- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബീഹാറിലെ ജയം മഹാത്മാഗാന്ധി വിഭാവനം ചെയ്ത രാമ രാജ്യത്തിലേക്കുള്ള ജൈത്രയാത്രയെന്ന് പിപി മുകുന്ദൻ; മറ്റു സംസ്ഥാനങ്ങളിൽ മോദിയുടെ പ്രസ്ഥാനം മുന്നേറ്റം നടത്തുമ്പോഴും കേരളം അതിനൊപ്പമെത്തുന്നില്ലെന്നത് വസ്തുത; ഇവിടെ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നതും രഹസ്യമല്ലെന്നും മുതിർന്ന നേതാവ്; ബിജെപിയിൽ വെടിനിർത്തലുണ്ടാകുമോ?
കണ്ണൂർ: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പും മധ്യപ്രദേശ്, യു.പി., ഗുജറാത്ത് , കർണ്ണാടക അടക്കമുള്ള ഉപതിരഞ്ഞെടുപ്പുകളും പരിശോധിച്ചാൽ വ്യക്തമാവുന്നത് ദിശാബോധത്തോടെയുള്ള വിധിയെഴുത്ത് എന്ന വിലയിരുത്തലുമായി മുതിർന്ന ബിജെപി നേതാവ് പിപി മകുന്ദൻ. ദേശീയ താല്പര്യങ്ങൾക്ക് മുൻഗണന നൽകിയുള്ള എൻ.ഡി.എയുടെ ഭരണത്തിനൊപ്പമാണ് ഇന്ത്യൻ ജനതയുടെ ഹൃദയമിടിപ്പ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ നട്ടെല്ലായ കർഷകരെ കൈ പിടിച്ചുയർത്തുന്ന, വികസനം പാഴ് വാക്കല്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാരിനുള്ള ഇന്ത്യൻ ജനതയുടെ അകമഴിഞ്ഞ പിന്തുണയാണിവിടെ പ്രതിഫലിക്കുന്നത്. ഇത് മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത രാമ രാജ്യത്തിലേക്കുള്ള ജൈത്രയാത്രയാണെന്നും മുകുന്ദൻ പറയുന്നു. ഇതിനൊപ്പം കേരളത്തിൽ ബിജെപിക്ക് എന്തു സംഭവിക്കുന്നുവെന്ന സൂചനയും വാക്കുകളിലുണ്ട്.
ബിജെപിയിൽ കുറേ നാളായി മുകുന്ദന് പദവികളൊന്നുമില്ല. അപ്പോഴും നേതൃത്വത്തിനെ വെട്ടിലാക്കുന്ന പരസ്യ പ്രതികരണങ്ങൾ നടത്തിയിരുന്നില്ല. ഇപ്പോൾ ബിജെപി നേതൃത്വത്തെ അംഗീകരിച്ച് ചില സൂചനകൾ നൽകുകയാണ് മുകുന്ദൻ. ജാതി, മത, വർണ്ണ വിത്യാസങ്ങൾക്ക് അതീതമായ ഭാരതീയ സങ്കല്പത്തിൽ അധിഷ്ഠിതവുമായ ഇടപെടൽ കേരളത്തിലും ഉണ്ടാകണമെന്നാണ് മുകുന്ദന്റെ ആവശ്യം. ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലെ വിമത നീക്കങ്ങളെ പരസ്യമായി പിന്തുണയ്ക്കാൻ മുകുന്ദൻ ഇനിയും തയ്യാറായിട്ടില്ല. ഇതിനിടെയാണ് ബീഹാർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലെ നിലപാട് വിശദീകരണം.
പ്രതിപക്ഷവും അവർക്കു കുഴലൂതുന്ന ചില മാധ്യമങ്ങളും കൂടി യാതൊരടിസ്ഥാനവുമില്ലാത്ത വിഷയങ്ങൾ വിവാദങ്ങളാക്കി ബിജെപി.യുടെ പ്രതിഛായക്ക് മങ്ങലേല്പിച്ചു കളയാമെന്നു കരുതിയെങ്കിൽ അവർക്ക് മുഖമടച്ചു കിട്ടിയ ഒരടിയാണ് ഈ തിരഞ്ഞെടുപ്പ് വിധി. സമീപകാലത്ത് യു.പി.യിൽ യോഗി ആദിത്യനാഥ് സർക്കാരിനെ കരിവാരി തേക്കാൻ എന്തെല്ലാം കഥകളാണ് ചില മാധ്യമങ്ങളും പ്രതിപക്ഷ കക്ഷികളും ചേർന്ന് ചമച്ചത്. അതിന്മേൽ അന്തിച്ചർച്ചകൾക്ക് ഇവിടുത്തെ മാധ്യമങ്ങൾ എന്തു മാത്രം സമയമാണ് മാറ്റിവച്ചത്. ഇതുകൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്ന് മനസ്സിലായില്ലേ? അതല്ലേ യു.പി. ഫലം വെളിവാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നരേന്ദ്ര മോദി പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം ഈ മുന്നേറ്റം നടത്തുമ്പോഴും കേരളം അതിനൊപ്പമെത്തുന്നില്ലെന്നത് വസ്തുതയാണ്. ഇവിടെ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നതും രഹസ്യമല്ല. അനുകൂല സന്ദർഭങ്ങൾ ഉണ്ടായിട്ടും അത് വോട്ടുകളാക്കി മാറ്റുന്നതിൽ വിജയിക്കുന്നില്ല. ഇതിൽ ഗൗരവമായ പരിശോധന വേണമെന്നാണ് പിപി മുകുന്ദന്റെ നിലപാട്.
ഏതു തരത്തിലുള്ള അപസ്വരമാണെങ്കിലും നിലവിൽ അത് ദോഷകരമാണ്. അത് പരിഹരിക്കപ്പെടുക തന്നെ വേണം. ഈ വിഷയത്തിൽ കേന്ദ്ര നേതൃത്വം സംസ്ഥാന ഭാരവാഹികൾക്ക് ചില നിർദ്ദേശങ്ങൾ നൽകിയതായി മാധ്യമ വാർത്തകൾ ഉണ്ട്. അങ്ങനെയൊന്നുമില്ലെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ചില കുറിപ്പുകളുമുണ്ട്. ഇതിന്റെ നിജസ്ഥിതി ഉത്തരവാദപ്പെട്ടവർ പ്രവർത്തകരെ അറിയിക്കണം. സാധാരണ പ്രവർത്തകർ ആകെ ആശയക്കുഴപ്പത്തിലാണ്. അതിനു പരിഹാരം ഉണ്ടാകണം. ദേശീയ തലത്തിൽ ഇന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടിനു ലഭിക്കുന്ന ബഹുജന സ്വീകാര്യത ലോക രാജ്യങ്ങൾ ശ്രദ്ധാപൂർവ്വമാണ് നോക്കിക്കാണുന്നത്. മറ്റു രാഷ്ട്രങ്ങൾ സ്വന്തം രാജ്യ താല്പര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുമ്പോൾ ഭാരതം ഇക്കാര്യത്തിൽ ഒരു പടി മുന്നിൽ നിൽക്കുന്ന അഭിമാനകരമായ നിലപാടാണ് ബിജെപി. സർക്കാർ കൈക്കൊള്ളുന്നത്. കേരള മനസും ഇതിനൊപ്പം തന്നെയാണ്. തിരഞ്ഞെടുപ്പിൽ അതു പ്രതിഫലിപ്പിക്കേണ്ടതുണ്ട്. ആ ദൗത്യം പാർട്ടി ഇവിടെ വെല്ലുവിളിയായി തന്നെ ഏറ്റെടുക്കേണ്ടതുണ്ട്.
മുന്നണി രാഷ്ട്രീയമാണ് കേരളത്തിൽ ബിജെപി.യുടെ മുന്നേറ്റത്തിന് തടയിടുന്നതെന്ന വാദം കഴമ്പുള്ളതല്ല. രണ്ടു മുന്നണികളിലായുള്ള മഹാഗഡ് ബന്ധ നോട് മത്സരിച്ചാണല്ലോ നേമത്ത് ബിജെപി. ഒറ്റക്ക് ജയിച്ചത്. നിരവധി മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തോ അതിനൊപ്പമോ എത്തിയതും സ്വന്തം കരുത്തിലാണല്ലോ. ഇപ്പോഴത്തെ സംവിധാനമൊന്നുമില്ലാത്ത കാലത്ത് 30 വർഷം മുമ്പ് കേരള വർമ്മ രാജ ഒറ്റക്ക് 1, 10,000 വോട്ട് പിടിച്ചതും ആറു കൗൺസിലർമാർ അവിടെ ബിജെപി.ടിക്കറ്റിൽ ജയിച്ചു കയറിയതുമെല്ലാം ബിജെപി.യുടെ ആത്മവീര്യത്തിന് ആക്കം കൂട്ടുന്ന ദൃഷ്ടാന്തങ്ങളാണ്. അതു കൊണ്ടു തന്നെ മുന്നണി രാഷ്ട്രീയത്തിനിടയിൽ ബിജെപിക്ക് തനിച്ച് എന്തു ചെയ്യാനാവും എന്ന ആശങ്ക മാറ്റിവച്ചു കൊണ്ടു വേണം ഇനി കേരള തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ബിജെപി. പരിപാടികൾ ആസൂത്രണം ചെയ്യേണ്ടത്-പിപി മുകുന്ദൻ പറഞ്ഞു.
മുകുന്ദനെ ബിജെപിയുടെ നേതൃത്വത്തിൽ സജീവമാക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. എൻഡിഎയുടെ ചുമതലയിലേക്ക് മുകുന്ദനെ എത്തിക്കാനും ആലോചനയുണ്ടെന്നാണ് സൂചന. ശോഭാ സുരേന്ദ്രൻ അടക്കമുള്ളവരെ അനുനയിപ്പിക്കാൻ മുകുന്ദനെ ഇറക്കാനും ആലോചന സജീവമാണ്. ഇതിനിടെയാണ് മുകുന്ദൻ പ്രസ്താവനയുമായി എത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ