പെരുമ്പാവൂർ: ഞാൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നു തെളിഞ്ഞു. എന്നെ കരിവാരിതേക്കാൻ നടത്തിയ നീക്കമായിരുന്നു അത്. മാനനഷ്ടത്തിന് നോട്ടീസ് നൽകിയിട്ടുണ്ട് നിയമനടപടികളുമായി മുന്നോട്ടുപോകും...യു ഡിഎഫ് കൺവീനർ പി പി തങ്കച്ചൻ മറുനാടൻ മലയാളിയോടു പറഞ്ഞു. ദാരുണമായി കൊല്ലപ്പെട്ട പെരുമ്പാവൂരിലെ ജിഷയുടെ പിതാവ് താനാണെന്ന തരത്തിൽ നടന്ന പ്രചാരണങ്ങളുടെ മുനയൊടിക്കുന്ന പൊലീസ് കണ്ടെത്തൽ പുറത്തുവന്നതു സംബന്ധിച്ച് കോൺഗ്രസ്സ് നേതാവ് പിപി തങ്കച്ചന്റെ പ്രതികരണമിങ്ങനെ.

ഇന്നലെ കേസ്സിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചതിന് പിന്നാലെയാണ് ജിഷയുടെ പിതാവ് പാപ്പുതെന്നയെന്ന സ്ഥിരീകരണവുമായി മാദ്ധ്യമങ്ങളിലൂടെ വാർത്തകൾ പുറത്തുവന്നത്. കേസ്സിന്റെ അന്വേഷണ ഘട്ടത്തിൽ ശക്തമായിരുന്ന ഈ ആരോപണത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാൻ പൊലീസ് മുൻകൈയെടുത്ത് ജിഷയുടെ പാതാവ് പാപ്പുവിനെ ഡി എൻ എ പരിശോധനക്ക് വിധേയമാക്കിയിരുെന്നങ്കിലും പരിശോധനാഫലം പുറത്തുവിട്ടിരുന്നില്ല.

മകളുടെ പിതൃത്വം സംബന്ധിച്ച് മനുഷ്യവകാശ പ്രവർത്തകൻ ജോമോൻ പുത്തപുരയ്ക്കലിന്റെ ആരോപണത്തിനെതിരെ പാപ്പു കുറുപ്പംപടി പൊലീസിൽ പരാതി നൽകിയതോടെയാണ് പിപ തങ്കച്ചൻ ജിഷകേസ്സിൽ വാർത്താമാദ്ധ്യമങ്ങൾ ചർച്ച ചെയ്യപ്പെടുന്ന പ്രധാനവ്യക്തിത്വമായി പരിണമിച്ചത്. പെരുമ്പാവൂരിലെ യു ഡി എഫ് നേതാവാണ് ജിഷയുടെ പിതാവെന്നും ജിഷയുടെ അമ്മ രാജേശ്വരി ഇയാളുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്നെന്നും സ്വത്ത് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇയാളുടെ നേതൃത്വത്തിൽ ജിഷയെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് ജോമോൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ സൂചിപ്പിച്ചിരുന്നത്.

ദളിതനായ തനിക്കെതിരെയുള്ള ആരോപണം തന്റെ പിതൃത്വത്തെ അപമാനിക്കാൻ ലക്ഷ്യമിട്ടാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പാപ്പു പൊലീസിൽ പരാതി നൽകിയത്. ഇതുപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി ജോമോനെതിരെ കുറുപ്പംപടി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റ് നടപടികൾ പുരോഗമിക്കവേ ജോമോനെതിരെയുള്ള പരാതി തന്റെ അറിവോടെയല്ലെന്നും സമീപവാസിയായ അശമൂർ പഞ്ചായത്ത് മെമ്പർ അനിലും പൊലീസുകാരനായ വിനോദും തന്നെ തെറ്റിദ്ധരിപ്പച്ച് വെള്ളപ്പേപ്പറിൽ ഒപ്പിട്ടുവാങ്ങുകയായിരുന്നെന്നും വെളിപ്പെടുത്തി പാപ്പു രംഗത്തെത്തി. ഇതോടെ പൊലീസ് ഈ പരാതിയിന്മേലുള്ള നടപടികൾ മരവിപ്പിച്ചു. ഇതിനിടയിൽ രോഗബാധയെത്തുടർന്ന് അവശനായ പാപ്പുവിനെ ചികത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ച് മാദ്ധ്യമങ്ങളെ കണ്ടപ്പോഴും ജോമോനെതിരെയുള്ള പരാതിയിൽ താൻ കബളിപ്പിക്കപ്പെട്ടതായും ജിഷയുടെ പിതാവ് താൻ തെന്നയാണെന്നും പാപ്പു ആവർത്തിച്ചിരുന്നു.

ഇതിന് ശേഷം തിരുവനന്തപുരത്ത് ജോമോൻ പുത്തൻ പുരയ്ക്കലിന്റെ ഒപ്പമാണ് പാപ്പുവിനെ മാദ്ധ്യമങ്ങൾ കണ്ടത്. ഡി ജി പിക്ക് പരാതി സമർപ്പിക്കാനെത്തിയപ്പോഴും മുഖ്യമന്ത്രിയെ കണ്ടപ്പോഴും പാപ്പുവിനൊപ്പം ജോമോനുമുണ്ടായിരുന്നു.പിന്നീട് പാപ്പുവിനെ ജോമോൻ ഒളിവിൽ പാർപ്പിച്ചിരിക്കുന്നതായി വാർത്തകളും പ്രചരിച്ചിരുന്നു. പാപ്പുവിനെ കാണാനില്ലെന്നുള്ള വാർത്തയെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകരിൽ ചിലർ പ്രതികരണമാരാഞ്ഞപ്പോൾ പാപ്പുവിനെ സംരക്ഷിക്കുന്നത് താനാണെന്ന തരത്തിൽ ജോമോൻ പ്രതികരി്ച്ചിരുന്നു.

അഭയക്കേസിന് ശേഷം ജോമോന്റെ ശക്തമായ ഇടപെടലുണ്ടായത് ജിഷക്കേസിലാണ്. യു ഡി എഫ് നേതാവിനെതിരെ പരാതിയുമായി എത്തിയതോടെ മാദ്ധ്യമങ്ങളിൽ നിറഞ്ഞ ജോമോൻ ഇക്കാര്യത്തിൽ ആദ്യഘട്ടത്തിൽ തനിക്കെതിരായിരുന്ന ജിഷയുടെ പിതാവ് പാപ്പുവിനെ കൂടെക്കൂട്ടി പ്രശ്‌നത്തിൽ ലൈവാകാനും ശ്രമിച്ചിരുന്നു.