കൊല്ലം: ജൂലായ് 10ന് ദിലീപ് ജയിലിലെത്തിയപ്പോൾ താരരാജാവ് പ്രതിനായകൻ' ആയി. തെളിവെടുപ്പിന് കൊണ്ടു പോയപ്പോൾ കൂക്കു വിളി. തൊട്ട് പിന്നാലെ അമ്മയുടെ യോഗം ചേർന്ന് നടനെ തള്ളിപറഞ്ഞു. കോടതിയിലെത്തിച്ചപ്പോഴും വില്ലൻ പരിവേഷം. പതിയെ എല്ലാം മാറിവന്നു. പിസി ജോർജിനെ പോലുള്ളവർ ദിലീപിനെ പരസ്യമായി അനുകൂലിച്ചു. ചാനൽ ചർച്ചകളിലും വാദമുഖങ്ങളുമായി സിനിമാക്കാരെത്തി. ഇരയെ എല്ലാവരും മറുന്നു. ദിലീപിന് വേണ്ടി മാത്രമായി വാദങ്ങൾ. വിമൻ ഇൻ സിനിമാ കളക്ടീവിന്റെ ഇടപെടലുകളേയും പൊളിച്ചു. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് രഹസ്യ കരങ്ങളാണ്. ഇനിയും പുറത്തേക്ക് വരാത്ത പിആർ ഏജൻസി.

പ്രതിനായകനെ അവർ വീണ്ടും നായകനാക്കി. കിട്ടിയത് ജാമ്യമാണ്. പക്ഷേ, ഒടുവിൽ സത്യം ജയിച്ചു' എന്ന മട്ടിലുള്ള ആഘോഷം ഇപ്പോൾ സജീവമാക്കിയതും ഇവർ തന്നെയാണ്. അടുത്ത മണിക്കൂറുകളിൽ ദിലീപ് സിനിമാ സംഘടനകളിൽ നിന്ന് പുറത്താക്കപ്പെട്ടു. ആദ്യം പുറത്താക്കിയത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. അടുത്ത മണിക്കൂറിൽ അമ്മ'യിൽ നിന്ന് ദിലീപിനെ ഔട്ടാക്കിക്കൊണ്ട് സൂപ്പർതാരങ്ങളുടെ പ്രഖ്യാപനം വന്നു. ഒരു മാസക്കാലം ദിലീപിന് വലിയ പിന്തുണ ആരും ഉയർത്തിയില്ല. ഇതോടെയാണ് പിആർ ഏജൻസിയെ സജീവമാക്കിയത്. ആദ്യമൊക്കെ സോഷ്യൽ മീഡിയയിലായിരുന്നു ഇടപെടൽ. പിന്നീട് രാമലീലയുടെ വിജയത്തിലേക്കായി ശ്രദ്ധ. അതും വിജയിച്ചു. ഇപ്പോൾ നായകൻ മോചിതനായപ്പോൾ വീരപരിവേഷവും നൽകി.

ദിലീപ് നായകനായി അഭിനയിച്ച രാമലീല' റിലീസ് ചെയ്യാൻ തീരുമാനിച്ചതോടെ മൗനികളായവരിൽ നല്ലൊരു ഭാഗവും ആ സിനിമയ്‌ക്കൊപ്പം ചേർന്നു. അത് ദിലീപിന്റെ ചിത്രമല്ല സംവിധായകന്റെ സിനിമയാണ്, നിർമ്മാതാവിന്റെ സിനിമയാണ് എന്ന മട്ടിലായി വിശദീകരണങ്ങൾ. സിനിമയ്‌ക്കൊപ്പം എന്ന കാമ്പെയിൻ തന്നെ നടന്നു. സിനിമ വിജയമായതോടെ എല്ലാം നടന്റെ ക്രഡിറ്റിലുമെത്തി. അറസ്റ്റു ചെയ്യപ്പെട്ട ശേഷം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴൊക്കെ കൂടിയ ജനം ദിലീപിനെ കൂക്കിവിളിക്കുകയായിരുന്നു. അവിടെയെല്ലാം നിസഹായരായി നിന്ന ആരാധകർ ഇപ്പോൾ ആവേശത്തിലാണ്. ഇങ്ങനെ ഇവരെ മാറ്റിയെടുത്തതും പബ്ലിക് റിലേഷൻസ് ഇടപെടൽ തന്നെയായിരുന്നു.

ദിലീപിനെതിരെ ആദ്യ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങളായിരുന്ന അരങ്ങേറിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത് മാറിമറിയുന്ന കാഴ്ചകളാണ് കാണുന്നത്. ദിലീപിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റും പറഞ്ഞ് വെള്ളപൂശുന്ന വാർത്തകളും സോഷ്യൽ മീഡിയ പ്രതികരണങ്ങളും സജീവമാക്കി. അങ്ങനെ പതിയെ ഇമേജ് മാറ്റിയെടുത്തു. ദിലീപിന് വേണ്ടി സൈബർ ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുന്നത് ബിജെപിയുടെ പ്രചാരണ ചുമതലയുള്ള പിആർ ഏജൻസി ആണെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ ബിജെപി ഇത് നിഷേധിിച്ചു.

കൊച്ചിയിലെ ഒരു പിആർ ഏജൻസി വഴി ദിലീപ് അനുകൂല തരംഗം സോഷ്യൽ മീഡിയയിൽ സൃഷ്ടിക്കുന്നതായി പൊലീസിനും വിവരം ലഭിച്ചു. ഇതെല്ലാം പൊലീസ് നിരീക്ഷിക്കുകയും ചെയ്തു. എന്നിട്ടും ഒടുവിൽ വിജയിച്ചത് പിആർ ഏജൻസിയുടെ ഇടപെടലാണ്. ദിലീപ് അങ്ങനെ വീണ്ടും ജനപ്രിയ നായകനായി.