ജിം ട്രെയ്‌നർക്ക് 73 ലക്ഷത്തിന്റെ ആഡംബര കാർ സമ്മാനമായി നൽകി ഞെട്ടിച്ച് തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ്. തന്റെ ജിം ട്രെയ്‌നർ ലക്ഷ്മൺ റെഡ്ഡിക്കാണ് ഏകദേശം 73 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന റേഞ്ച് റോവർ വേളർ താരം സമ്മാനമായി നൽകിയത്. മുൻ ബോഡി ബിൽഡറും 2010ൽ മിസ്റ്റർ വേൾഡ് പട്ടം സ്വന്തമാക്കുകയും ചെയ്ത ലക്ഷ്മണിന് സമ്മാനം നൽകിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് പുറംലോകം അറിഞ്ഞത്.

റേഞ്ച് റോവറിന്റെ നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് വേളാർ. ഏകദേശം 73.30 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. പെട്രോൾ എൻജിനോടെ മാത്രമാണ് വേളാർ വിപണിയിലെത്തുന്നത്.

2.0 ലിറ്റർ നാലു സിലിണ്ടർ പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 177 ബിഎച്ച്പി പവറും 365 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. എട്ട് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. 7.1 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വാഹനത്തിനാകും.