- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛത്തീസ്‌ഗഢിലെ മാവോവാദികൾക്കെതിരായ പോരാട്ടം; പ്രളയ ദുരന്തത്തിന് നാടിന് കരുതലൊരുക്കിയ സൈനികൻ; മനസ്സിൽ കരുതിയത് രണ്ടു വർഷത്തിന് ശേഷം റിട്ടയർമെന്റും പൊന്നൂക്കരയിലെ ആ ചെറിയ പ്ലോട്ടിൽ സ്വന്തമായൊരു വീടും; അച്ഛനൊപ്പം ആശുപത്രിയിൽ ഇരുന്ന മകൻ മടങ്ങിയത് ഒരാഴ്ച മുമ്പും; പ്രദീപിന്റെ ജീവൻ കൂനൂർ ദുരന്തമെടുക്കുമ്പോൾ
തൃശ്ശൂർ: കൂനൂർ ദുരന്തത്തിൽ മരിച്ച സേനാംഗങ്ങളിൽ തൃശ്ശൂർ പുത്തൂരിനടുത്തുള്ള പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിനു സമീപം അറയ്ക്കൽ വീട്ടിൽ പ്രദീപും. ഛത്തീസ്‌ഗഢിലെ മാവോവാദികൾക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി അനേകം സേനാ മിഷനുകളിൽ സാന്നിധ്യമായിരുന്നു പ്രദീപ്.
ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ച ഹെലികോപ്റ്ററിൽ ഫ്‌ളൈറ്റ് ഗണ്ണർ ആയിരുന്നു ഈ 37-കാരൻ. പ്രദീപ് സ്ഥലത്തുതന്നെ മരിച്ചു. സേനയിൽ വാറണ്ട് ഓഫീസറായിരുന്നു പ്രദീപ്. കുടുംബത്തോടൊപ്പം കോയന്പത്തൂരിനടുത്തുള്ള സൂലൂർ വായുസേനാ ക്വാർട്ടേഴ്‌സിലായിരുന്നു താമസം. കുറച്ചുദിവസം മുമ്പ് മകന്റെ ജന്മദിനവും അച്ഛൻ രാധാകൃഷ്ണന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയിരുന്നു. നാലുദിവസം മുമ്പാണ് മടങ്ങിയത്. അമ്മ: കുമാരി. ഭാര്യ: ശ്രീലക്ഷ്മി. മക്കൾ: ദക്ഷിൺദേവ്, ദേവപ്രയാഗ. സഹോദരൻ: പ്രസാദ്.
പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു പൂർത്തിയാക്കിയശേഷം 2002-ലാണ് വായുസേനയിൽ ചേർന്നത്. വെപ്പൺ ഫിറ്റർ ആയാണ് ആദ്യനിയമനം. പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയിൽ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. 2018-ൽ കേരളത്തിലെ പ്രളയസമയത്ത് കോയമ്പത്തൂർ വ്യോമസേനാ താവളത്തിൽനിന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ പ്രദീപും ഉണ്ടായിരുന്നു. അന്ന് എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യർഹസേവനം കാഴ്ചവെച്ചു. ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുത്താൻ സാധിച്ച ആ ദൗത്യസംഘത്തിന് ഇന്ത്യൻ പ്രസിഡന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക പ്രശംസ നേടാനായിരുന്നു.
പ്രദീപിന്റെ മരണം സ്ഥിരീകരിച്ചതോടെ രാത്രി ഒമ്പതോടെ പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിന് സമീപത്തെ വീടിനരികിൽ ആളുകൾ എത്തിത്തുടങ്ങി. ജനപ്രതിനിധികളും പ്രദീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയതോടെ വലിയ ആൾക്കൂട്ടമായി. എങ്കിലും പ്രദീപിന്റെ വീട്ടുകാരെ വിവരമറിയിക്കാതിരിക്കാൻ എല്ലാവരും ശ്രമിച്ചു. സുഹൃത്തും അയൽവാസിയുമായ ശിവപ്രസാദിനോട് ഒരാഴ്ച മുമ്പാണ് യാത്രപറഞ്ഞ് മടങ്ങിയത്.
പൊന്നൂക്കരയിൽ വീടുപണിയുന്നതിന് ചെറിയൊരു പ്ലോട്ട് വാങ്ങിയിരുന്നു. രണ്ടുവർഷംകൂടി കഴിഞ്ഞാൽ റിട്ടയർമെന്റാണ്. സേനയിൽ തുടരുന്നതിനെപ്പറ്റിയും സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. എന്തായാലും സ്വന്തം നാട് വിട്ടൊരു സ്ഥിരതാമസം പ്രദീപിന് താത്പര്യമുണ്ടായിരുന്നില്ലെന്ന് അടുപ്പമുള്ളവർ പറയുന്നു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമായി കഴിയുന്ന അച്ഛനെപ്പറ്റിയായിരുന്നു എപ്പോഴും ആശങ്ക. രണ്ടാഴ്ചത്തെ അവധിക്കു വന്നപ്പോഴും മുഴുവൻ സമയവും അച്ഛനൊപ്പം ആശുപത്രിയിലാണ് കഴിഞ്ഞത്. രണ്ടുദിവസം മുമ്പുവരെ വീട്ടിലേക്ക് അച്ഛനെ വിളിച്ച് വിശേഷങ്ങൾ തിരക്കിയിരുന്നു.
പ്രദീപിന്റെ പിതാവ് ഓക്‌സിജന്റെ സഹായത്തോടെയാണ് ജീവിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അതുകൊണ്ട് തന്നെ അമ്മയെയും അറിയിച്ചില്ല. പൊന്നൂക്കരയിലെ ജനങ്ങളൊക്കെ നടുക്കത്തിലാണ്. നാട്ടിൽ വന്നുകഴിഞ്ഞാൽ ഏല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന ആളായിരുന്നു. ആ വിഷമം എല്ലാവർക്കുമുണ്ട്. വിവരം അറിഞ്ഞ സമയം മുതൽ വീടിന്റെ പരിസരത്ത് വന്ന് നിൽക്കുകയാണ് എന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. രണ്ടാഴ്ച മുൻപ് പ്രദീപ് നാട്ടിൽ വന്നുപോയതാണ്. അച്ഛൻ ഐസിയുവിലായിരുന്നു.
പ്രദീപ് ആശുപത്രിയിൽ തന്നെ ആയിരുന്നു. അച്ഛൻ ഡിസ്ചാർജ് ആയിക്കഴിഞ്ഞ് കഴിഞ്ഞ ആഴ്ച പ്രദീപ് തിരികെ പോയി. ഭാര്യയും രണ്ട് മക്കളും അവിടെയാണ്. മൂത്ത മകൻ അവിടെ പഠിക്കുകയാണ്. മകൾക്ക് രണ്ട് വയസേ ആയിട്ടുള്ളൂ.
മറുനാടന് മലയാളി ബ്യൂറോ