ത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി യൂത്ത് ഫോറവും വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റർ സ്‌കൂൾ കോമ്പറ്റീഷൻ നാളെ നടക്കും. ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ വച്ച് നടക്കുന്ന മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി ഖത്തറിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നായി 600 ഓളം വിദ്യാർത്ഥി-വിദ്യാർത്ഥിനികളാണ് പ്രസംഗം, കഥ പറയൽ, പ്രബന്ധരചന, ഖുർആൻ പാരായണം, ക്വിസ്, ഖുർആൻ മന:പാഠം തുടങ്ങിയ ഇനങ്ങളിലായി പങ്കെടുക്കുക.

പരിപാടിയോടനുബന്ധിച്ച് ഹയർ സെക്കണ്ടറി ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ദോഹ മതാന്തര സംവാദ കേന്ദ്ര(ഡി .ഐ .സി .ഐ .ഡി)വുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഇന്റർ സ്‌കൂൾ സംവാദ മത്സരവും നടക്കും. സ്ഥിരതയാർന്ന സാമൂഹ്യ നിർമ്മിതിയിൽ മത-സാംസ്‌കാരിക മൂല്യങ്ങളും വ്യക്തി സ്വാതന്ത്ര്യത്തിന്റെയടിസ്ഥാനത്തിൽ രൂപപ്പെടുന്ന നിയമങ്ങളും വഹിക്കുന്ന പങ്കിനെ കുറിച്ച് നടക്കുന്ന ഡിബേറ്റ് മത്സരത്തിൽ ഖത്തറിലെ പ്രമുഖ സ്‌കൂളുകൾ പങ്കെടുക്കും. 'വൈവിധ്യങ്ങളുടെ ലോകത്തെ സഹവർത്തിത്വ സംസ്‌കാരം' എന്ന തലക്കെട്ടിൽ പ്രസംഗ മത്സരവും ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടക്കും.

വിത്യസ്ത വേദികളിലായി അരങ്ങേറുന്ന മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം യൂത്ത്‌ഫോറം പ്രസിഡണ്ട് ജംഷീദ് ഇബ്റാഹീം നിർവ്വഹിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ മത്സര വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഡി.ഐ.സിഐ.ഡി. എക്‌സിക്യൂട്ടീവ് മാനേജർ യൂസുഫ് അബ്ദുല്ല അൽസുബായ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡണ്ട് കെ. സി. അബ്ദുൽ ലത്വീഫ്, സ്റ്റുഡന്റസ് ഇന്ത്യ പ്രസിഡണ്ട് മുഹമ്മദ് അഫ്ദൽ, സ്‌കൂൾ പ്രധിനിധികൾ എന്നിവർ പരിപാടിയിൽ സംബന്ധിക്കും.