- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛൻ മരിച്ചപ്പോൾ വീടുകൾ കയറി തുണി വിറ്റ് മകനെ പഠിപ്പിച്ച അമ്മ; മെഡിക്കൽ ട്രാൻസ്ക്രിപ്റ്റർ പാലക്കാടു നിന്ന് ഇംഗ്ലണ്ടിലേക്ക് പോയത് മെച്ചപ്പെട്ട ജോലി തേടി; വിവാഹ വാർഷികത്തിന് 15 പായ്ക്കറ്റ് ഭക്ഷണപ്പൊതി വാങ്ങിയത് നിർണ്ണായകമായി; ഇതുവരെ അശരണർക്ക് നൽകിയത് 11,000 ഭക്ഷ്യ വസ്തു പായ്ക്കറ്റുകൾ; പ്രഭു നടരാജൻ യുകെ മലയാളിക്ക് അഭിമാനമാകുമ്പോൾ
തൃശ്ശൂർ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനോടൊപ്പം അത്താഴവിരുന്നിനുള്ള ക്ഷണത്തെ വലിയ അംഗീകാരമായാണ് പ്രഭു നടരാജൻ കാണുന്നത്. 2020 മാർച്ചിലാണ് ജോലി തേടി പ്രഭു ഇംഗ്ലണ്ടിലെത്തിയത്. ഇതിനിടെ വിവാഹ വാർഷികം എത്തി. അന്ന് തുടങ്ങിയ സാമൂഹിക ഇടപെടൽ പ്രഭുവിനെ ബ്രിട്ടണിലെ താരമാക്കി.
പാലക്കാട് ഒലവക്കോട് പരേതനായ നടരാജന്റെയും വിജയലക്ഷ്മിയുടെയും മകനാണ്. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. വീടുകൾതോറും കയറിയിറങ്ങി തുണി വിറ്റാണ് അമ്മ പ്രഭുവിനെ പഠിപ്പിച്ചത്. കോയമ്പത്തൂരിൽ മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ ജോലി ചെയ്യുന്നതിനിടെയാണ് കുടുംബസമേതം ഇംഗ്ലണ്ടിൽ എത്തിയത്.
ബ്രിട്ടനിലെത്തി ലോക്ഡൗണിൽ കുടുങ്ങി നല്ലൊരു ജോലി കിട്ടാനുള്ള കാത്തിരിപ്പിനിടെ നവംബർ 14 എത്തി. അന്നായിരുന്നു ഏഴാം വിവാഹവാർഷികം. കൂട്ടുകാരാരുമില്ലെങ്കിലും 15 പായ്ക്കറ്റ് ഭക്ഷണം പ്രഭു വാങ്ങി. കോവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന ആർക്കെങ്കിലും നൽകാനായിരുന്നു പദ്ധതി. ആവശ്യക്കാരുണ്ടെങ്കിൽ ഭക്ഷണം നൽകാമെന്ന് കാണിച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ഇട്ടു. ഒന്നര മണിക്കൂറിലെത്തി നൂറു പേരുടെ വിളികൾ.
അങ്ങനെ സേവനത്തിന് തുടങ്ങി. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും മറ്റ് സേവനങ്ങളും ആവശ്യമുള്ള നിരവധിപേരുണ്ടെന്ന് മനസ്സിലാക്കി അത് സംഘടിപ്പിക്കാനിറങ്ങി. സാന്റാക്ലോസിന്റെയും സൂപ്പർമാന്റെയും ഉൾപ്പെടെ വിവിധ വേഷങ്ങളിട്ട് തെരുവിലിറങ്ങി. പ്രഭുവിന്റെ ലക്ഷ്യമറിഞ്ഞ് നിരവധി പേർ സഹായിച്ചു. ഒരു ദിവസം 14 ലക്ഷം രൂപവരെ കിട്ടിയിട്ടുണ്ട്. അത് ഭക്ഷണമായും അവശ്യവസ്തുവായും അർഹതപ്പെട്ടവരുടെ വീട്ടിലെത്തി. ഇതിനുള്ള അംഗീകാരമാണ് പ്രഭുവിനെ തേടിയെത്തിയ അത്താഴക്ഷണം.
മെച്ചപ്പെട്ട ജോലി തേടിയാണ് പ്രഭു ഇംഗ്ലണ്ടിലെത്തിയത്. അവിടെയെത്തി പത്താംനാൾ ലോക് ഡൗൺ ആരംഭിച്ചു. ഇതോടെ ജോലിപ്രതീക്ഷ അസ്തമിച്ചു. പക്ഷേ നടത്തിയ ഇടപെടൽ പ്രഭുവിന് നൽകിയത് സമാനതകളില്ലാത്ത അംഗീകാരമാണ്. ഈ 34-കാരൻ നേടിയത് നാല് പുരസ്‌കാരങ്ങൾ. ഒപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനോടൊപ്പം അത്താഴവിരുന്നിനുള്ള ക്ഷണവും.
ഓക്സ്ഫോർഡ് മെയിൽ എന്ന മാധ്യമസ്ഥാപനം നടത്തിയ മേൻ ഓഫ് ദ ഇയർ എന്ന നോമിനേഷൻ പരിപാടിയിൽ ഒന്നാമതെത്തിയതാണ് മികച്ച നേട്ടമായത്. ബ്രിട്ടന്റെ ചരിത്രത്തിൽ 1,636 പേർക്ക് മാത്രം കിട്ടിയിട്ടുള്ള പോയന്റ് ഓഫ് ലൈറ്റ് അവാർഡും തുടർന്ന് തേടിയെത്തി. പ്രഭുവിന്റെ സേവനങ്ങളെ പ്രശംസിച്ച് വിക്ടോറിയ പ്രെന്റിസ് എംപി.യുടെ കത്ത് കിട്ടിയതിന് പിന്നാലെയാണ് അത്താഴവിരുന്നിനുള്ള പ്രധാനമന്ത്രിയുടെ ക്ഷണമെത്തിയത്.
2020-ന്റെ അവസാനത്തിൽ മാത്രം 11,000 ഭക്ഷ്യ വസ്തു പായ്ക്കറ്റുകൾ പ്രഭു നൽകിയിട്ടുണ്ട്. കുട്ടികൾക്ക് കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ചോക്ലേറ്റുകളും നൽകി. ഇത് പായ്ക്കറ്റ് കണക്കിൽ പെടുന്നതല്ല. ഓക്‌സ്ഫോർഡിനടുത്ത് ബാൻബറിയിലാണ് താമസം. വൃദ്ധസദനത്തിൽ കെയർടേക്കറാണ് പ്രഭു ഇന്ന് ഭാര്യ ശില്പ അവിടെ മാനേജരും. ഏക മകൻ അദ്വൈതിന് അഞ്ച് വയസ്സ്.
മറുനാടന് മലയാളി ബ്യൂറോ