ന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസം പ്രകാശ് പദുകോണിന് ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ (ബി.ഡബ്ല്യു.എഫ്) ആജീവനാന്ത പുരസ്‌കാരം. ബാഡ്മിന്റൺ മേഖലയിൽ പ്രകാശ് പദുകോൺ സമ്മാനിച്ച സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് ബി.ഡബ്ല്യു.എഫ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. 2021 ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിനിടയിൽ പ്രകാശ് പദുകോണിന് പുരസ്‌കാരം നൽകുമെന്ന് ബി.ഡബ്ല്യു.എഫ് അറിയിച്ചു.

ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷനാണ് (ബി.എ.ഐ) പ്രകാശ് പദുകോണിന്റെ പേര് ബി.ഡബ്ല്യു.എഫിന് മുമ്പാകെ നിർദേശിച്ചത്. മുൻ ലോക ഒന്നാം നമ്പർ താരമായിരുന്ന പ്രകാശ് പദുകോൺ ബാഡ്മിന്റൺ ലോകചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമാണ്.

ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷൻ അദ്ദേഹത്തിന് 2018-ൽ ആജീവനാന്ത പുരസ്‌കാരം സമ്മാനിച്ചിരുന്നു. പദുകോണിന് ഈ പുരസ്‌കാരം ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി അജയ് സിംഗാനിയ പറഞ്ഞു.

' ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ ആജീവനാന്ത പുരസ്‌കാരം നേടിയ പ്രകാശ് പദുകോണിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനിക്കുന്നു. ഇന്ത്യൻ ബാഡ്മിന്റൺ മേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വലുതാണ്. ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷന്റെ പേരിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു'- സിംഗാനിയ കൂട്ടിച്ചേർത്തു