- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് ഗണേശ് കുമാറിന്റെ ഓഫീസ് സെക്രട്ടറി തന്നെ; ബേക്കലിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പത്തനാപുരം എംഎൽഎയുടെ അതിവിശ്വസ്തനെതിരെ പൊലീസ് കേസ്; വിപിൻലാലിനെ സ്വാധീനിക്കാൻ പ്രദീപ് കോട്ടാത്തല ശ്രമിച്ചെന്ന് കണ്ടെത്തി പൊലീസ്; നിർണ്ണായകമായത് സിസിടിവി; സിനിമയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് അട്ടിമറിക്കേസും
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കൊല്ലം കോട്ടാത്തല സ്വദേശി എം. പ്രദീപ്കുമാറിനെ (43) പ്രതിയാക്കി പൊലീസ് കേസെടുത്തു. പത്തനാപുരം എംഎൽഎ കെ.ബി. ഗണേശ്കുമാറിന്റെ ഓഫിസ് സെക്രട്ടറിയാണു പ്രതി. നേരത്തെ ഈ ആരോപണം പ്രദീപ് കുമാർ നിഷേധിച്ചിരുന്നു.
കാസർകോട് ബേക്കൽ സ്വദേശിയായ വിപൻ ലാലിനെ മാപ്പുസാക്ഷിയെ മൊഴിമാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജനുവരി 24നും 28നും ഫോണിൽ വിളിച്ചും സെപ്റ്റംബർ 24നും 25നും സന്ദേശങ്ങൾ അയച്ചുമാണു പ്രതി ഭീഷണിപ്പെടുത്തിയത്. സ്വാധീനിക്കാനായി കാസർകോട്ടെത്തിയ പ്രദീപ്കുമാർ മാപ്പുസാക്ഷിയുടെ അടുത്തബന്ധുക്കളെ നേരിട്ടുകണ്ടതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതാണ് പ്രദീപിന് വിനയായത്. ഫോൺ വിളി രേഖകളും പൊലീസ് കണ്ടെത്തി.
വിചാരണക്കോടതിക്കെതിരെ നടിയും പ്രോസിക്യൂഷനും സമീപിച്ച സാഹചര്യത്തിൽ കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. പ്രദീപ്കുമാറിനെതിരായ കേസിന്റെ വിശദാംശങ്ങളും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതോടെ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന് വ്യക്തമാകുകയും ചെയ്യും. അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതി താനല്ലെന്ന് ഗണേശ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല നേരത്തെ പ്രതികരിച്ചിരുന്നു. ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും തനിക്കെതിരെ പൊലീസ് നടപടികൾ ഉണ്ടായതായി യാതൊരറിവുമില്ലെന്നാണ് പ്രദീപ് രണ്ട് ദിവസം മുമ്പ് മറുനാടനോട് പ്രതികരിച്ചത്.
എന്നാൽ അത് തെറ്റെന്ന് തെളിയിക്കും വിധമാണ് പൊലീസ് കേസ്. ഗണേശ് കുമാർ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. ഗണേശിന്റെ അതിവിശ്വസ്തനാണ് പ്രദീപ്. അതുകൊണ്ട് തന്നെ ഗണേശിന്റെ സിനിമാ ബന്ധങ്ങളിലേക്കും മറ്റും അന്വേഷണം പോകും. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ അടുത്ത സുഹൃത്താണ് ഗണേശ്. അതുകൊണ്ട് തന്നെ ഈ കേസ് സിനിമയിലും ചർച്ചകൾക്ക് വഴിവയ്ക്കും. ദിലീപിനെ രക്ഷിക്കാൻ വേണ്ടിയാണ് പ്രദീപ് ഇടപെടൽ നടത്തിയതെന്നാണ് പൊലീസ് നിഗമനം.
അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതി കൊല്ലം ജില്ലയിലെ എംഎൽഎയുടെ ഓഫിസ് സെക്രട്ടറിയാണന്നു പൊലീസ് കണ്ടെത്തിയെന്നായിരുന്നു നേരത്തെ മനോരമയുടെ വാർത്ത നൽകിയിരുന്നു. സോളർ കേസിൽ കോടതി മുൻപാകെ മൊഴി നൽകിയ ഇരയെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ സന്ദർശിച്ച് മൊഴിമാറ്റാൻ നിർബന്ധിച്ചെന്ന ആരോപണം നേരിട്ടയാളാണ് സെക്രട്ടറിയെന്നും മനോരമയുടെ വാർത്തയിൽ വിശദീകരിച്ചു. പ്രതിയുടെ അറസ്റ്റ് തടയാൻ എംഎൽഎ സ്വാധീനം ചെലുത്തിയതിനും തെളിവു ലഭിച്ചുവെന്നാണ് മനോരമയുടെ എക്സ്ക്ലൂസീവ് വാർത്തയിൽ രണ്ട് ദിവസം മുമ്പ് വെളിപ്പെടുത്തിയത്. ഇതിനാണ് ഇപ്പോൾ സ്ഥിരീകരണം വരുന്നത്.
സോളാർ കേസിൽ പിടിയിലായ ഇരയെ അട്ടകുളങ്ങര വനിതാ ജയിലിൽ വേഷം മാറി കാണാൻ പോയത് മുൻ മന്ത്രി ഗണേശ് കുമാറിന്റെ പിഎ ആണെന്ന ചർച്ച നേരത്തെ ഉയർന്നിരുന്നു. പ്രച്ഛന്നവേഷത്തിൽ അട്ടക്കുളങ്ങര ജയിലിലെത്തി സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായരെ കണ്ടത് ഗണേശ് കുമാർ എംഎൽഎയുടെ പി.എ പ്രദീപ് കുമാറാണെന്ന് സൂചനകളുടെ അടിസ്ഥാനത്തിൽ സോളാർ കമ്മീഷനും ഇയാളെ വിളിച്ചിരുന്നു. പേര് പറയാതെയാണ് വാർത്ത നൽകിയിരിക്കുന്നതെങ്കിലും ഈ കാര്യം കൃത്യമായി വാർത്ത പ്രതിപാദിച്ചിരിക്കുന്നതിനാൽ പ്രദീപ് തന്നെയാണ് മനോരമ വാർത്തയിൽ പറയുന്ന പ്രതിയെന്ന് ആർക്കും വ്യക്തമായിരുന്നു.
നടിയെ ഉപദ്രവിച്ച കേസിലെ മാപ്പുസാക്ഷിയായ കാസർകോട് ബേക്കൽ സ്വദേശിയെയാണു മൊഴി മാറ്റാനായി ഭീഷണിപ്പെടുത്തിയത്. 2017ൽ കേസിലെ റിമാൻഡ് പ്രതികളെ സന്ദർശിക്കാൻ വ്യാജവിലാസം നൽകി ആലുവ സബ്ജയിലിൽ പ്രദീപ് കയറിയതായി റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് 7 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ഐപിസി 195 എ (തെറ്റായ തെളിവു നൽകാൻ പ്രേരിപ്പിക്കൽ), 2 വർഷം തടവു ലഭിക്കാവുന്ന ഐപിസി 506 (ഭീഷണി) എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ പൊലീസിനു നിയമോപദേശം ലഭിച്ചെങ്കിലും എംഎൽഎ ഇടപെട്ടതോടെ നടപടികൾ നിലച്ചതായാണു സൂചനയെന്നുമാണ് മനോരമ വാർത്തയിൽ വിശദീകരിച്ചത്. അതുകൊണ്ട് തന്നെ കേസിൽ ഇനി ഗണേശ് കുമാർ നടത്തുന്ന പ്രതികരണം അതിനിർണ്ണായകമാകും.
മറുനാടന് മലയാളി ബ്യൂറോ