരമൊരു വ്യക്തി ദരിദ്രനായി കണക്കാക്കപ്പെടുന്നു. പ്ലാനിങ് കമ്മീഷന്റെ 2012ലെ കണക്കനുസരിച്ച് പതിനോരായിരം രൂപ പ്രതിവർഷ പ്രതിശീർഷ വരുമാനമുള്ളൊരു വ്യക്തി ഇന്ത്യയിൽ ദരിദ്രനല്ല, എന്നു വച്ചാൽ സമ്പന്നനാണെന്നർത്ഥം! ഇദ്ദേഹത്തെ ലോകബാങ്കും ഐക്യരാഷ്ട്രസഭയും മറ്റു പല സംഘടനകളുമെല്ലാം ദരിദ്രനായിത്തന്നെ കണക്കാക്കും, പക്ഷേ ഭാരതസർക്കാർ മാത്രം ഇദ്ദേഹത്തെ സമ്പന്നനായി കണക്കാക്കും! ഇതാണ് അമേരിക്കയും ഭാരതവും തമ്മിൽ ഇക്കാര്യത്തിലുള്ള വ്യത്യാസം.
ദാരിദ്ര്യരേഖ അമേരിക്കയിലായാലും ഇന്ത്യയിലായാലും ഒന്നു തന്നെയായിരിക്കണം എന്നാണീ ലേഖകന്റെ പക്ഷം. 3.64 ലക്ഷം രൂപയിൽത്താഴെ മാത്രം വരുമാനമുള്ളൊരു വ്യക്തി ലോകത്തെവിടെയെങ്കിലും ദരിദ്രനായി കണക്കാക്കപ്പെടുന്നുണ്ടെങ്കിൽ, ഭാരതത്തിലും ആ വ്യക്തി ദരിദ്രനായിത്തന്നെ കണക്കാക്കപ്പെടണം. എങ്കിൽ മാത്രമേ ലോകജനത തുല്യരാകുകയുള്ളു. അമേരിക്കയിലെ ദാരിദ്ര്യരേഖയെ ഭാരതത്തിലും അതേപടി അംഗീകരിക്കുന്നെ്നു കരുതുക: എങ്കിൽ, അതായത് 3.64 ലക്ഷം രൂപയാണു ദാരിദ്ര്യരേഖയായി നാമിവിടെ അംഗീകരിക്കുന്നതെ ങ്കിൽ, ഭാരതജനതയുടെ 80 ശതമാനമോ അതിലധികമോ ദരിദ്രരായിരിക്കും. അതായത് 98 കോടി ജനം! ഒരു മുകേഷ് അംബാനിയോ (130200 കോടി രൂപയുടെ സ്വത്ത്) ഒരു ലക്ഷ്മി എൻ മിട്ടലോ (99200 കോടി) ഒരു ദലീപ് സാംഗ്വിയോ (86180 കോടി) ഒരസീം പ്രേംജിയോ (77500 കോടി) പോലുള്ള ഏതാനും അതിസമ്പന്നർ ഭാരതത്തിലുള്ളതുകൊണ്ടു മാത്രം ഭാരതം സമ്പന്നരാജ്യമാകുകയില്ല. ഓരോ ഭാരതീയനും 3.64 ലക്ഷം രൂപയേക്കാൾ കൂടുതൽ വാർഷിക, പ്രതിശീർഷ വരുമാനമുണ്ടാകുമ്പോൾ മാത്രമേ ഭാരതം ദരിദ്രരാജ്യമല്ലാതാകുകയുള്ളു.
ലോകത്തിലെ ദരിദ്രരിൽ മൂന്നിലൊന്ന് ഭാരതത്തിലാണുള്ളതെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞ വസ്തുതയാണ്. ആഫ്രിക്കൻ വൻകരയിലെ രാഷ്ട്രങ്ങളിലെല്ലാം കൂടി എത്ര ദരിദ്രരുണ്ടോ, അതിനേക്കാൾ കൂടുതൽ ദരിദ്രർ ഭാരതത്തിലുണ്ടെന്നതും അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുള്ളതാണ്. ദാരിദ്ര്യനിർമ്മാർജ്ജനത്തിനു വേണ്ടിയുള്ള ലോകരാഷ്ട്രങ്ങളുടെ കൂട്ടായ ശ്രമങ്ങൾ ദരിദ്രർ ഏറ്റവുമധികമുള്ള ഇടങ്ങളിലാണ് കേന്ദ്രീകരിയ്‌ക്കേണ്ടത്. അതായത് ആ ശ്രമങ്ങൾ കേന്ദ്രീകരിയ്‌ക്കേണ്ട മുഖ്യമായ ഒരിടമാണു ഭാരതം എന്നർത്ഥം. ദാരിദ്ര്യനിർമ്മാർജ്ജനത്തിന്റെ പ്രഥമചുവടുവയ്പ്പായി, ലോകമൊട്ടാകെ ഒറ്റയൊരു ദാരിദ്ര്യരേഖ മാത്രമേ പാടുള്ളു എന്നു തീരുമാനിക്കണം. ഇന്ത്യയുൾപ്പെടെയുള്ള രാഷ്ട്രങ്ങൾ ഈ ദാരിദ്ര്യരേഖയെ അംഗീകരിക്കണം. ഇക്കാര്യത്തിൽ ഇക്കാര്യത്തിലെങ്കിലും ഭാരതപൗരന്മാർ മറ്റു രാഷ്ട്രങ്ങളിലെ പെ#ൗരന്മാർക്കു സമന്മാരാകണം.
ന'ന'ദാരിദ്ര്യത്തിന്റെ അന്തർദ്ദേശീയ നിർവ്വചനം ഭാരതം സ്വീകരിച്ചു കഴിയുമ്പോൾ ഭാരതത്തിലെ ആകെ ജനസംഖ്യയുടെ 123 കോടിയുടെ 80 ശതമാനത്തോളം വരുന്ന 98 കോടി ജനം ദാരിദ്ര്യരേഖയ്ക്കു താഴെയാകും, അതായതു ദരിദ്രരായി കണക്കാക്കപ്പെടും. ഈ 98 കോടി ജനത്തിന്റെ ജീവിതനിലവാരം ഉയർത്തിക്കൊണ്ടുവരികയാണു ഭാരതത്തിന്റെ ചുമലിലുള്ള കാതലായ, ഭാരിച്ച ചുമതല. ഈ ഭാരിച്ച ചുമതലയുടെ ഭാരവും പ്രാധാന്യവും അനിവാര്യതയും കണക്കിലെ തിരിമറികളിലൂടെ കുറച്ചുകാണാനും കുറച്ചു കാണിക്കാനുമുള്ള പ്രവണത പ്രോത്സാഹിപ്പിക്കപ്പെ ടരുത്. 2015ഓടെ കടുത്ത ദാരിദ്ര്യം ഇല്ലാതാക്കുമെന്നും, ദാരിദ്ര്യം പകുതിയാക്കി കുറയ്ക്കുമെന്നുമാ ണ് അധികൃതവൃത്തങ്ങളുടെ നിശ്ചയം. പക്ഷേ, ഇതു ദാരിദ്ര്യരേഖ താഴ്‌ത്തിക്കൊണ്ടാകരുത്. ദാരിദ്ര്യരേഖ ചലിച്ചേ തീരൂവെങ്കിൽ അത് ഉയർത്തുകയാണു വേണ്ടത്, താഴ്‌ത്തുകയല്ല.
98 കോടി ജനത്തിനെ സമ്പന്നരാക്കി മാറ്റുകയെന്നത് ദുഷ്‌കരമാണ്. അതു ഭാരതസർക്കാർ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമാണെന്ന വ്യാമോഹം ഈ ലേഖകനില്ല. ദരിദ്രരായ 98 കോടി ജനം ഭാരതത്തിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ ഉത്തരവാദിത്വമാണ്. സ്വന്തം രാഷ്ട്രത്തിന്റെ നാലതിരുകൾക്കുള്ളിലെ സുഖസമൃദ്ധിയുടെ നടുവിൽ സുരക്ഷിതമായി കഴിയുമ്പോഴും ലോകത്തിന്റെ ഏതുഭാഗത്തുമുള്ള ദാരിദ്ര്യത്തേയും നിർമ്മാർജ്ജനം ചെയ്യാനുള്ള ശ്രമത്തിൽ ലോകരാഷ്ട്രങ്ങൾ മുഴുവൻ പങ്കുചേർന്നാൽ ലോകം മുഴുവൻ അധികം താമസിയാതെ പട്ടിണി വിമുക്തമായിത്തീരും. പട്ടിണിവിമുക്തലോകം വീണ്ടും കയ്യെത്തുംദൂരത്ത് എത്തിക്കൊണ്ടിരിക്കുന്നു. വീണ്ടുമതു വഴുതിപ്പോകാതിരുന്നെങ്കിൽ!
ജനതയ്ക്ക് പണമോ ആഹാരമോ ചികിത്സയോ ആജീവനാന്തം സൗജന്യമായി കൊടുക്കുന്നതിനേക്കാൾ ദാരിദ്ര്യനിർമ്മാർജ്ജനത്തിനു കൂടുതൽ ഫലപ്രദം അവർക്ക് വിദ്യാഭ്യാസം, ആരോഗ്യം, ജോലി എന്നിവ കൊടുക്കുന്നതാണ്. ഇവ വ്യക്തികളെ സ്വയംപര്യാപ്തരാക്കും. പൗരന്മാർ സ്വയംപര്യാപ്തരും സമ്പന്നരുമാകുമ്പോഴാണു ഭാരതം സമ്പന്നരാജ്യമാകുക. അപ്പോഴാണ് 'ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇവിടെയാണ്' എന്ന് അഭിമാനപൂർവ്വം നമുക്കു പറയാൻ സാധിക്കുക.