ഹൈദരാബാദ്: ബാഹുബലി പ്രഭാസും അനുഷ്‌കയും തമ്മിലുള്ള കെമിസ്ട്രി ചർച്ചയായതിന് പിന്നാലെ ഇരുവുരം തമ്മിൽ പ്രണയത്തിലാണെന്നും പ്രചരണം ഉണ്ടായിരുന്നു. റാണാ ദഗുപതിയെക്കാൾ പ്രഭാസാണ് സെക്സിയെന്ന് അനുഷ്‌ക ഒരു അഭിമുഖത്തിനിടെ പറഞ്ഞതും ഈ അഭ്യൂഹത്തിന് ആക്കം കൂട്ടി. എന്നാൽ ഇതൊക്കെ നിഷേധിക്കുകയാണ് പ്രഭാസ്

അനുഷ്‌കയുമായി പ്രണയമില്ലെന്നും അല്ലെന്നും ഇതൊക്കെ വെറും കെട്ടുകഥകളാണെന്നും ബാഹുബലി നായകൻ പ്രഭാസ് പറഞ്ഞു. ഇത്തരത്തിലുള്ള കഥകൾ സാധാരണമാണ്. ഞാനും അനുഷ്‌കയും നല്ല സുഹൃത്തുക്കളാണ്. നിങ്ങൾ ഏതെങ്കിലും ഒരു നടിയോടൊത്ത് പല ചിത്രങ്ങളിൽ അഭിനയിച്ചാൽ ഇത്തരത്തിലുള്ള റൂമറുകൾ ഉണ്ടാവും. അത് സാധാരണമാണ്. ആദ്യമൊക്കെ ഇത് കേൾക്കുമ്പോൾ സങ്കടം തോന്നിയിരുന്നു. പക്ഷെ ഇപ്പോൾ ഇതുമായി പൊരുത്തപ്പെടാൻ പഠിച്ചു പ്രഭാസ് പറഞ്ഞു.

പെട്ടെന്ന് വിവാഹം കഴിക്കാനുള്ള പദ്ധതി തനിക്കില്ലെന്ന് അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചു. എന്റെ സ്ത്രീ ആരാധകർ പേടിക്കേണ്ട കാര്യമില്ല. തത്കാലം വിവാഹം കഴിക്കുന്നില്ല. അതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ട് പോലുമില്ല. ഇത്രയും ആരാധികമാർ ഉണ്ടെന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം അദ്ദേഹം പറഞ്ഞു.

സുജീത് സംവിധാനം ചെയ്യുന്ന സാഹോയിൽ ആണ് പ്രഭാസ് ഇപ്പോൾ അഭിനയിക്കുന്നത്. ഈ ചിത്രത്തിലും അനുഷകയാണ് നായികയാവുക എന്നാണ് വിവരം. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.