ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ കേരളത്തിൽ പാർട്ടിയിലും നേതൃത്വത്തിലും തുടരണമെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. അദ്ദേഹത്തിന് പ്രായപരിധിയിൽ ഇളവൃ നൽകുന്ന കാര്യം കേന്ദ്രകമ്മിറ്റി തീരുമാനിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ കാരാട്ട് പറഞ്ഞു.

വി എസ് ഉന്നയിച്ച ചില പ്രശ്‌നങ്ങൾ പിബി കമ്മീഷൻ പരിശോധിക്കും. എന്നാൽ പിബി കമ്മീഷൻ തീരുമാനം പാർട്ടി കോൺഗ്രസിനു മുമ്പുണ്ടാകില്ല.

പ്രതിപക്ഷ നേതാവായി അദ്ദേഹം തുടരുന്ന കാര്യം പിബി കമ്മീഷനു മുമ്പാകെയാണ്. സംസ്ഥാന സമ്മേളനത്തിൽ നിന്ന് വി എസ് ഇറങ്ങി പോയത് അത്ഭുതപ്പെടുത്തി. വി എസിനെ തിരികെ കൊണ്ടുവരാൻ താൻ ശ്രമിച്ചെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

2006ലും 2011ലും വി എസിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമ്പോൾ വിവാദം ഒിവാക്കാമായിരുന്നു. അന്ന് പാർട്ടിയിൽ അഭിപ്രായ വ്യത്യാസമുണ്ടായതിനാലാണ് പിബി ഇടപെട്ടത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രം പിന്നീടേ തീരുമാനിക്കൂ.

ടി പി വധക്കേസിൽ പാർട്ടി അന്വേഷണം എന്നത് അടഞ്ഞ അധ്യായമാണ്. ആർഎസ്‌പിയും ജനതാദളും ഇടത് ഐക്യത്തിനായി തിരികെ വരണമെന്നും കാരാട്ട് ആവശ്യപ്പെട്ടു. ലീഗ്, കേരളാ കോൺഗ്രസ് കക്ഷികളുമായി മൊത്തക്കച്ചവടത്തിനില്ല. ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ നടപടി ഉണ്ടാകും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയരുന്ന പേരുകൾ ഊഹോപോഹം മാത്രമാണ്. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാലും നേതൃത്വത്തിന്റെ ഭാഗമായി തുടരുമെന്നും കാരാട്ട് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.