ദോഹ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഖത്തറിൽ നേതൃത്വം നൽകിയ ഡോ. അബ്ദുൽ ലത്തീഫ് അൽഖാൽ നെ യൂത്ത്‌ഫോറം ആദരിച്ചു.

ഹമദ് മെഡിക്കൽ കോർപ്പറേഷൻ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, പകർച്ചവ്യാധി പ്രതിരോധ വിഭാഗം തലവൻ, ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന പദ്ധതിയുടെ മാനേജർ, ഖത്തർ ക്ലിനിക്കൽ എയ്ഡ് പ്രോഗ്രാം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഡോ.അബ്ദുൽ ലത്തീഫ് അൽ ഖാൽ രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുകയും സ്വദേശികളും വിദേശികളുമായ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുകയും ചെയ്തിരുന്നു.

രാജ്യത്തെ വ്യത്യസ്ത ക്വാറന്റൈൻ സെന്ററുകളിലും ഇൻഡസ്ട്രിയൽ ഏരിയയിലുമുൾപ്പെടെ യൂത്ത് ഫോറം നടത്തിയ സേവനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച അദ്ദേഹം, സാമൂഹിക സേവന രംഗത്ത് ഇനിയുമേറെ കാര്യങ്ങൾ യോജിച്ച് ചെയ്യാനുണ്ടെന്നും യൂത്ത് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും വ്യക്തമാക്കി.

ദോഹയിലെ എഡ്യൂക്കേഷൻ സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യൂത്ത് ഫോറം വൈസ് പ്രസിഡന്റ് അബ്സൽ അബ്ദുട്ടി മൊമെന്റോ കൈമാറി. കേന്ദ്ര കമ്മറ്റി അംഗങ്ങളായ അഹ്മദ് അൻവർ, മുഹമ്മദ് അനീസ്, മുഹമ്മദ് അബ്ദുൽ റഹ്മാൻ, മുഹമ്മദ് അഷ്റഫ് എന്നിവർ പങ്കെടുത്തു .