റിയാലിറ്റി ഷോയ്ക്കിടെ പെൺകുട്ടിയെ ചുംബിച്ച ബോളിവുഡ് ഗായകന് പണി കിട്ടി. പ്രായപൂർത്തിയായ പെൺകുട്ടിയെ ചുംബിച്ചതിന് ഗായകൻ അംഗരംഗ് പപ്പോണിനെതിരെ പോക്‌സോ പ്രകാരം കേസ് എടുത്തിരിക്കുകയാണ് പൊലീസ്. പപ്പോൺ മാർഗനിർദേശിയായെത്തുന്ന ഹിന്ദി സംഗീത റിയാലിറ്റി ഷോയുടെ സെറ്റിൽ നടന്ന ഹോളി ആഘോഷങ്ങൾക്കിടെയാണ് സംഭവം.

പാട്ടുപാടിയ പെൺകുട്ടിയെ അനുവാദമില്ലാതെ കടന്നു പിടിച്ചു ചുംബിക്കുകയായിരുന്നു പാപ്പോൺ. ഇയാൾ പെൺകുട്ടിയെ ചുംബിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പപ്പോൺ പങ്കുവച്ച ലൈവ് വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ആഘോഷങ്ങൾക്കിടെ പാപ്പോൺ പെൺകുട്ടിയുടെ മുഖത്ത് ഛായം തേക്കുന്നതും ചുണ്ടത്ത് ചുംബിക്കുന്നതും വിഡിയോയിൽ കാണാം.

സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷനും പോക്സോ നിയമപ്രകാരം പൊലീസും പപ്പോണിനെതിരെ കേസ് എടുത്തിട്ടുണ്ട്. സുപ്രീം കോടതിയിലെ അഭിഭാഷകയായ റുണ ഭുയാനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് പപ്പോണിനെതിരെ ദേശീയ ബാലവകാശ കമ്മീഷന് മുൻപാകെ പരാതി നൽകിയത്.

ഗായകനെതിരെ അന്വേഷണം നടത്തണമെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഇത്തരം ടി.വി റിയാലിറ്റി ഷോകളിൽ ഒട്ടും സുരക്ഷിതരല്ലെന്നും റുണ പറഞ്ഞു.