ഡബ്ലിൻ: ആശുപത്രിയുടെ തൃപ്തികരമല്ലാത്ത പ്രവർത്തനവും അമിത തിരക്കും മൂലം സൗത്ത് ടിപ്പറാറി ജനറൽ ആശുപത്രിയിലെത്തുന്ന രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതായി ആരോപണം. എമർജൻസി ഡിപ്പാർട്ട്‌മെന്റിലെത്തുന്ന രോഗികളെ ട്രോളികളിൽ റിസപ്ക്ഷൻ മേഖലയിൽ കിടത്തുന്നത് രോഗികൾക്ക് സുരക്ഷിതത്വവും പരിചരണവും ആവശ്യമായ തോതിൽ ലഭിക്കുന്നില്ലെന്ന് ആശുപത്രി പരിശോധനയ്ക്ക് എത്തിയവർ ചൂണ്ടിക്കാണിച്ചു.

കൂടാതെ ഇത്തരത്തിൽ ട്രോളികളിൽ കഴിയുന്നതു മൂലം ഇക്കൂട്ടരുടെ സ്വകാര്യതയും അഭിമാനവും ഹനിക്കപ്പെടുന്നുവെന്നും വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച് ഹിക്വയ്ക്ക് ഏതാനും മാസങ്ങളായി പരാതി ലഭിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തുടർന്ന് ഹിക്വ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ
അഞ്ച് രോഗികളെ റിസപ്ഷൻ മേഖലയിൽ വച്ചും ഇടനാഴിയിൽ വച്ചും ചികിത്സിക്കുന്നതായി കണ്ടെത്തിയിരുന്നു. ശരിയായ വിധത്തിൽ ഒക്‌സിജൻ പോർട് ലഭിക്കുന്നതിനോ ഉപകരണങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനോ മറ്റ് സൗകര്യങ്ങൾ നൽകുന്നതിനോ കഴിയുമായിരുന്ന സ്ഥിതിയിലായിരുന്നില്ല. ആശുപത്രി മാനേജർമാർ തിരക്ക് കൂടുന്നത് വലിയ പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ വേഗത്തിൽ തന്നെ നടപിടകളെടുക്കുന്നുണ്ടെന്നും പറയുന്നു. ഹിക്വ ഇക്കാര്യം ചൂണ്ടികാണിച്ച ഉടൻ തന്നെ ഇടനാഴിയിൽ രോഗികളെ വാർഡിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് നടന്ന അന്വേഷണത്തിൽ ഇത്തരം പ്രശ്‌നം കണ്ടെത്തിയിരുന്നില്ല.

എന്നാൽ വീണ്ടും നടത്തിയ പരിശോധനയിൽ അണുബാധയ്ക്ക് കാരണമായേക്കാവുന്ന തരത്തിൽ ശുചിത്വപ്രവർത്തനത്തിൽ വീഴ്ച ഉള്ളതായും ഹിക്വ അധികൃതർ കണ്ടെത്തി. രോഗികൾക്കു ചുറ്റും ഉള്ള ക്ലിനിങ് ഉപകരണങ്ങൾ ശുചിത്വ നിലവാരത്തിൽ ഏറെ പിന്നോക്കം നിൽക്കുന്നതായാണ് കണ്ടെത്തിയത്. സർജിക്കൽ വാർഡുകളിലെ അവസ്ഥയും ഏറെ ശോചനീയമായിട്ടുള്ളതായിരുന്നു. ഹിക്വ അധികൃതരുടെ കർശന നിർദേശത്തെ തുടർന്ന് ആശുപത്രി ഇതിന്റെ പ്രവർത്തനം കുറച്ചു മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ഹിക്വ തന്നെ വെളിപ്പെടുത്തുന്നു.