തിരുവനന്തപുരം: ആറ്റിങ്ങലിൽ ടാങ്കറിലേക്ക് കാർ ഇടിച്ചു കയറ്റി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദൂരൂഹത കൂടുന്നു. പ്രകാശ് ദേവരാജൻ, തന്റെ ഭാര്യ ശിവകലയും അവരുടെ വിളപ്പിൽശാല സ്വദേശിയായ സുഹൃത്തും കബളിപ്പിക്കുന്നതായി കാട്ടി രണ്ടു ദിവസം മുൻപ് വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇവർക്കെതിരെ ആത്മഹത്യാ കുറിപ്പും ഇട്ടാണ് മരണം. അതുകൊണ്ട് തന്നെ അസ്വാഭാവികതകൾ ഏറെയാണ് സംഭവത്തിൽ.

ബഹ്‌റിനിലെ ഇന്ത്യൻ എംബസിയിലും പരാതി നൽകിയിരുന്നു. വിളപ്പിൽശാല സ്വദേശി അനീഷ്, അമ്മ പ്രസന്ന, മലപ്പുറം സ്വദേശി ഉണ്ണി, മലപ്പുറം സ്വദേശി മുനീർ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. ഇവരുടെ ഫോട്ടോ സമൂഹമാധ്യമത്തിൽ ഇട്ടശേഷം ഇവരാണ് എന്റെയും മക്കളുടേയും മരണത്തിനു കാരണക്കാരെന്നു കുറിച്ചതിനുശേഷമാണ് പ്രകാശ് മകനൊപ്പം ടാങ്കറിലേക്കു വാഹനം ഓടിച്ചു കയറ്റിയത്. പരാതിക്ക് ശേഷം ആരെങ്കിലും പ്രകാശിനെ ഭീഷണി പെടുത്തിയോ എന്നതും ഉയരുന്ന ചോദ്യമാണ്. ഇതിലേക്കെല്ലാം പൊലീസ് അന്വേഷണം നീളാൻ സാധ്യത ഏറെയാണ്.

നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷമാണ് പ്രകാശിനെ വിവാഹം ചെയ്തത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമാണെന്ന് പ്രകാശ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. അതു താൻ തന്നെ അനുഭവിച്ചു തീർക്കണം. തന്നെയും മക്കളെയും മരണത്തിലേക്കു തള്ളിവിട്ട ഭാര്യ ശിവകലയ്ക്കും കാമുകൻ അനീഷിനും അയാളുടെ സുഹൃത്തുക്കൾക്കും പരമാവധി ശിക്ഷ വാങ്ങികൊടുക്കാൻ നടപടിയുണ്ടാകണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

ഭാര്യ ശിവകല ബഹ്‌റൈനിൽ ഡാൻസ് സ്‌കൂൾ നടത്താനായി ജനുവരിയിൽ പോയതായി 20ന് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. പ്രകാശും ഒപ്പമുണ്ടായിരുന്നു. പിന്നീട് 11 ദിവസത്തിനുശേഷം പ്രകാശ് നാട്ടിലേക്കു മടങ്ങി. അതിനുശേഷം അനീഷ് എന്ന യുവാവ് ബഹ്‌റൈനിൽ എത്തി പ്രശ്‌നങ്ങളുണ്ടാക്കിയതിനാൽ ഭാര്യയ്ക്കു ജോലി നഷ്ടമായി. അനീഷിന്റെ അമ്മ പ്രസന്ന താമസിക്കുന്ന വീട്ടിൽ വന്നു പല കുടുംബ പ്രശ്‌നങ്ങളും ഉണ്ടാക്കി. പ്രസന്ന ജോലി ചെയ്തിരുന്ന സ്‌കൂളിലെ ഹെൽപ്പറായിരുന്നു ഭാര്യ. അങ്ങനെയാണ് അവർ പരിചയപ്പെട്ടതെന്നു പരാതിയിൽ പറയുന്നു.

സ്‌കൂളിൽ പ്രശ്‌നം ഉണ്ടാക്കിയതിനു പ്രസന്നയെ പിരിച്ചു വിട്ടു. പ്രസന്നയാണ് മകൻ അനീഷിനു തന്റെ ഭാര്യയെ പരിചയപ്പെടുത്തുന്നത്. അനീഷ് വിവാഹമോചനത്തിന് അപേക്ഷ കൊടുത്തിരിക്കുകയാണ്. പ്രസന്നയുടേയും മകന്റെയും ചില മോശം പ്രവൃത്തികൾ കാരണം ഇരു കുടുംബങ്ങളും പിണക്കത്തിലായി. ഉണ്ണി തന്റെ ഭാര്യയുടെ സുഹൃത്താണ്. മുനീർ ഡാൻസ് സ്‌കൂളിന്റെ ഉടമസ്ഥനാണ്. സ്‌കൂൾ തുടങ്ങാൻ 5 ലക്ഷംരൂപ വേണമെന്ന് മുനീർ ആവശ്യപ്പെട്ടു. ഭാര്യയെ പ്രലോഭിപ്പിക്കാനായി 5 ലക്ഷം രൂപ അനീഷ് നൽകി.

ഭാര്യ ശിവകലയും അനീഷും തങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്തു ദമ്പതികളാണെന്ന് പലയിടങ്ങളിലും തെറ്റിദ്ധരിപ്പിക്കുന്നതായി പരാതിയിൽ പറയുന്നു. ഭാര്യ ഗൾഫിൽ പോയതുമായി ബന്ധപ്പെട്ട് 4 ലക്ഷംരൂപയുടെ ബാധ്യതയുണ്ടെന്നും പരാതിയിലുണ്ട്.