തിരുവനന്തപുരം: ജയിലിനുള്ളിൽ വലിയ ആത്മവിശ്വാസത്തിലാണ് കെ.സുരേന്ദ്രനെന്ന് മുൻ ബിജെപി ജനറൽ സെക്രട്ടറി പി.പി മുകുന്ദൻ. നിരാശയുടെ യാതൊരു ലാഞ്ചനയും അദ്ദേഹത്തിന്റെ മുഖത്തോ വാക്കുകളിലോ ഉണ്ടായിരുന്നില്ലെന്നും തികഞ്ഞ ആത്മവീര്യത്തിലുമാണ് സുരേന്ദ്രനെന്നും മുകുന്ദൻ പറഞ്ഞു. പൂജപ്പുര സെൻട്രൽ ജയിലിൽ കെ.സുരേന്ദ്രനെ കണ്ട ശേഷം മറുനാടൻ മലയാളിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ആദർശത്തിനു വേണ്ടിയാണ് തടവിൽ കഴിയുന്നത് എന്ന ഉദാത്തമായ ചിന്ത സുരേന്ദ്രന്റെ മനസ്സിൽ ഉണ്ട് എന്ന് സംസാരത്തിൽ നിന്നും മനസ്സിലാകുമെന്നും അദ്ദേഹത്തിന്റെ കുടുംബം ഇക്കാര്യത്തിൽ പൂർണ്ണമായും ഒപ്പമുണ്ട് എന്നതും ഏറെ ആത്മവീര്യം നൽകുന്നുവെന്നും മുകുന്ദൻ പറഞ്ഞു. ഏറെ ദിവസങ്ങളായി സുരേന്ദ്രൻ മാനസികമായി തർന്നു കഴിയുകയാണ് എന്ന തരത്തിൽ വാർത്ത പുറത്ത് വന്നതിനെ തുടർന്ന് ജയിൽ സന്ദർശിക്കുകയായിരുന്നു പി.പി മുകുന്ദൻ. ജയിലിനുള്ളിൽ വേണ്ട സൗകര്യങ്ങളൊക്കയുണ്ടെന്നും ജയിൽ അധികൃതർ സൗമ്യമായാണ് പെരുമാറുന്നതെന്നും മകുന്ദൻ സുരേന്ദ്രനിൽ നിന്നും മനസ്സിലാക്കി. വ്രത ശുദ്ധിയോടെയാണ് സുരേന്ദ്രൻ ജയിൽ കഴിയുന്നതെന്നും അതിനുള്ള എല്ലാ സൗകര്യങ്ങളും ജയിൽ അധികൃതർ ചെയ്തു കൊടുക്കുന്നുമുണ്ട്.

സുരേന്ദ്രൻ ജയിലിലായതിന് ശേഷം ഒരു ബിജെപി നേതാവും അദ്ദേഹത്തിന്റെ വീട്ടിലേക്ക് തിരിഞ്ഞു നോക്കാത്ത സമയത്ത് ആദ്യമായി സന്ദർശ്ശനം നടത്തിയത് പി.പി മുകുന്ദനാണ്. ആ സമയം കുടുംബക്കാരൊക്കെ വളരെ ആത്മവിശ്വാസത്തോടെയാണ് സംസാരിച്ചത്. ധർമ്മ സമരത്തിനായി ജയിലിൽ കഴിയുന്നതായതിനാൽ അവർക്കൊന്നും ഒരു വിഷമവുമില്ലെന്ന് പറഞ്ഞിരുന്നു. വീട്ടുകാർക്കൊപ്പം ഏറെ നേരം ചിലവഴിച്ചതിന് ശേഷം അദ്ദേഹം മടങ്ങി. പിന്നീട് തന്റെ ഫെയ്സ് ബുക്കിൽ സുരേന്ദ്രന്റെ കുടുബത്തോടൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തപ്പോൾ മാത്രമാണ് ബിജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള സുരേന്ദ്രന്റെ വീട് സന്ദർശ്ശിക്കാൻ തയ്യാറായത്. ഇക്കാര്യങ്ങളൊക്കെ വലിയ ചർച്ചയായിരുന്നു. അതിനിടയിലാണ് വീണ്ടും ജയിൽ കഴിയുന്ന സുരേന്ദ്രനെ മുകുന്ദൻ സന്ദർശിക്കുന്നത്.

ജയിലിൽ കറുത്ത മുണ്ടും ഷർട്ടുമാണ് സുരേന്ദ്രന്റെ വേഷം. വൈകുന്നേരങ്ങളിൽ പ്രാർത്ഥനയും നടത്തുന്നുണ്ട്. അതേ സമയം ജയിലിന് പുറത്ത് വലിയ പ്രതിഷേധം നടക്കുകയാണ്. എങ്കിലും നിലപാടിൽ നിന്നും സർക്കാർ ഒട്ടും പിറകോട്ട് പോകുന്നില്ല. സുരേന്ദ്രന് മേലുള്ള പിടി മുറുക്കുകയാണ്. സുരേന്ദ്രനെ കാണുവാനായി നിരവധിപേർ ജയിലിലെത്തുന്നുണ്ട്. അതു പോലെ തന്നെ ശബരിമല വിഷയത്തിൽ അറസ്റ്റിലായ മറ്റ് അയ്യപ്പ ഭക്തരുമായും സമ്പർക്കം നടത്തുന്നുണ്ട്. സാധാരണ രീതിയിൽ തന്നെയാണ് സുരേന്ദ്രൻ ജയിലിനുള്ളിൽ കഴിയുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ തരത്തിലുള്ള യാതൊരു നീതി നിഷേധവും ജയിൽ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല.

അന്ന് ശബരിമലയിൽ പോകാനായി നിറച്ച ഇരുമുടിക്കെട്ടുമായി തന്നെയാണ് ജയിലിൽ സുരേന്ദ്രൻ കഴിയുന്നത്. ഒരു സാമൂഹിക പരിഷ്‌ക്കർത്താവിന്റെ ഒരു നവോത്ഥാനത്തിന്റെ കാഴ്ചപ്പാടായിരുന്നില്ല പിണറായി വിജയന്റെ നവോത്ഥാനത്തിന്റെത്. നമ്മൾ ഇന്ന് ആദരിക്കുന്ന നവോത്ഥാന നായകന്മാരുടെ ചരിത്രം പറയുന്ന പോലെയുള്ള ഒരു നവോത്ഥാന പുസ്തകം എഴുതാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അതിന് സുരേന്ദ്രൻ സമ്മതിക്കുകയും ചെയ്തതായും പി.പി മുകുന്ദൻ പറഞ്ഞു.

നവോത്ഥാന നായകനാവാനുള്ള പിണറായി വിജയന്റെ ശ്രമം ഇന്നലെയോടെ തകർന്നു പോയില്ലെ. പകുതിയിലധികം സംഘടനകളും നവോത്ഥാന സംഗമത്തിൽ നിന്നും പിന്മാറിയതാണ് കാരണം. ഇതോടെ ശബരിമല വിഷയത്തിൽ പിണറായി വിജയൻ പരാജിതനാവുകയാണ് എന്നും പി.പി മുകുന്ദൻ പറഞ്ഞു. ഇന്നലെ ശബരിമല വിഷയത്തിൽ നിരാഹാരമിരിക്കുന്ന ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനേയും പിപി മുകുന്ദൻ സന്ദർശിച്ചിരുന്നു.