ഡബ്ലിൻ: ഡെസ്മണ്ട് കൊടുങ്കാറ്റിന്റെ താണ്ഡവത്തിനു ശേഷം മറ്റൊരു കൊടുങ്കാറ്റിൽ ഉലഞ്ഞ് അയർലണ്ട്. ഇമോഗൻ എന്നു പേരിട്ടിരിക്കുന്ന പുതിയ കൊടുങ്കാറ്റിൽ ആടിയുലയുകയാണ് രാജ്യം. കിൽക്കെനി, വെക്‌സ്‌ഫോർഡ്, കോർക്ക്, കെറി, ലീമെറിക്ക്, ടിപ്പറാറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണിപ്പോൾ നൽകിയിരിക്കുന്നത്. ശക്തമായ കാറ്റിനെ തുടർന്ന് പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി.

ശക്തമായ കാറ്റിനൊപ്പം കനത്ത മഴയും പെയ്യുന്നതിനാൽ മിക്കയിടത്തും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്. ശരാശരി മണിക്കൂറിൽ 50-65 കിലോമീറ്റർ വേഗത്തിലാണ് കാറ്റുവീശുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ 85-100 കിലോമീറ്ററിൽ തിര വീശിയടിക്കുമെന്നും മെറ്റ് ഐറീൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കെറി, കോർക്ക് എന്നീ മേഖലയിലെ ആയിരത്തോളം വീടുകൾക്ക് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. ഇവിടങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇസിബി തൊഴിലാളികൾ.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് രാജ്യമെമ്പാടും പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചിട്ടുമുണ്ട്. ചിലയിടങ്ങളിൽ വൈദ്യുതി കമ്പനികളിൽ മരം വീണതായും റിപ്പോർട്ടുണ്ട്. വേലിയേറ്റം ശക്തമായി നടക്കുമെന്നതിനാൽ ക്ലെയർ കൗണ്ടി കൗൺസിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ പലഭാഗങ്ങളും ഇപ്പോൾ തന്നെ വെള്ളത്തിനടിയിലായിട്ടുണ്ട്. വെള്ളപ്പൊക്കം രൂക്ഷമായിട്ടുള്ള ലീമെറിക്കിൽ പല ഭാഗങ്ങളിൽ നിന്നും ഇതുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ വീടുകളിൽ വെള്ളം കയറുകയും കാറുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുമുണ്ട്. കിൽക്കെനി സിറ്റിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.

കാറ്റ് അന്തരീക്ഷ താപനില പൂജ്യം മുതൽ മൂന്നു ഡിഗ്രിയിലേക്ക് താഴ്‌ത്തുമെന്നാണ് മെറ്റ് ഐറീൻ പ്രവചനം. കനത്ത മഴയിൽ വാഹനവുമായി പുറത്തിറങ്ങുന്നവർക്കും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.