തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തെ വിമർശിച്ച് കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയതിന് പിന്നാലെ ബിജെപിയുടെ അവസ്ഥ മാധ്യമങ്ങളോട് തുറന്നടിച്ച് മുതിർന്ന നേതാവ് പി പി മുകുന്ദൻ. ബത്തേരി കോഴക്കേസ്, കൊടകര കള്ളപ്പണ ഇടപാട്, ഇന്ധനവില വർധന എന്നിവയെല്ലാം പ്രവർത്തകരെ ബിജെപിയിൽനിന്ന് അകറ്റി. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഇതിനോടകം പതിനായിരത്തിന് മുകളിൽ പ്രവർത്തകർ പാർട്ടി വിട്ടുവെന്നാണ് തനിക്ക് ജില്ലകളിൽ നിന്ന് ലഭിച്ച കണക്കെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

നേതാക്കൾ തമ്മിൽ ഐക്യവും മനപ്പൊരുത്തവുമില്ല. പ്രവർത്തകർ നിരാശരും നിസ്സംഗരുമായി മാറി. കെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് വന്നതുമുതൽ പ്രശ്നങ്ങൾ രൂക്ഷമായി. എന്തു കൊണ്ടാണ് കേന്ദ്രം ഇക്കാര്യത്തിൽ ചിറ്റമ്മനയം എടുക്കുന്നത് എന്ന് മനസ്സിലാകാത്തതു കൊണ്ടാണ് കേന്ദ്രത്തിന് ഇ മെയിൽ അയച്ചതെന്നും പത്രങ്ങളോട് ഇക്കാര്യങ്ങൾ വിശദീകരിച്ചതെന്നും പി പി മുകുന്ദൻ വ്യക്തമാക്കി.

വി.മുരളീധരൻ കേന്ദ്രമന്ത്രിയായതുകൊണ്ട് കേരളത്തിനും പാർട്ടിക്കാർക്ക് പോലും ഒരു ഗുണവുമുണ്ടായിട്ടില്ലെന്ന് പിപി മുകുന്ദൻ പറഞ്ഞു. സംസ്ഥാന ബിജെപിയിലെ നേതാക്കളുടെ തമ്മിലടി കാരണം പ്രവർത്തകർക്ക് മനംമടുത്തിട്ടുണ്ടെന്നും അതുകൊണ്ട് നിരവധി പ്രവർത്തകർ പാർട്ടി വിട്ട് പോകുന്നതെന്നും മുകുന്ദൻ പറഞ്ഞു.

പിപി മുകുന്ദൻ പറഞ്ഞത് പ്രസക്തഭാഗങ്ങൾ: ''വി മുരളീധരൻ കേന്ദ്ര മന്ത്രിയായതുകൊണ്ട് കേരളത്തിന് എന്ത് ഗുണമെന്ന് ചോദിച്ചാൽ എന്ത് ഉത്തരമാണ് പറയാൻ കഴിയുക. കേരളത്തിലെ ജനങ്ങൾക്കെന്നല്ല, പാർട്ടി പ്രവർത്തകർക്കും മുരളീധരനെ കൊണ്ട് ഒരു ഗുണവുമില്ല. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കഴിയുകയും മർദ്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത നിരവധി പ്രവർത്തകരുടെ കുടുംബങ്ങളുണ്ട്. അവർക്ക് വേണ്ടി പോലും ഒന്നും ചെയ്യാൻ കഴിയുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ ഇതല്ല അവസ്ഥ. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മൂന്ന് ലക്ഷം വോട്ടുകൾ കുറഞ്ഞു. ഇത് എവിടെയാണ് പോയതെന്ന് പരിശോധിക്കാൻ പോലും തയ്യാറാകുന്നില്ല. നിരവധി പ്രവർത്തകരേയും നേതാക്കളേയും സുരേന്ദ്രന്റെ നേതൃത്വം ഒതുക്കി. ഇതിന്റെയൊക്കെ ഫലമാണ് ഈ പ്രതിസന്ധി.''

''നേതാക്കളുടെ തമ്മിലടിയിൽ പ്രവർത്തകർക്ക് മനംമടുത്ത് തുടങ്ങിയിട്ടുണ്ട്. നേതാക്കൾ തമ്മിൽ ഒരു യോജിപ്പുമില്ല. പതിനായിരത്തിന് മുകളിൽ പ്രവർത്തകർ പാർട്ടി വിട്ടുവെന്നാണ് മറ്റു ജില്ലകളിൽ നിന്ന് ലഭിച്ച കണക്ക്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ഫലം എന്നിവ പരിശോധിച്ചാൽ സുരേന്ദ്രൻ സ്വയം മാറി നിൽക്കേണ്ടതാണ്. കൊടകര കേസ്, സ്ഥാനാർത്ഥിക്ക് പണം വാഗ്ദാനം ചെയ്ത സംഭവം തുടങ്ങിയവയൊക്കെ പ്രവർത്തകരുടെ വിശ്വാസ്യത ഇല്ലാതാക്കിയിട്ടുണ്ട്. പാർട്ടിയിൽ ഐക്യമില്ലെന്ന് തോന്നിയാൽ പ്രവർത്തകർ വിട്ടുപോകും. അച്ചടക്കമുള്ള പാർട്ടി എന്ന് പറയുമ്പോൾ ശോഭ സുരേന്ദ്രനെ സംസ്ഥാന പട്ടികയിൽ വെട്ടി. അവർ കേന്ദ്രത്തെ കണ്ടാണ് സീറ്റ് നേടിയത്. അപ്പോൾ അച്ചടക്കം എവിടെയാണ്.''-പിപി മുകുന്ദൻ പറഞ്ഞു.