ആലപ്പുഴ : മലയാളികളെ തഴയാൻ താത്പര്യം കാട്ടുന്ന വടക്കേന്ത്യൻ ലോബി കനത്ത തിരിച്ചടികളിൽ നിന്നു പാഠം പഠിച്ച്് ഇക്കുറി ഇന്ത്യൻടീമിൽ കൂടുതൽ മലയാളികളെ ഉൾപ്പെടുത്തി ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് മോഹവുമായി ഹോങ്കോങ്ങിലേക്ക് .

തോറ്റു തുന്നംപാടിയ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പുകൾ തിരിച്ചുപിടിക്കാൻ മലയാളി താരങ്ങളെ യഥേഷ്ടം ടീമിലെടുക്കാൻ ഇന്ത്യൻ കായിക രാജാക്കന്മാർ തീരുമാനിച്ചു. ഇക്കുറി 14 മലയാളി താരങ്ങളാണ് ഇന്ത്യൻ പവർലിഫ്റ്റിങ് ടീമിൽ ഇടം നേടിയിട്ടുള്ളത്. ഇന്ത്യൻ കായികരംഗത്ത് എന്നും മലയാളികൾ തഴയപ്പെട്ട ചരിത്രം തിരുത്താനാണ് സംഘാടകർ തയ്യാറായിട്ടുള്ളത്.

ഏറ്റവും ഒടുവിൽ, ഇന്ത്യൻ വോളിബോൾ വേദിയിലെ കരുത്തൻ ടോം ജോസിന് സ്വന്തം നാട്ടിലൊരു അവാർഡ് നൽകാതിരിക്കാൻ വടക്കേന്ത്യൻ ലോബി നടത്തിയ കളി ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. വിവാദങ്ങളും ഗെയിംസ് അഴിമതികളും ഏറിവന്നതോടെ തിരുത്തൽനടപടികളും കായികരംഗത്തുണ്ടായിവരുന്നതിനു സൂചനയായാണ് കൂടൂതൽ മലയാളിതാരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയത്.

ഏഷ്യൻ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിനു പോകുന്ന മലയാളി താരങ്ങളെല്ലാവരും ദേശീയ ചമ്പ്യന്മാരാണെന്നുള്ളതാണ് ഏറെ പ്രത്യേകത. ഇതോടെ മലയാളിതാരങ്ങൾ ഇന്ത്യയുടെ കരുത്തായി മാറി. ആദ്യമായിട്ടാണ് ദേശീയ ടീമിലേക്ക് ഇത്രയധികം മലയാളികൾ ടീമിൽ ഇടംനേടുന്നത്.

ഇന്ത്യയുടെ കായികരംഗം പരിപോഷിപ്പിക്കാൻ മലയാളിയെ വേണമെങ്കിലും കായികരംഗത്തെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നിലപാടാണ് കായിക മന്ത്രാലയം എന്നും കൈക്കൊണ്ടിട്ടുള്ളത്. ഏറെ ഗതിയില്ലാഞ്ഞിട്ടാണ് മലയാളികൾക്ക് ഇക്കുറി അവസരം നൽകി പവർലിഫ്റ്റിങ് അസോസിയേഷൻ ചാമ്പ്യൻഷിപ്പ് പിടിക്കാൻ ശ്രമിക്കുന്നത്. വിദേശരാജ്യങ്ങളിലെത്തി തോറ്റുതുന്നം പാടി കോടികൾ ചെലവിട്ട് മടങ്ങുന്ന പണി ഇനി നടക്കില്ലെന്നു ബോധ്യമായ സംഘാടകരാണ് ഇക്കുറി ജയിക്കാനായി ഒരു ടീമിനെ ഒരുക്കുന്നത്.

47 കിലോ വിഭാഗത്തിൽ ദേശീയ ചാമ്പ്യനായ പാലക്കാട്ടുനിന്നുള്ള അക്ഷയ എസ്, 84 കിലോ വിഭാഗത്തിൽ ദേശീയഫെഡറേഷൻ തലത്തിൽ ജേതാവായ റഹ്ന സി ജെ, 57 കിലോ വിഭാഗത്തിൽ ദേശീയ ചാമ്പ്യനായ ആലപ്പുഴയിൽനിന്നുള്ള ശ്രീക്കുട്ടി എസ് പി, ദേശീയ മെഡൽ ജേതാവ് അശ്വതി സി , 52 കിലോ വിഭാഗത്തിൽ നിലവിലെ ചാമ്പ്യനായ തൃശൂരിൽനിന്നുള്ള സുമി ജോർജ്, 57 കിലോ വിഭാഗത്തിൽ ദേശീയ വെള്ളിമെഡൽ ജേതാവ് റിയ റ്റി സി, 84 കിലോ വിഭാഗത്തിൽ ദേശീയ വെള്ളി മെഡൽ ജേതാവ് അഞ്ജു മുരളി, ദേശീയ വെള്ളി മെഡൽ ജേതാവ് കിരൺ കെ പി, ഫെഡറേഷൻ ചാമ്പ്യൻഷിപ്പ് ജേതാവ് മെൽവിൻ വിൻസെന്റ് , ഇ സി രാജൻ, സജീവ് കെ എസ് , രാമചന്ദ്രൻ ടി കെ , അബ്ദുൽ സലീം , (മാസ്റ്റേഴ്‌സ് പ്ലസ് 50 )93 കിലോവിഭാഗത്തിൽ ആലപ്പുഴയിൽനിന്നുള്ള വികാസ് റ്റി കെ എന്നിവരാണ് ടീമിൽ ഇടം കണ്ടെത്തിയത്.

ഏഷ്യൻ ചാമ്പ്യൻഷിപ്പിനു മുന്നോടിയായുള്ള ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്കായുള്ള പരിശീലന ക്യാമ്പ് ജൂൺ 21 ന് ജംഷ്ഡ്പൂരിൽ നടക്കും.