കോഴിക്കോട്:ആർ.എസ്.എസ് ലക്ഷണമൊത്ത ഫാസിസ്റ്റ് സംഘടനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള കേരളത്തിലെ സിപിഎം നേതാക്കൾ ആവർത്തിക്കുമ്പോൾ ഫാസിസത്തെപറ്റിയുള്ള തന്റെ മുൻനിലപാടിൽ ഉറച്ചുനിൽക്കയാണ് സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട്. ആർ.എസ്്.എസ് ഫാസിസ്റ്റ് സംഘടനയല്‌ളെന്നും ഇന്ത്യയിൽ ഫാസിസം പൂർണമായി എത്തിയിട്ടില്‌ളെന്നും പുതിയ ലക്കം മാധ്യമം ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ കാരാട്ട് വ്യക്തമാക്കുന്നു.

'ആർ.എസ്.എസ് ഫാസിസ്റ്റ് സംഘടനയല്ല.എന്നാൽ ഇന്ന് നമ്മുടെ രാജ്യത്തും സമൂഹത്തിലും ഫാസിസ്റ്റ് സ്വഭാവത്തിലുള്ള പ്രവർത്തനവും പ്രവണതയും നിലനിൽക്കുന്നുണ്ട്.രാജ്യത്ത് ഫാസിസത്തിന്റെ ഭീഷണിയുണ്ടാവും.പക്ഷേ അത് ഇതുവരെ യാഥാർഥ്യമായിട്ടില്ല.ഫാസിസം എത്തിക്കഴിഞ്ഞാൽ നമ്മുടെ പോരാട്ടത്തിന്റെ സ്വഭാവം മറ്റൊരു രീതിയിലേക്ക് മാറും'- പ്രകാശ് കാരാട്ട് വ്യക്തമാക്കി.

ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നതിനെ ഫാസിസം എന്നല്ല ഹിന്ദുത്വ സ്വേഛാധിപത്യം എന്നാണ് വിശേഷിപ്പിക്കേണ്ടത്.മോദി സർക്കാർ നവ ഉദാരീകരണ നയങ്ങളുമായാണ് മുന്നോട്ട്‌പോവുന്നത്.വർഗീയ അജണ്ട നടപ്പാക്കുന്നു.മൂന്നാമതതായി ഹിന്ദുത്വ സ്വേഛാധിപത്യവും.ഇന്ത്യയിൽ ഇതാണ് സംഭവിക്കാൻപോവുന്നതെന്ന സിപിഎമ്മിന്റെ മുൻ വിലയിരുത്തൽ ശരിയായയെന്നും കാരാട്ട് പറഞ്ഞു.

നേരത്തെ മോദിസർക്കാറിനെ ഫാസിസ്റ്റ് സർക്കാറായി കണക്കാക്കാൻ കഴിയില്‌ളെന്ന പ്രകാശ് കാരാട്ടിന്റെ വാദവും പാർട്ടിക്കകത്തും പുറത്തും വലിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരുന്നു.ഇന്ത്യയിൽ നടക്കുന്നത് ഹിന്ദുത്വ സ്വേഛാധിപത്യമാണ്.ഫാസിസം എന്ന രാഷ്ട്രീയ രൂപത്തിന്റെ ഭീകരതയെകുറിച്ച് ധാരണയില്ലാത്തതിനാലാണ് പലരും അങ്ങനെ പറയുന്നതെന്നും ഇന്ത്യൻ ഭരണഘടനയടക്കമുള്ളവ ഉള്ളതുകൊണ്ട് രാജ്യത്തെ ഫാസിസ്റ്റ് രാജ്യമാക്കാൻ അത്ര എളുപ്പത്തിൽ കഴിയില്‌ളെന്നും കാരാട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതേതുടർന്ന് സിപിഎമ്മിൽ നടന്ന നിരവധി ചർച്ചകൾക്ക്‌ശേഷവും തന്റെ നിലപാട് മാറിയിട്ടില്‌ളെന്ന് കാരാട്ട് ഒരിക്കൽകൂടി തെളിയിക്കുകയാണ്.എന്നാൽ പാർട്ടി ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിക്കും കേരളാ നേതാക്കൾക്കും ഇതേ അഭിപ്രായം അല്ല ഉള്ളത്.നേരത്തെ കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോവേണ്ടെന്ന നിലപാട് എടുക്കകയും അത് പാർട്ടിയൊകൊണ്ട് അംഗീകരിപ്പിക്കാനും കാരാട്ടിന് കഴിഞ്ഞിരുന്നു.ജനറൽ സെക്രട്ടറി യെച്ചൂരി അവതരിപ്പിച്ച രേഖ പാർട്ടി വോട്ടിനിട്ട് തള്ളിയതിന്റെ വിവാദങ്ങൾ അവസാനിച്ചിട്ടില്ല.