ദോഹ: മൗലികമായ അഭിപ്രായ ഭിന്നതകൾക്കുപോലും അവധി കൊടുത്ത്, ഇന്ത്യയിൽ ശക്തി പ്രാപിച്ചു വരുന്ന ഫാഷിസത്തിനെതിരെ ജനാധിപത്യവാദികളും മതേതര കക്ഷികളും ഒന്നിച്ചുനിന്ന് പോരാടണമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ്. യൂത്ത് ഫോറം സംഘടിപ്പിച്ച സഹവാസ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ലാസിക്കൽ ഫാസിസത്തേക്കാൾ ഭീകരവും പ്രഹര ശേഷിയുമുള്ളതാണ് ഇന്ത്യൻ ഫാസിസം. സാമൂഹിക പരിവർത്തനങ്ങളെ പരമാവധി തടയുകയും സഹവർത്തിത്തത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന ജാതി മേൽക്കോയ്മയാണ് അതിന്റെ മുഖ്യ അടിത്തറ. കലാപങ്ങളും വംശഹത്യയുമാണ് അതിന്റെ ഇന്ധനം. ജാതിമേൽക്കോയ്മയുമായും കോർപറേറ്റുകളുമായും പൂർണ്ണസംയോജനത്തിലെത്തിയ ഭരണകൂടം ഇന്ത്യയിൽ ആദ്യമാണ്. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്ത സംഘ്പരിവാർ ദേശീയതയുടെ കുത്തക അവകാശപ്പെടുന്നതും ശ്രീനാരയണ ഗുരു, അംബേദ്കർ പോലുള്ള ചരിത്രപുരുഷന്മാരെ പിടിച്ചെടുക്കുന്നതും വിരോധാഭാസമാണ്. ജാതി വിവേചനങ്ങൾക്കെതിരായ ആശയസമരത്തെ ജ്വലിപ്പിച്ചു നിർത്തിക്കൊണ്ട് മാത്രമേ ജനാധിപത്യത്തിന് മുന്നോട്ടു പോകാനാകൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിപാടിയിൽ അധ്യക്ഷത വഹിച്ച യൂത്ത് ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് ഷബീർ കെ.ഇ എന്നിന് ഉപഹാരം നൽകി. യൂത്ത് ഫോറം കലാ-സാംസ്‌കാരിക കൺവീനർ സുഹൈൽ അബ്ദുൽ ജലീൽ സ്വാഗതവും ഫലാഹ് നന്ദിയും പറഞ്ഞു.