കൊച്ചി: പ്രജേഷ് സെൻ പ്രതീക്ഷയിലാണ്..... മലയാള സിനിമയും. മലയാളത്തിലെ ആദ്യ സ്പോർട്സ് ബയോപിക് സിനിമയാണ് ക്യാപ്റ്റൻ. കേരളാ ഫുട്‌ബോളിന്റെ പ്രതിരോധ നിരയിലെ കരുത്തും ആവേശവുമായിരുന്നു 90കലിൽ വിപി സത്യൻ. ട്രെയിൻ തട്ടി മരിച്ച സത്യന്റെ ജീവിതം പ്രജേഷ് സെൻ സിനിമായാക്കുന്നു. ജയസൂര്യയാണ് നായകൻ.

പ്രാദേശിക പത്രലേഖകനിൽ നിന്ന് സിനിമാ സംവിധായകനായി മാറിയ പ്രജേഷ് സെൻ ഒരു ഫുട്ബോൾ താരത്തിന്റെ കഥ സിനിമയാക്കുന്നതിന്റെ ആവേശത്തിലാണ്. ആരും കൈപിടിച്ചുയർത്താൻ ഇല്ലാതിരുന്നിട്ടും ഇല്ലായ്മയിൽ നിന്നു തുടങ്ങി സിനിമയുടെ മാസ്മരിക ലോകത്ത് തന്റെ സാന്നിധ്യം ഉറപ്പിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഗ്രാമീണനായ ഈ ചെറുപ്പക്കാരൻ.

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒരു ചെറിയ ടേപ്പ് േെറക്കാർഡറുമായി കറങ്ങിനടന്ന് ആകാശവാണിയുടെ ശ്രദ്ധേയമായ പ്രഭാതഭേരി എന്ന പരിപാടിക്കു വേണ്ടി പ്രോഗ്രാം തയ്യാറാക്കിയ പ്രജേഷ് സെന്നിന്റെ മനസ്സിൽ എന്നും സിനിമയായിരുന്നു. 2014 അവസാനത്തോടെയാണ് പത്രസ്ഥാപനത്തിൽ നിന്നു സിനിമാലോകത്തേക്ക് ചേക്കേറുന്നത്. പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ സിദ്ദീഖിന്റെ സഹായിയായിട്ടായിരുന്നു തുടക്കം.

പ്രജേഷ് സെൻ തിരക്കഥയും സംവിധാനവും ചെയ്യുന്ന ക്യാപ്റ്റനിൽ ജയസൂര്യയും അനു സിതാരയുമാണ് നായികാ നായകന്മാർ. ഫുട്‌ബോൾ കളിക്കാരുടെ ഇഷ്ട താരമായിരുന്ന വിപി സത്യന്റെ കഥ പറയുന്ന ചിത്രത്തിന്റെ നിരവധി വൈകാരിക രംഗങ്ങൾ ഉൾകൊള്ളുന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

കേരള പൊലീസിന്റെ ജേഴ്‌സിയിൽ നിന്നും ഇന്ത്യൻ ദേശീയ ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയ ഉയർന്ന വി.പി സത്യന്റെ കഥയാണ് സിനിമ പറയുന്നത്. സിദ്ദിഖ്, രൺജി പണിക്കർ, ദീപക് പറമ്പോൽ, സൈജു കുറുപ്പ് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗുഡ്വിൽ എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ ടിഎൽ ജോർജ്ജ് ആണ് ചിത്രം നിർമ്മിക്കുന്നത്.

കിളിമാനൂർ പാപ്പാല പൂവത്തൂർ വീട്ടിൽ എൻ ഗോപി-ടി കെ ലതിക ദമ്പതിമാരുടെ മകനാണ് പ്രജേഷ് സെൻ എന്ന നാട്ടുകാരുടെ തമ്പി. പാപ്പാല ഗവ. എൽപിഎസിലും കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലുമാണ് പ്രാഥമിക വിദ്യാഭ്യാസം. ഉപരിപഠനത്തിനു ശേഷം വളരെക്കാലം കിളിമാനൂരിലെ ഒരു പാരലൽ കോളജിൽ അദ്ധ്യാപകനായിരുന്നു. പ്രാദേശിക ലേഖകനായും പിന്നീട് പത്രപ്രവർത്തകനായും പ്രവർത്തിച്ച പ്രജേഷ് സെന്നിനു 2009ൽ തെരുവത്ത് രാമൻ അവാർഡും 2013ൽ രാംനാഥ് ഗോയെങ്ക അവാർഡും അടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സഹോദരൻ ലെബിസൺ ഗോപി സിനിമാ സ്റ്റി ൽ ഫോട്ടോഗ്രാഫറാണ്.

ക്യാപ്റ്റൻ എന്ന ചിത്രത്തിൽ ഫുട്‌ബോൾ കളിക്കാരായ 75 പുതുമുഖതാരങ്ങളെയാണ് സംവിധായകൻ പരിചയപ്പെടുത്തുന്നത്. 8500 ഫുട്‌ബോൾ താരങ്ങൾ പങ്കെടുത്ത ഓഡീഷനിൽ നിന്നും തെരഞ്ഞെടുത്ത 75 പേരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. 10 കോടിയിലധികം ചെലവു വരുന്ന ചിത്രമാണ് ഇത്. ആട് 2 വിന് ശേഷം ജയസൂര്യയുടേതായി തിയേറ്ററിൽ എത്താനുള്ള ചിത്രമാണ് ക്യാപ്റ്റൻ.

 ആട് 2 വിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകളാണുള്ളത്. മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റനും രാജ്യം കണ്ട മികച്ച ഫുട്‌ബോളറുമായിരുന്നു വി.പി. സത്യൻ. ചിത്രത്തിൽ മൂന്നു ഗെറ്റപ്പുകളിലാണ് ജയസൂര്യ എത്തുന്നത്.