ലണ്ടൻ: പേരും പെരുമയും ലഭിക്കാൻ പ്രാഞ്ചിയേട്ടന്മാർ ഒടിനടക്കുന്ന ലോകത്ത് ചിലർക്ക് അത് നിനക്കാതെ വന്നുചേരുന്നത് കാലത്തിന്റെ കവ്യനീതിയാണെന്ന് പറയാം. മറ്റൊന്നും ആഗ്രഹിക്കാതെയുള്ള സേവനങ്ങൾ എന്നായാലും വിലമതിക്കപ്പെടും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബ്രിട്ടനിൽ താമസമാക്കിയ പ്രഭു നടരാജൻ എന്ന മലയാളി യുവാവിന്റെ കഥ. ബ്രിട്ടനിലെത്തി കഷ്ടിച്ച് ഒരു വർഷം കൊണ്ടുതന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വരെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ യുവാവിന്റെ കഥ മറുനാടൻ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

പാലക്കാട്, ഒലവക്കോട് സ്വദേശിയായ പ്രഭു നടരാജന്റെ പിതാവ് വളരെ നേരത്തേ മരിച്ചുപോയിരുന്നു. വീടുകൾ തോറും കയറിയിറങ്ങി തുണികൾ വിറ്റായിരുന്നു പ്രഭുവിന്റെ അമ്മ അദ്ദേഹത്തെ പഠിപ്പിച്ചത്. കൊയമ്പത്തൂരിൽ മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷനിസ്റ്റായി ജോലിചെയ്യുന്നതിനിടെയായിരുന്നു ഇയാൾ കൂടുതൽ മെച്ചപ്പെട്ട ജീവിതം തേടി ബ്രിട്ടനിലെത്തിയത്. ബ്രിട്ടനിലെത്തിയതോടെ അവിടെ ലോക്ക്ഡൗൺ ആരംഭിച്ചു. നല്ലൊരു ജോലിക്കുള്ള അവസരവും കാത്തിരിക്കുന്നതിനിടെ നവംബർ 14 ന് പ്രഭുവിന്റെ ഏഴാം വിവാഹ വാർഷികമെത്തി.

കൂട്ടുകാരോ കുടുംബക്കാരോ കൂടെയില്ലെങ്കിലും 15 പായ്ക്കറ്റ് ഭക്ഷണവും വാങ്ങി കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഭക്ഷണം ആവശ്യമുള്ളവർക്ക് സമീപിക്കാം എന്നു പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തു. ഒന്നരമണിക്കൂറിനുള്ളിൽ കിട്ടിയത് നൂറോളം കോളുകളായിരുന്നു. ദുരിതകാലത്ത് ഭക്ഷണം ആവശ്യമുള്ളവർ ഏറെയുണ്ടെന്ന് മനസ്സിലാക്കിയ പ്രഭു പിന്നീട് അത് ശേഖരിക്കാൻ ഇറങ്ങുകയായിരുന്നു.

സാന്റാക്ലോസിന്റെയും സൂപ്പർമാന്റെയുൂക്കെ വേഷമണിഞ്ഞ് തെരുവിലിറങ്ങിയ പ്രഭുവിന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കിയ നിരവധി പേർ സഹായവുമായി എത്തി. ഒരുദിവസം 14 ലക്ഷം രൂപ വരെ പിരിഞ്ഞുകിട്ടിയതായി പ്രഭു പറയുന്നു. ഈ പണം മുഴുവൻ അശരണർക്ക് ഭക്ഷണവും വസ്ത്രവുമായി നൽകുകയായിരുന്നു. ഈ സേവനത്തീനുള്ള അംഗീകാരമായിട്ടായിരുന്നു പ്രധാനമന്ത്രിയോടൊപ്പമുള്ള വിരുന്ന്.

ഗ്ലെബ്ഫീൽസ്ഡ്സ് കെയർ ഹോമിൽ കെയറർ ആയി ജോലിനോക്കുന്ന പ്രഭുവിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നത് അതേ കെയർ ഹോമിൽ ഡെപ്യുട്ടി മാനേജരായി ജോലി ചെയ്യുന്ന ഭാര്യ ശില്പയും മകൻ അദ്വൈത് പ്രഭുവുമാണ്. അതേപോലെ നേരിട്ടു പരിചയമില്ലാത്ത പലരും പിന്തുണയുമായി എത്തുന്നുണ്ടെന്നും പ്രഭു പറയുന്നു. ഒരിക്കൽ തന്റെ കാറിൽ ഓയിൽ മാറ്റുവാൻ ഒരു മെക്കാനിക് സൗജന്യ സേവനം നൽകിയത് പ്രഭു ഓർമ്മിക്കുന്നു. ജോലി കഴിഞ്ഞ് അതിന്റെ കൂലി വങ്ങിയില്ല എന്നുമാത്രമല്ല, ഒരു ജോഡി ഓയിൽ കാനുകളും എയർ ഫിൽറ്റരും എല്ലാം സൗജന്യമായി നൽകുകയും ചെയ്തു.

അതുപോലെ ബാൻബറി മോറിസൺ ഇവർ കുടുംബാവശ്യത്തിന് വാങ്ങുന്ന സാധനങ്ങൾക്കെല്ലാം 15 ശതമാനം കിഴിവും നൽകിയിട്ടുണ്ട്. ടോണി & ഗൈ പ്രഭുവിന് വാഗ്ദാനം നൽകിയിരിക്കുന്നത് ആജീവനാന്ത സൗജന്യ ഹെയർ കട്ടിങ് ആണ്. സാധാരണക്കാരുടെ സ്നേഹം ആവോളം ലഭിക്കുന്നതിനിടയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി വിരുന്നിന് ക്ഷണിക്കുന്നത്. അതോടൊപ്പം നിരവധി ഷോപ്പുകളുടെ ഉദ്ഘാടന ചടങ്ങുകള്ക്കും പ്രഭു ഇപ്പോൾ മുഖ്യാതിഥിയാണ്.

ഈ വിവരങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ നാട്ടിലും പ്രഭു ഇപ്പോൾ ഹീറോ ആയിരിക്കുകയാണ് സിനിമ ഉൾപ്പടെയുള്ള വിവിധ രംഗങ്ങളിലെ പ്രമുഖർ ഇദ്ദേഹത്തെ വിളിച്ച് അനുമോദിച്ചിരുന്നു. ഇവർ എല്ലാ പിന്തുണയും പ്രഭുവിന് വാഗ്ദാനം നൽകിയിട്ടുണ്ട്. ഇതിനൊക്കെ പുറമേയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രഭുവിനെ വിളിച്ച് അഭിനന്ദിച്ചത്. മാത്രമല്ല, പ്രഭുവിന്റെ അമ്മയെ രാജ്ഭവനിലെ വിരുന്നിലേക്ക് ക്ഷണിക്കുകയും കൂടി ചെയ്തിരിക്കുകയാണ് ഗവർണർ.