- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുനീക്കങ്ങൾ പഠിച്ചത് ചേച്ചിയിൽ നിന്ന്; ഏഴാം വയസിൽ ലോകചെസ് കിരീടവും ഫിഡെ മാസ്റ്റർ പദവിയും; പിന്നാലെ ഗ്രാൻഡ് മാസ്റ്റർ പദവിയിൽ; ഒടുവിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസണെയും അട്ടിമറിച്ചു; ചെസ്സിൽ വിസ്മയമായി രമേശ് ബാബു പ്രജ്ഞാനന്ദ എന്ന ഇന്ത്യൻ യുവപ്രതിഭ
മുംബൈ: എയർതിങ് മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസണെ അട്ടിമറിച്ച് വിസ്മയമായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ രമേശ്ബാബു പ്രജ്ഞാനന്ദ . 16 വയസ് മാത്രം പ്രായമുള്ള പ്രജ്ഞാനന്ദ എട്ടാം റൗണ്ടിലാണ് അദ്ഭുത വിജയം സ്വന്തമാക്കിയത്. തമിഴ്നാട് പാഡി സ്വദേശിയാണ് പ്രജ്ഞാനന്ദ. ടൂർണമെന്റിന്റെ എട്ടാം റൗണ്ടിലാണ് പ്രജ്ഞാനന്ദ അഞ്ചുതവണ ലോകചാമ്പ്യനായ നോർവീജിയൻ താരം കാൾസണെ അട്ടിമറിച്ച് ലോകശ്രദ്ധ നേടിയത്.
എയർതിങ് മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിൽ എട്ടു പോയിന്റുകളുമായി 12-ാം സ്ഥാനക്കാരനായ പ്രജ്ഞാനന്ദ വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ലോക ചാമ്പ്യനെ നേരിടാനെത്തിയത്. കറുത്ത കരുക്കളുമായി കളിച്ച താരം 39 നീക്കങ്ങൾക്കൊടുവിൽ കാൾസനെ വീഴ്ത്തി. ആദ്യ റൗണ്ടുകളിൽ ഒരു വിജയവും രണ്ട് സമനിലയും നാല് തോൽവിയുമാണ് ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ വഴങ്ങിയത്.
നിലവിൽ ടൂർണമെന്റിലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള റഷ്യയുടെ ഇയാൻ നെപോമ്നിയാച്ചിയാണ് 19 പോയന്റാണുള്ളത്. ജയത്തോടെ കാൾസനെ തോൽപ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരെന്ന ബഹുമതി തമിഴ്നാട്ടുകാരെ തേടിയെത്തി. ഇന്ത്യൻ ഇതിഹാസങ്ങളായ വിശ്വനാഥൻ ആനന്ദ്, ഹരികൃഷ്ണൻ എന്നിവരാണ് മുൻപ് കാൾസനെ വീഴ്ത്തിയത്.
കാൾസണെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും മൂന്നാമത്തെ ഇന്ത്യൻ താരവുമാണ് പ്രജ്ഞാനന്ദ. അവിചാരിതമായി ചതുരംഗക്കളത്തിലേക്ക് വന്ന താരമല്ല പ്രജ്ഞാനന്ദ. ചെന്നൈ സ്വദേശികളായ രമേശ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രജ്ഞാനന്ദ 2005 ഓഗസ്റ്റ് 10 നാണ് ജനിച്ചത്. സഹോദരി വൈശാലി രമേശ്ബാബുവാണ് പ്രജ്ഞാനന്ദയുടെ വഴികാട്ടി. ഗ്രാൻഡ്മാസ്റ്റർ പദവിയുള്ള വൈശാലിയുടെ ചതുരംഗക്കളത്തിലെ നീക്കങ്ങൾ കുട്ടിക്കാലം തൊട്ട് കണ്ടുവളർന്ന പ്രജ്ഞാനന്ദ വൈകാതെ ചതുരംഗക്കളത്തിലെ മാസ്മരിക ലോകത്തേക്ക് പ്രവേശിച്ചു.
ചേച്ചിയാണ് പ്രജ്ഞാനന്ദയെ ചെസ്സ് ലോകത്തേക്ക് കൈപിടിച്ചുനടത്തിയത്. ചേച്ചിയിൽ നിന്ന് ചെസ്സിനെക്കുറിച്ച് മനസ്സിലാക്കിയ പ്രജ്ഞാനന്ദ പിന്നീട് ആർ.ബി.രമേശിന് കീഴിൽ പരിശീലനം ആരംഭിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ അസാമാന്യമായ കഴിവ് പ്രകടിപ്പിച്ച പ്രജ്ഞാനന്ദ പരിശീലകൻ രമേശിനെ പലവട്ടം തോൽപ്പിച്ച് അത്ഭുതമായി മാറി. വൈകാതെ ദേശീയ ശ്രദ്ധയും നേടി.
ഏഴ് വയസ് മാത്രം പ്രായമുള്ളപ്പോൾ ലോകചെസ് കിരീടം നേടി പ്രജ്ഞാനന്ദ ലോകത്തെ ഞെട്ടിച്ചു. 2013-ൽ നടന്ന ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ പ്രജ്ഞാനന്ദ കിരീടം നേടി. ഇതോടെ ഏഴാം വയസ്സിൽ ഫിഡെ മാസ്റ്റർ പദവിയും താരം സ്വന്തമാക്കി.
2015-ലും ലോക ചെസ് കിരീടം നേടി ചരിത്രം കുറിച്ച പ്രജ്ഞാനന്ദ അതേവർഷം ഗ്രാൻഡ്മാസ്റ്റർ പദവിയും സ്വന്തമാക്കി. ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന അപൂർവ റെക്കോഡ് പ്രജ്ഞാനന്ദയുടെ പേരിലാണ്. ഗ്രാൻഡ്മാസ്റ്റർ പദവി നേടുമ്പോൾ വെറും 12 വയസ്സും 10 മാസവും 19 ദിവസവും മാത്രമാണ് പ്രജ്ഞാനന്ദയുടെ പ്രായം.
ഗ്രാൻഡ്മാസ്റ്ററായ ശേഷം 2017-ലാണ് പ്രജ്ഞാനന്ദ ആദ്യമായി ലോകകിരീടത്തിൽ മുത്തമിടുന്നത്. 2017 നവംബറിൽ നടന്ന ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ പ്രജ്ഞാനന്ദ കിരീടം നേടി. റാപ്പിഡ് ചെസാണ് പ്രജ്ഞാനന്ദയുടെ പ്രധാന ശക്തികേന്ദ്രം. അതിവേഗ നീക്കങ്ങളിലൂടെ എതിരാളികളെ സമർഥമായി കീഴടക്കുന്ന ഈ യുവതാരത്തിന്റെ നീക്കങ്ങളുടെ ചൂട് ഒടുവിൽ സാക്ഷാൽ കാൾസണും അറിഞ്ഞു.
2018-ൽ ഗ്രീസിൽ വെച്ച് നടന്ന ഹെറാക്ലിയോൺ ഫിഷർ മെമോറിയൽ ടൂർണമെന്റിൽ വിജയിച്ചതോടെ പ്രജ്ഞാനന്ദയെത്തേടി നിരവധി അവസരങ്ങൾ വന്നു. തന്നേക്കാൾ ഇരട്ടി പ്രായമുള്ള, വർഷങ്ങളുടെ
പരിചയസമ്പത്തുള്ള താരങ്ങളെ വരെ അട്ടിമറിച്ചുകൊണ്ട് ഈ ബാലൻ തേരോട്ടം തുടർന്നു.
ടെയ്മർ റാഡ്യാബോവ്, യാൻ ക്രൈസോഫ് ഡ്യൂഡ, സെർജി കര്യാക്കിൻ, യോഹാൻ സെബാസ്റ്റ്യൻ ക്രിസ്റ്റിയൻസെൻ തുടങ്ങിയവരെയെല്ലാം അട്ടിമറിയിലൂടെ പല ടൂർണമെന്റുകളിലായി പ്രജ്ഞാനന്ദ കീഴടക്കിയിട്ടുണ്ട്. മുൻപ് ഒരു തവണ കാൾസണെ സമനിലയിൽ തളയ്ക്കാനും താരത്തിന് സാധിച്ചു.
എന്നാൽ കാൾസണെ ഇതാദ്യമായാണ് പ്രജ്ഞാനന്ദ കീഴടക്കുന്നത്. ഈ വിജയത്തോടെ പ്രജ്ഞാനന്ദ ഏയർതിങ്സ് മാസ്റ്റേഴ്സ് ടൂർണമെന്റിലെ കിരീടപ്രതീക്ഷ സജീവമാക്കി. എട്ട് റൗണ്ട് മത്സരങ്ങൾ പൂർത്തീകരിക്കുമ്പോൾ രണ്ട് വീതം വിജയവും സമനിലയും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ആകെ 15 മത്സരങ്ങളാണ് പ്രാഥമിക ഘട്ടത്തിലുള്ളത്. അടുത്ത മത്സരത്തിൽ നോദിർബെക് അബ്ദുസത്തറോവാണ് പ്രജ്ഞാനന്ദയുടെ എതിരാളി.
സ്പോർട്സ് ഡെസ്ക്