ലോകരാഷ്ട്രങ്ങളെ വൻശക്തികളെന്ന് വിളിക്കുന്നത് സമ്പത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല. സൈനിക ശേഷിയുടെയും കൂടി അടിസ്ഥാനത്തിലാണ്. ലോകത്തേറ്റവും വലിയ ശക്തികേന്ദ്രമെന്ന പെരുമ ആ നിലയ്ക്ക് ഇന്നുമ അമേരിക്കയ്ക്ക് അവകാശപ്പെട്ടതുതന്നെ. ഒന്നാം നമ്പർ രാജ്യമെന്ന ബഹുമതി അമേരിക്ക സ്വന്തമാക്കുമ്പോൾ, സൈനിക ശേഷിയിൽ റഷ്യ രണ്ടാം സ്ഥാനത്തും ചൈന മൂന്നാം സ്ഥാനത്തുമുണ്ട്. മറ്റ് വികസിത രാജ്യങ്ങളെ പിന്തള്ളി, നാലാം സ്ഥാനത്ത് ഇന്ത്യയുമുണ്ട്.

ലോകത്തെ വൻശക്തിയായി തുടരുന്നതിന് അമേരിക്ക ചെലവിടുന്ന തുക ഒരുപക്ഷേ, ലോകത്തിന്റെ മുഴുവൻ പട്ടിണി മാറ്റാൻ വേണ്ടതിനെക്കാളും അധികമാണ്. റഷ്യയും ചൈനയും മുടക്കുന്ന തുക കൂട്ടിയാൽപ്പോലും ഇത്രയും വരില്ല. 60,000 കോടി യു.എസ്. ഡോളറാണ് അമേരിക്കയുടെ പ്രതിവർഷ പ്രതിരോധ ബജറ്റ്. 14.52 കോടി സൈനികർ അമേരിക്കയ്ക്കുണ്ടെന്നും കണക്കുകൾ പറയുന്നു.

സൈനിക ശേഷിയിൽ രണ്ടാമതാണെങ്കിലും, പ്രതിരോധച്ചെലവുകൾക്കായി റഷ്യ വർഷം കരുതുന്നത് 4500 കോടി ഡോളറാണ്. ചൈന 16100 കോടി ഡോളർ ചെലവാക്കുന്നതായി സൈനികശക്തി വിലയിരുത്തി ഗ്ലോബൽ ഫയർപവർ എന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് എത്തിയശേഷം പ്രതിരോധച്ചെലവുകൾക്കായി 5400 കോടി ഡോളർകൂടി ഉപയോഗിക്കാൻ തീരുമാനിചച്ചിട്ടുണ്ട്.

പത്തുശതമാനത്തോളം തുക പ്രതിരോധച്ചെലവുകൾക്കായി നീക്കിവെച്ചപ്പോൾ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെയും ഹൗസിങ് ആൻഡ് അർബൻ ഡിപ്പാർട്ട്‌മെന്റിന്റെയും പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെയും മറ്റും പദ്ധതികളാണ് വെട്ടിച്ചുരുക്കിയത്. ഐസിസിനെതിരെ സിറിയയിലും ഇറാഖിലും നടക്കുന്ന ആക്രമണങ്ങൾക്ക് ശക്തികൂട്ടുന്നതിനുവേണ്ടിയാണ് കൂടുതൽ തുക പ്രതിരോധ ബജറ്റിൽ ഉൾപ്പെടുത്തിയത്.

ഗ്ലോബൽ ഫയർപവറിന്റെ വിലയിരുത്തൽ അനുസരിച്ച് ആദ്യത്തെ പത്ത് സൈനിക ശക്തികൾ ഇവയാണ്. അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, ഫ്രാൻസ്, ബ്രിട്ടൻ, ജപ്പാൻ, തുർക്കി, ജർമനി, ഇറ്റലി. ഇന്ത്യയെ നിരന്തരം അലോസരപ്പെടുത്തുന്ന പാക്കിസ്ഥാൻ സൈനിക ശക്തിയിൽ ലോകത്ത് 13-ാം സ്ഥാനത്തുണ്ട്. ദക്ഷിണ കൊറിയ (11-ാം സ്ഥാനം), ഇൻഡോനേഷ്യ (14), വിയറ്റ്‌നാം (16), തായ്‌വാൻ (19), തായ്‌ലൻഡ് (21), ഉത്തര കൊറിയ (23) തുടങ്ങിയവയാണ് ഏഷ്യയിലെ മറ്റ് പ്രമുഖ സൈനിക ശക്തികൾ.

അമേരിക്കയ്ക്ക് വിമാനവാഹികളായ 19 യുദ്ധക്കപ്പലുകളുണ്ട്. 5884 ടാങ്കുകളും 13762 യുദ്ധവിമാനങ്ങളുമുണ്ട്. സജീവമായ സൈനികരുടെ എണ്ണം 14 ലക്ഷത്തോളം വരും. റഷ്യയ്ക്ക് ഒരേയൊരു വിമാനവാഹിനി കപ്പലേ ഉള്ളൂവെങ്കിലും 20,215 ടാങ്കുകളും 3795 വിമാനങ്ങളും ഏഴര ലക്ഷത്തിലേറെ സൈനികരുമുണ്ട്. ചൈനയ്ക്ക് ഒരു വിമാനവാഹിനി യുദ്ധക്കപ്പലും 6457 ടാങ്കുകളും 2955 യുദ്ധവിമാനങ്ങളുമുണ്ട്. ജനസംഖ്യയിലെന്നപോലെ സൈനികരുടെ എണ്ണത്തിലും ചൈനയാണ് മുന്നിൽ. 23.5 ലക്ഷത്തിലേറെ സൈനികർ അവർക്കുണ്ട്.

മൂന്ന് വിമാനവാഹിനി യുദ്ധക്കപ്പലുകളുള്ള ഇന്ത്യയ്ക്ക് 4426 ടാങ്കുകളും 2012 യുദ്ധവിമാനങ്ങളുമുണ്ട്. 13 ലക്ഷത്തിലേറെ സൈനികർ ഇന്ത്യയെ കാക്കാനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. 5100 കോടി ഡോളറിലേറെ പ്രതിരോധച്ചെലവുകൾക്കായി ഇന്ത്യ നീക്കിവെച്ചിട്ടുമുണ്ട്.